Connect with us

Kerala

പന്ത്രണ്ട് ലക്ഷം ഉപഭോക്താക്കള്‍ ലാഭപ്രഭയില്‍ നിന്ന് പുറത്ത്‌

Published

|

Last Updated

പാലക്കാട്:വൈദ്യുതി ബോര്‍ഡ് സംഘടിപ്പിക്കുന്ന ഊര്‍ജ സംരക്ഷണ ബോധവത്കരണ പരിപാടിയായ “ലാഭപ്രഭ”യില്‍ പന്ത്രണ്ട് ലക്ഷത്തിലേറെ ഉപഭോക്താക്കള്‍ പുറത്ത്. ഇവരുടെ വീടുകളിലെ മീറ്റര്‍ കേടായതിനാലാണ് ലാഭപ്രഭയില്‍ നിന്ന് പുറത്താകുന്നത്. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കെ എസ് ഇ ബി ലാഭപ്രഭയുമായി രംഗത്തു വന്നത്. 85,32,111 ഗാര്‍ഹിക ഉപഭോക്താക്കളാണ് ഈ പദ്ധതിയുടെ പരിധിയില്‍ വരുകയുള്ളൂ. 12,21,370 ഗാര്‍ഹിക ഉപഭോക്താക്കള്‍ ഈ പദ്ധതിക്ക് പുറത്താണ്. 11,77,276 സിംഗിള്‍ ഫേസ് മീറ്ററുകളും 44,094 ത്രീ ഫേസ് മീറ്ററുകളും കേടായി കിടക്കുകയാണെന്നാണ് ബോര്‍ഡിന്റെ ഏറ്റവും പുതിയ കണക്ക്. ഇവരില്‍ നിന്ന് നേരത്തേ ഉപയോഗിച്ചിരുന്ന വൈദ്യുതിയുടെ ശരാശരി കണക്കാക്കി ഒരു നിശ്ചിത തുക വൈദ്യുതി നിരക്കായി ഈടാക്കി വരികയാണ്.

9287088808 എന്ന നമ്പറില്‍ എസ് എം എസ് മുഖേന രജിസ്റ്റര്‍ ചെയ്യുന്ന ഏതു ഗാര്‍ഹിക വൈദ്യുതി ഉപഭോക്താവിനും ലാഭപ്രഭ പദ്ധതിയില്‍ അംഗമാകാം. രജിസ്റ്റര്‍ ചെയ്താലുടന്‍ ബോര്‍ഡില്‍ നിന്ന് എസ് എം എസ് മുഖേന ശരാശരി വൈദ്യുതി ഉപയോഗം എത്രയെന്നറിയിക്കും. എന്നൊക്കെ, ഏതൊക്കെ സമയത്ത് മീറ്റര്‍ റീഡിംഗ് എടുക്കണമെന്നും അറിയിക്കും. കേടായ മീറ്റര്‍ ഉള്ള വീടുകളില്‍ ഇത് പ്രാവര്‍ത്തികമാകില്ല. അതിനാല്‍ത്തന്നെ അവര്‍ക്ക് പദ്ധതിയില്‍ പങ്കാളിയായി നേട്ടമുണ്ടാക്കാനും സാധിക്കില്ല. വീടുകളിലെ വൈദ്യുതി മീറ്റര്‍ സ്ഥാപിക്കാനുള്ള ഉത്തരവാദിത്വം കെ എസ് ഇ ബിക്കാണ്. കേടായവക്ക് പകരം മാറ്റിസ്ഥാപിക്കാനുള്ള മീറ്റര്‍ കൈവശമില്ല എന്നതാണ് ബോര്‍ഡ് നേരിടുന്ന പ്രതിസന്ധി.
ലാഭപ്രഭ പദ്ധതിയുടെ ഭാഗമായി വൈദ്യുതി ഉപയോഗം കുറക്കുന്ന ഒരു ഉപഭോക്താവ് ലാഭിക്കുന്ന വൈദ്യുതിയുടെ പകുതി തുക ബോര്‍ഡ് സമ്മാനമായി നല്‍കും. ഉപയോഗം കുറക്കുന്നതനുസരിച്ച് ആഴ്ച തോറും അമ്പതിനായിരം സി എഫ് എല്‍, ആയിരം സൗരോര്‍ജ റാന്തല്‍, എല്‍ ഇ ഡി ബള്‍ബ്, ടി ഫൈവ് ട്യൂബ്, സൗരോര്‍ജ മേശവിളക്ക്, സൗരോര്‍ജ വാട്ടര്‍ ഹീറ്റര്‍ എന്നിവ സമ്മാനമായി ലഭിക്കും. ഏറ്റവും കൂടുതല്‍ വൈദ്യുതി ലാഭിക്കുന്ന നൂറ് പേര്‍ക്ക് വീട്ടില്‍ ഒരു കിലോവാട്ടിന്റെ സൗരോര്‍ജ പ്ലാന്റ് ബംപര്‍ സമ്മാനമായി സ്ഥാപിച്ചു നല്‍കുമെന്നാണ് പറയുന്നത്.
കെ എസ് ഇ ബിയുടെ ലാഭപ്രഭക്ക് ഇതുവരെ മികച്ച പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ ഭൂരിഭാഗം ആളുകളും ഈ പദ്ധതിയില്‍ ഇനിയും ചേര്‍ന്നിട്ടില്ല. വൈദ്യുതി ഉപഭോഗം ദിവസം തോറും വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ലെന്നാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.

Latest