Connect with us

Gulf

ഫാമിലി വിസ: വാടകക്കരാര്‍ നിര്‍ബന്ധമെന്ന് ആര്‍ ഒ പിയും

Published

|

Last Updated

മസ്‌കത്ത് : രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികള്‍ക്ക് സ്വന്തം കുടുംബാംഗങ്ങള്‍ക്ക് വിസക്ക് അപേക്ഷിക്കണമെങ്കില്‍ താമസിക്കുന്ന കെട്ടിടത്തിന്റെ വാടകക്കരാര്‍ ഹാജരാക്കണമെന്നതു സംബന്ധിച്ചുള്ള ആശയക്കുഴപ്പം നീക്കി ആര്‍ ഒ പി ലഘുലേഖ. ഇന്നലെ സമാപിച്ച വിവരസാങ്കേതിക പ്രദര്‍ശനത്തിലെ ആര്‍ ഒ പി പവലിയനില്‍ വിതരണം ചെയ്ത കുടുംബ വിസ സംബന്ധിച്ചുള്ള ലഘുലേഖയിലാണ് ഇക്കാര്യം വ്യക്തമായി പറയുന്നത്.

കുടുംബാംഗങ്ങള്‍ക്ക് വിസക്കായി മലയാളികളുള്‍പെടെയുള്ള പ്രവാസികള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ കെട്ടിട വാടകക്കരാര്‍ ആവശ്യമാണെന്ന് അറിയിച്ച് ആര്‍ ഒ പി പാസ്‌പോര്‍ട്ട് ആന്‍ഡ് വിസ വിഭാഗം നിരസിച്ചിരുന്നു. കെട്ടിട വാടകക്കരാര്‍ നിര്‍ബന്ധമാക്കിയെന്ന വാര്‍ത്ത സിറാജ് നേരത്തെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പുതിയ നിയമം നടപ്പില്‍ വരുത്തിയിട്ടില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒമാന്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ഇംഗ്ലീഷ് പത്രത്തില്‍ വാര്‍ത്ത വന്നതോടെയാണ് ആശയക്കുഴപ്പം സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ വാര്‍ത്ത വന്ന ശേഷവും പ്രമുഖ സ്ഥാപനങ്ങളുടെതുള്‍പെടെ വിസ അപേക്ഷകള്‍ നിരസിക്കപ്പെടുകയും കെട്ടിട വാടകക്കരാര്‍ നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിക്കുകയുമായിരുന്നു. നിയമം നടപ്പിലാക്കുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടുവെങ്കിലും ആര്‍ ഒ പി വെബ്‌സൈറ്റ് ഉള്‍പെടെയുള്ളവയില്‍ ഔദ്യോഗികമായി ഈ വിവരം പ്രസിദ്ധപ്പെടുത്താത്തതാണ് ആശയക്കുഴപ്പത്തിനു വഴി വെച്ചത്.

അതിനിടെയാണ് പോലീസ് വിതരണം ചെയ്യുന്ന ലഘുലേഖയില്‍ ഈ വിവരം കൃത്യമായി ഉള്‍പെടുത്തിയിരിക്കുന്നത്. ജോലി ചെയ്യുന്ന വിദേശികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ വരുന്ന അവരുടെ ആശ്രിതരമായ കുടുംബാംഗങ്ങള്‍ എവിടെയാണ് താമസിക്കുന്നതെന്ന് അറിയേണ്ടതുണ്ടെന്നും സാമൂഹിക സുരക്ഷിതത്വത്തിന്റെ ഭാഗമായാണ് നിയമം നടപ്പിലാക്കുന്നതെന്ന് നേരത്തെ ആര്‍ ഒ പി പ്രതിനിധി വ്യക്തമാക്കിയിരുന്നു. കെട്ടിട വാടകക്കാരാറിനു പുറമെ ശമ്പള സര്‍ട്ടിഫിക്കറ്റ് മാന്‍പവര്‍ മന്ത്രാലയം സാക്ഷ്യപ്പെടുത്തണമെന്ന നിയമവും കര്‍ശനമാക്കിയിട്ടുണ്ട്. മാനേജര്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കു മാത്രമാണ് ഇതില്‍ ഇളവ്.

എന്നാല്‍ ഇവര്‍ക്കും കെട്ടിട വാടകക്കരാര്‍ നിര്‍ബന്ധമാണ്. നിബന്ധനകള്‍ നിലവില്‍ വന്നിട്ടുണ്ടെന്നും വൈകാതെ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും ഒമാനിലെ പ്രമുഖ ഹ്യൂമസന്‍ റിസോഴ്‌സ് ഏജന്‍സി പ്രതിനിധി പറഞ്ഞു