Connect with us

Gulf

മസ്‌കത്തിലെ പ്രധാന സ്റ്റേഷന്‍ രാജ്യാന്തര എയര്‍പോര്‍ട്ടിനു സമീപം

Published

|

Last Updated

മസ്‌കത്ത്: ദേശീയ റെയില്‍ പാതയിലെ തലസ്ഥാന നഗരിയിലെ പ്രധാന യാത്രാ സ്റ്റേഷന്‍ മസ്‌കത്ത് വിമാനത്തിവാളത്തിനു സമീപമായിരിക്കും നിര്‍മിക്കുക. മസ്‌കത്ത് സെന്‍ട്രല്‍ സ്റ്റേഷന്‍ എന്നറിയപ്പെടുന്ന സ്റ്റേഷന്‍ വിമാന യാത്രക്കാര്‍ക്കു കൂടി ഉപയോഗിക്കാന്‍ കഴിയും വിധമാണ് സജ്ജമാക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും റെയില്‍ മാര്‍ഗം എത്തുന്ന യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ എയര്‍പോര്‍ട്ടിലെത്താന്‍ ഇതു വഴി കഴിയും. നവീകരണം നടക്കുന്ന എയര്‍പോര്‍ട്ട് ടെര്‍മിനല്‍ രാജ്യത്തെ സംയോജിത യാത്രാ ടെര്‍മിനല്‍കൂടി ആയി മാറ്റുക എന്ന ലക്ഷ്യവും സ്റ്റേഷന്‍ എയര്‍പോര്‍ട്ടിനടുത്തേക്കു മാറ്റുന്നതിലുണ്ട്. എയര്‍പോര്‍ട്ട് മേഖലയിലെ രാജ്യത്തെ പ്രധാന വ്യവസസായ, വാണിജ്യ നഗരമാക്കി മാറ്റുന്നതിനും സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നു. 2017ല്‍ തുറക്കാന്‍ ഉദ്ദേശിച്ച് നിര്‍മാണം നടന്നു വരുന്ന ഒമാന്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററും എയര്‍പോര്‍ട്ടിനു സമീപത്താണ്.
റെയില്‍ പദ്ധതിയുടെ രൂപകല്‍പന തയാറാക്കുന്ന കമ്പനികള്‍ക്ക് ഇതു സംബന്ധിച്ചുള്ള നിര്‍ദേശം ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് കമ്യൂണിക്കേഷന്‍ മന്ത്രാലയം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ പ്രധാന വാണിജ്യ, വ്യവസായ മേഖലകളെയെല്ലാം ബന്ധിപ്പിച്ചു കൊണ്ടാണ് റെയില്‍ പാത കടന്നു പോവുക. തുറമുഖ നഗരങ്ങളായ സൊഹാര്‍, ദുകം, സലാല നഗരങ്ങളെ റെയില്‍ മാര്‍ഗം ബന്ധിപ്പിക്കും. റെയില്‍ പാതയുടെ രൂപകല്‍പന തയാറാക്കുന്നതിനുള്ള ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് 30ലധികം രാജ്യാന്തര കമ്പനികള്‍ സന്നദ്ധരായി രംഗത്തുണ്ട്. അടുത്ത മാസം ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
റെയില്‍വേ സ്റ്റേഷനുകള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ സംബന്ധിച്ച് പഠനം നടന്നു വരികയാണ്. റെയില്‍ പാതയില്‍ എവിടെയൊക്കെ സ്റ്റേഷന്‍ ആവശ്യമാണെന്നതു സംബന്ധിച്ചും പഠനം വേണ്ടതുണ്ട്. എയര്‍പോര്‍ട്ടിന്റെ 20 കിലോമീറ്റര്‍ പരിധിയില്‍ റെയില്‍വേ സ്റ്റേഷന്‍ വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദേശീയ റെയില്‍വേയുടെ ആസ്ഥാനവും സെന്‍ട്രല്‍ സ്റ്റേഷനോടു ചേര്‍ന്നായിരിക്കും. അതു കൊണ്ടു തന്നെ വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് കണ്ടെത്താന്‍ ശ്രമിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. യു എ ഇ അതിര്‍ത്തിയില്‍നിന്നും സൊഹാറിലേക്കും അവിടെ നിന്നും മസ്‌കത്തിലേക്കുമാണ് രണ്ടു ഘട്ടങ്ങളിലായി റെയില്‍ പാത നിര്‍മാണം പൂര്‍ത്തിയാക്കുക. തുടര്‍ന്ന് ദുകം, സലാല പാതയുടെ നിര്‍മാണവും നടക്കും.
യാത്രാ ആവശ്യത്തിനു പുറമെ ചരക്കു ഗാതഗത മേഖലയിലും റെയില്‍ പദ്ധതി രാജ്യത്തു വലിയ മാറ്റത്തിനു വഴിയൊരുക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാണജ്യ, വ്യവസായ രംഗത്തും കാതലായ മാറ്റവും വികാസവും സംഭവിക്കും. ദേശീയ റെയില്‍പാത ജി സി സി റെയിലുമായി ബന്ധിപ്പിക്കുന്നതോടെ രാജ്യാന്തര തലത്തില്‍ തന്നെ വിലയ വാതിലാണ് തുറക്കപ്പെടുകയെന്നും ദേശീയ റെയില്‍വേ അധികൃതര്‍ പറയുന്നു.

---- facebook comment plugin here -----

Latest