Connect with us

Gulf

പച്ചക്കറി ഉത്പാദനത്തിന് സലാല അനുയോജ്യം

Published

|

Last Updated

സലാല : രാജ്യത്ത് പഴം പച്ചക്കറി കൃഷിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം സലാലയെന്ന് പഠനം. സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സലാലയിലെ അനുകൂല ഘടകങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്ന പക്ഷം കൃഷി മേഖലയില്‍ വലിയ തോതിലുളള ഉത്പാദനം സാധ്യമാകുമെന്നും പഠനം വ്യക്തമാക്കുന്നു.
സലാലയിലെ പ്രത്യകമായ കാലാവസ്ഥ പഴം പച്ചക്കറി കൃഷിക്ക് ഏറ്റവും അനുകൂലമെന്ന് പഠനം നടത്തിയ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. മറ്റു റീജിയനുകളുമായി സലാലയിലെ സവിശേഷമായ കാലാവസ്ഥയെ താരതമ്യം ചെയ്തു കോണ്ടാണ് പഠനം നടത്തിയത്.  ദോഫാറില്‍ ഇന്ത്യന്‍ സമുദ്രത്തില്‍ നിന്നുളള കാലവര്‍ഷക്കാറ്റിനെ തുടര്‍ന്ന് ശക്തിയായ കോടമഞ്ഞോടു കൂടിയ തണുത്ത കാലാവസ്ഥയില്‍ മഴ വര്‍ഷമുണ്ടാകാറുണ്ട്. ജൂണ്‍ അവസാനം മുതല്‍ സെപ്തംബര്‍ വരെ ഇത് നീണ്ടു നില്‍ക്കും. ഈ അനുകൂല ഘടകങ്ങള്‍ രാജ്യത്ത് പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ പറ്റിയ പ്രദേശമായി സലാലയെ മാറ്റുന്നുവെന്നാണ് കണ്ടെത്തല്‍.
22 മുതല്‍ 28 സെല്‍ഷ്യസ് വരെയാണ് സലാലയിലെ ശരാശരി താപനില. ഇത് സവാള, വെളുത്തുളളി, ബത്തക്ക, വാഴ, കക്കരി, പച്ചമുളക് എന്നിവ സലാലയില്‍ സമൃദ്ധമായി വളരാന്‍ വഴിയൊരുക്കുന്നുവെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ  ക്രോപ് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അസോസിയേറ്റ് പ്രഫസര്‍ ഡോ. മുംതസ് ഖാന്‍ പറഞ്ഞു. മറ്റു വിളകളായ ഉരുളന്‍ കിഴങ്ങ്, കാബേജ്, ക്യാരറ്റ് , കോളിഫഌവര്‍, ചീര എന്നിവയും സലാലയില്‍ വളരുന്നുണ്ട്. ഇവക്ക് സലാലയിലെ താപനിലയേക്കാള്‍ നാലു ഡിഗ്രി താഴെയാണ് അന്തരീക്ഷ ഊ്ഷ്മാവ് വേണ്ടതെങ്കിലും സലാലയില്‍ ഇവ സമൃദ്ധമായി വളരുന്നുവെന്ന് നച്യുറല്‍ റിസോഴ്‌സ് എകണോമിക് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സാഫി ബാഗ പറഞ്ഞു.
സലാലയുടെ മണ്ണിന്റെ പ്രത്യേകതകളെക്കുറിച്ചും ഗവേഷകര്‍ പഠനം നടത്തി. മണ്ണിന്റെയും ജല ലഭ്യതയുടെയും പ്രത്യകതകളും സവിശേഷമായ കാലാവസ്ഥയുടെ ആനുകൂല്യവും ഫലപ്രദമായി വിനിയോഗിച്ചാല്‍ നിലവിലെ ഉത്പാദനത്തേക്കാള്‍ പല മടങ്ങ് ഉത്പാദനം കൃഷി മേഖലയില്‍ സാധ്യമാകുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
കാലിത്തീറ്റക്കുളള പുല്ല് ഉത്പാദിപ്പിക്കുന്നതിന് ഭൂമി വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടത്തി. കാര്യക്ഷമത കുറഞ്ഞ ജല സേചനാ മാര്‍ഗങ്ങളാണ് കൃഷിക്ക് അവലംബിക്കുന്നത്. രാജ്യത്ത് 2.2 ദശലക്ഷം ഹെക്ടര്‍ ഭൂമി കൃഷിക്ക് അനുയോജ്യമാണ്. ആകെ ഭൂ വിസ്തൃതിയുടെ ഏഴു ശതമാനം വരുമിത്. എന്നാല്‍ 62000 ഹെക്ടര്‍ സ്ഥലത്താണ് രാജ്യത്ത് കൃഷി ചെയ്യുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.2000 മുതല്‍ 2007 വരെയുളള കാലയളവില്‍ 2.2 ദശലക്ഷം ടണ്‍ പഴങ്ങളും പച്ചക്കറികളും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയുണ്ടായി. 1.15 ബില്യന്‍ ഡോളറാണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്.
2005 മുതല്‍ 2007 വരെ 486,872 മെട്രിക് ടണ്‍ പഴം പച്ചക്കറി വിളകളാണ് രാജ്യത്ത് ഉത്പാദിപ്പിച്ചത്. ഈ കാലയളവില്‍ 26,206 മെട്രിക് ടണ്‍ ധാന്യ വിളകളും രാജ്യത്ത് ഉത്പാദിപ്പിച്ചു. അതേ സമയം 148,348 മെട്രിക് ടണ്‍ ധാന്യ വിളകള്‍ രാജ്യത്ത് ഇറക്കുമതി ചെയ്തു. പഴങ്ങളും പച്ചക്കറികളുടെയും ഉത്പാദനം വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

Latest