Connect with us

Gulf

ഒമാന്‍ എയര്‍ ബജറ്റ് വിമാനം ആശ്വാസമാകുക പ്രവാസി മലയാളികള്‍ക്ക്

Published

|

Last Updated

മസ്‌കത്ത്: ഒമാന്‍ എയര്‍ ബജറ്റ് വിമാനം യാഥാര്‍ഥ്യമായാല്‍ രാജ്യത്തു  കഴിയുന്ന കേരളീയര്‍ക്ക് ഗുണകരമാകും. കേരളത്തിലേക്കു കൂടുതല്‍ സീറ്റുകള്‍ ലഭ്യമാകുന്നതിനൊപ്പം ഇപ്പോള്‍ താരതമ്യേന കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ നല്‍കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി നേരിട്ടു മത്സരം വരുന്നത് അമിതമായ നിരക്കു വര്‍ധന ഒഴിവാക്കുന്നതിനും ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൂടുതല്‍ തൊഴിലാളികളെ അയക്കുന്ന ഇന്ത്യയുള്‍പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കും ജി സി സി രാജ്യങ്ങള്‍ക്കിടയിലും ബജറ്റ് സര്‍വീസ് വിജയകരായി നടത്തുന്ന യു എ ഇയുടെ എയര്‍ അറേബ്യ, ഫ്‌ളൈ ദുബൈ, സഊദിയുടെ നാസ് എയര്‍, കുവൈത്തിന്റെ ജസീറ എയര്‍ വെയ്‌സ് തുടങ്ങിയ  വിമാന കമ്പനികളെ മാതൃകയാക്കിയാണ് ഒമാനും ബജറ്റ് എയര്‍ലൈന്‍ രംഗത്തേക്കു വരുന്നത്. കുറഞ്ഞ യാത്രാ ദൈര്‍ഘ്യമുള്ള നഗരങ്ങളിലേക്ക് ബിസിനസ് യാത്രക്കാരുള്‍പെടെ ചെലവു കുറഞ്ഞ ബജറ്റ് വിമാനങ്ങളെ ആശ്രയിക്കുന്നതു വര്‍ധിച്ചിട്ടുണ്ട്. മസ്‌കത്തില്‍ നിന്നും സര്‍വീസ് നടത്തുന്ന യു എ ഇയുടെ എയര്‍ അറേബ്യയിലും ഫ്‌ളൈ ദുബൈയിലും യാത്രക്കാര്‍ കൂടുതല്‍ സഞ്ചരിക്കുന്നതും ഒമാന്‍ എയറിനു പ്രേരണയായിട്ടുണ്ട്.
കേരളത്തിലെ മൂന്ന് എയര്‍പോര്‍ട്ടിലേക്കുമുള്ള യാത്രക്ക് കുറഞ്ഞ ടിക്കറ്റ് പരിഗണിക്കുന്നവര്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കഴിഞ്ഞാല്‍ എയര്‍ അറേബ്യയാണ് ഉപയോഗിക്കുന്നത്. നേരിട്ടുള്ള സര്‍വീസല്ലാത്തതിനാല്‍ ഷാര്‍ജയില്‍ ഏതാനും മണിക്കൂറുകള്‍ തങ്ങേണ്ടി വരുന്നതു കണക്കിലെടുത്തു മാത്രം പലരും പിന്തിരിയുന്നു. എന്നാല്‍ ബജറ്റിതര വിമാനങ്ങളില്‍ ഉയര്‍ന്ന നിരക്കാണ് നല്‍കേണ്ടി വരുന്നത്. നേരത്തെ കൊമേഴ്‌സ്യല്‍ വിമാനങ്ങളില്‍ കൂടുതല്‍ ലഗേജ് കൊണ്ടു പോകാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ വിമാനങ്ങളിലും ലഗേജ് പരിധി 30 കിലോ ആയി നിശ്ചയിച്ചതിലൂടെ കൂടുതല്‍ പേര്‍ ബജറ്റ് വിമാനങ്ങളിലേക്കു തിരിയുന്നുണ്ട്.
സാധ്യതാ പഠനം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം അവസാനത്തോടെ തന്നെ സര്‍വീസ് ആരംഭിക്കുന്നതിനാണ് ഒമാന്‍ എയര്‍ ലക്ഷ്യമിടുന്നത്. പദ്ധതി സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. ബജറ്റ് വിമാനത്തിന് കേരളത്തിലെ എയര്‍പോര്‍ട്ടുകളിലേക്ക് സര്‍വീസ് അനുമതി കിട്ടിയാല്‍ അതിന്റെ സമ്പൂര്‍ണ പ്രയോജനം മലയാളികള്‍ക്കായിരിക്കും. ദുബൈയുടെ ഫ്‌ളൈ ദുബൈ സര്‍വീസ് ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെ കേരളത്തിലേക്ക് സര്‍വീസ് അനുമതി നല്‍കിയിട്ടില്ല. ഇത് ഒമാന്‍ എയര്‍ ബജറ്റ് വിമാനത്തിന്റെ കേരള സാധ്യതകള്‍ക്കും മങ്ങലേല്‍പിക്കുന്നു.
കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച എയര്‍ കേരള ഇനിയും യാഥാര്‍ഥ്യമാകാത്ത സാഹചര്യത്തില്‍ കേരള സെക്ടറില്‍ ബജറ്റ് വിമാനങ്ങള്‍ക്ക് കൂടുതല്‍ സാധ്യതകളുണ്ടെന്നാണ് വിലയിരുത്തല്‍. എയര്‍ കേരള തുടങ്ങുന്നതിനോട് എതിര്‍പ്പില്ലെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കേരള സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും ഗൗരവമായി പദ്ധതിക്കു വേണ്ടി പരിശ്രമം നടത്തിയിട്ടില്ല.

---- facebook comment plugin here -----

Latest