Connect with us

Business

ആഗോള റബ്ബര്‍ വിപണി സമ്മര്‍ദത്തില്‍; സ്വര്‍ണ വില കുറയുന്നു

Published

|

Last Updated

കൊച്ചി: ആഗോള റബ്ബര്‍ മാര്‍ക്കറ്റിലെ തളര്‍ച്ച മുന്‍ നിര്‍ത്തി ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ റബര്‍ വില ഉയര്‍ത്താന്‍ കൂട്ടാക്കിയില്ല. മലബാര്‍ കുരുമുളക് വിദേശ ഓര്‍ഡറിനായി ഉറ്റുനോക്കുന്നു. ഈസ്റ്റര്‍ ഡിമാന്‍ഡ് വെളിച്ചെണ്ണയെ ചുവട് പിടിപ്പിച്ചു. സ്വര്‍ണ വില താഴുന്നു.
രാജ്യത്തെ പ്രമുഖ ടയര്‍ നിര്‍മ്മാതാക്കള്‍ പിന്നിട്ട ഒരു മാസക്കാലം റബ്ബര്‍ വില രണ്ടു മുതല്‍ അഞ്ചു ശതമാനം വരെ ഇടിച്ചു. മുഖ്യ റബ്ബര്‍ ഉപഭോക്തൃ രാജ്യമായ ചൈനയില്‍ റബ്ബറിനു ഡിമാന്‍ഡ് മങ്ങിയത് ടോക്കോം എക്‌സ്‌ചേഞ്ചില്‍ സമ്മര്‍ദം ഉളവാക്കി. ചൈനയിലെ പ്രമുഖ ഗോഡൗണുകളില്‍ റബ്ബറിന്റെ സ്‌റ്റോക്ക് നില വര്‍ധിച്ചതോടെ ടോക്കോം അവധി വ്യാപാര കേന്ദ്രത്തില്‍ റബ്ബര്‍ ശക്തമായ സമ്മര്‍ദത്തിലേക്ക് നീങ്ങുന്ന അവസ്ഥയിലാണ്. വരള്‍ച്ച തുടരുന്നതിനാല്‍ കേരളത്തില്‍ ടാപ്പിംഗ് നിലച്ചിരിക്കയാണ്. ഉത്പാദന മേഖലകളില്‍ ശക്തമായ മഴ ലഭിച്ചാല്‍ മാത്രമേ റബ്ബര്‍ ടാപ്പിംഗ് പുനരാരംഭിക്കാനാകുകയുള്ളു. അതുകൊണ്ട് തന്നെ സ്‌റ്റോക്കിസ്റ്റുകള്‍ കുറഞ്ഞ അളവില്‍ മാത്രമേ ചരക്കിറക്കുന്നുള്ളു. അതേ സമയം, ടയര്‍ കമ്പനിക്കാര്‍ വില ഉയര്‍ത്തി ചരക്കെടുക്കാന്‍ മടിക്കുകയാണ്. കൊച്ചിയില്‍ നാലാം ഗ്രേഡ് റബ്ബര്‍ 16,800 രൂപയിലും അഞ്ചാം ഗ്രേഡ് 16,500 രൂപയിലും വ്യാപാരം നടന്നു.
കുരുമുളക് കയറ്റുമതിക്കാര്‍ യുറോപ്യന്‍ ഓര്‍ഡറുകള്‍ക്കായി കാത്തിരിക്കയാണ്. യൂറോപ്യന്‍ ബയ്യര്‍മാര്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ കഴിഞ്ഞു വിപണിയില്‍ തിരിച്ച് എത്തുന്നതോടെ കുരുമുളകിനു കൂടുതല്‍ ഓര്‍ഡറുകള്‍ക്ക് ഇടയുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ബ്രസീലും വിയറ്റ്‌നാമും വില്‍പ്പനക്കാരായുണ്ട്. ഇന്ത്യന്‍ നിരക്ക് ടണ്ണിന് 7000 ഡോളറാണ്. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 36300 രൂപയിലും അണ്‍ ഗാര്‍ബിള്‍ഡ് 34800 രൂപലും വിപണനം നടന്നു.
ഈസ്റ്റര്‍ ഡിമാന്‍ഡില്‍ ചെറിയ മുന്നേറ്റം നടത്തിയ വെളിച്ചെണ്ണ വിപണി വിഷു വരെ ഉണര്‍വ് നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ഓയില്‍ മില്ലുകാര്‍. വടക്കന്‍ ജില്ലകളില്‍ നിന്നുള്ള പുതിയ തേങ്ങയും കൊപ്രയും മുഖ്യ വിപണികളിലേയ്ക്ക് ഉയര്‍ന്ന അളവില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അതിനനുസരിച്ച് ഉത്തരേന്ത്യയില്‍ നിന്നു ഡിമാന്‍ഡില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. കൊപ്ര സംഭരണം കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നില്ലെന്ന അവസ്ഥ തുടരുകയാണ്. വന്‍കിട കമ്പനികള്‍ രംഗത്ത് സജീവമായാല്‍ മാത്രമേ വെളിച്ചെണ്ണ വിപണി ചുടുപിടിക്കു. വെളിച്ചെണ്ണ 6300 രൂപയിലും കൊപ്ര 4400 രൂപയിലുമാണ്. മഞ്ഞള്‍ വിലയില്‍ മാറ്റമില്ല. കയറ്റുമതിക്കാരും ആഭ്യന്തര വ്യവസായികളും ചരക്കെടുത്തു. നാടന്‍ മഞ്ഞള്‍ വില 9500 രൂപ. പുതിയ ചരക്ക് ശേഖരിക്കാന്‍ വാങ്ങലുകാര്‍ ഉത്സാഹിക്കുന്നുങ്കെിലും വില ഉയര്‍ത്താന്‍ തയ്യാറല്ല. തമിഴ്‌നാട്ടില്‍ നിന്നുള്ള ഈറോഡ്-അഗ്മാര്‍ക്ക് മഞ്ഞള്‍ 7700-8300 രൂപയില്‍ വ്യാപാരം നടന്നു.
കേരളത്തില്‍ സ്വര്‍ണ വില താഴ്ന്നു. ആഭരണ വിപണികളില്‍ പവന്‍ 22,400 രൂപയില്‍ നിന്ന് 22,240 രൂപയായി. ലണ്ടനില്‍ സ്വര്‍ണ വില ഔണ്‍സിനു 1597 ഡോളറാണ്.

 

Latest