Connect with us

Kerala

പി എ സി എല്‍ മണി ചെയിന്‍ തട്ടിപ്പ്; എജന്റുമാരുടെ സംഘത്തലവന്‍ അറസ്റ്റില്‍

Published

|

Last Updated

കൊല്ലം:പി എ സി എല്‍ ലിമിറ്റഡിന്റെ പേരില്‍ ഇപ്പോഴും പണപ്പിരിവ് നടത്തിക്കൊണ്ടിരിക്കുന്ന ഏജന്റുമാരുടെ തലവനെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തഴുത്തല വില്ലേജില്‍ പേരയം ചേരിയില്‍ ശ്രീഭുതനാഥ ക്ഷേത്രത്തിന് സമീപം വിളയില്‍ വീട്ടില്‍ നിന്ന് മലനട പോരുവഴി വില്ലേജില്‍ ഇടക്കാട്ട് ചേരി താഴത്ത് ജംഗ്ഷന് സമീപം താമസിക്കുന്ന സിന്ധു വിഹാറില്‍ ത്യാഗരാജ(49) നെയാണ് അറസ്റ്റ് ചെയ്തത്. ഈ കമ്പനിയുടെ സീനിയര്‍ എസ്റ്റേറ്റ് എക്‌സിക്യുട്ടീവ് കണ്‍സള്‍ട്ടന്റായ ഇയാളുടെ കീഴില്‍ 1,000 ഓളം ഏജന്റുമാര്‍ ഏകദേശം 50 ലക്ഷത്തോളം രൂപ കമ്മീഷനായി ഈ കമ്പനിയില്‍ നിന്ന് പറ്റിയിട്ടുണ്ടെന്നും ഇയാള്‍ സമ്മതിച്ചു. മലനട, പോരുവഴി, കടമ്പനാട്, പന്തളം, അടുര്‍ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇയാള്‍. കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയുള്ള ആളുകളുടെ ഏകദേശം 2,000 ത്തോളം പരാതികള്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്. എല്ലാ ദിവസവും ധാരാളം പേര്‍ പരാതിയുമായി പോലീസ് സ്റ്റേഷനുകളില്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്.

പി എ സി എല്‍ ലിമിറ്റഡിന്റെ കടപ്പാക്കട ബ്രാഞ്ച് പൂട്ടിയതിന് ശേഷവും സാധാരണക്കാരയ ഉപഭോക്താക്കളെ സമീപിച്ച് വന്‍തോതില്‍ പണപ്പിരിവ് നടത്തി തമിഴ്‌നാട് നാഗര്‍കോവില്‍ ബ്രാഞ്ചില്‍ നിക്ഷേപിച്ച് വന്‍തുക കമ്മീഷന്‍ പല ഏജന്റുമാരും വാങ്ങുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ത്യാഗരാജനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഏജന്റുമാരെക്കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബെഹ്‌റ, അസി. കമ്മീഷണര്‍ റെജി ജേക്കബ് കൊല്ലം ഈസ്റ്റ് സി ഐ. വി സുഗതന്‍, ഈസ്റ്റ് എസ് ഐ. ജി ഗോപകുമാര്‍, അഡീഷണല്‍ എസ് ഐമാരായ സയാനി, സി സുരേഷ്‌കുമാര്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചുവരുന്നത്. അറസ്റ്റിലായ ത്യാഗരാജനെ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Latest