Connect with us

Ongoing News

സഊദി തീരുമാനം തിരുത്തിക്കാന്‍ എന്തെളുപ്പം !

Published

|

Last Updated

മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത കൊടുമുടി സ്വദേശിയാണ് താഴത്തേതില്‍ അലവി. പക്ഷേ, ഈ പേര് വിളിച്ചാല്‍ അലവിയെ ഇന്ന് ആരുമറിയില്ല. സദ്ദാം എന്ന പേരിലാണ് അലവി ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ അറിയപ്പെടുന്നത്. അലവിക്ക് സദ്ദാമെന്ന വിളിപ്പേര് വീണു കിട്ടിയതിന് പിന്നിലൊരു ചരിത്രമുണ്ട്. സഊൗദിയിലായിരുന്ന അലവിക്ക് മരുഭൂമിയില്‍ ആടിനെ മേയ്ക്കലായിരുന്നു തൊഴില്‍. ചുട്ടുപഴുത്ത മണല്‍ക്കാട്ടില്‍ വിയര്‍പ്പൊഴുക്കി നേടുന്നതായിരുന്നു അലവിയുടെ കുടുംബത്തിന്റെ അന്നവും ആശ്രയവും. 1990 ജനുവരി 16ന് ആദ്യമായി ഇറാഖ് കുവൈത്തിനെ ആക്രമിക്കുമ്പോള്‍ സഊദിയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ ഇരട്ട ഭീതിയിലായിരുന്നു. യുദ്ധവും തൊഴില്‍നഷടവും. ഇറാഖ് സഊദിയെ ആക്രമിക്കുമെന്ന ആശങ്കയും ഒപ്പം പുതിയ തൊഴില്‍ നിയമത്തിന്റെയും പരിശോധനയുടെയും പേരില്‍ ജോലി നഷ്ടമാകുമെന്ന പേടിയും. സഊദി അമേരിക്കയുടെ സഹായം തേടിയതോടെ യുദ്ധത്തിന്റെ കാര്‍മേഘം ഒഴിഞ്ഞു മാറി. പക്ഷേ, പ്രതീക്ഷിച്ചത് സംഭവിച്ചു. തൊഴില്‍ നിയമത്തിന്റെ ഇരകളായി പതിനായിരക്കണക്കിന് മലയാളികള്‍ക്ക് തിരിച്ചുകയറേണ്ടി വന്നു. പ്രതീക്ഷകള്‍ മണലാരണ്യത്തില്‍ ഉപേക്ഷിച്ച് അന്ന് ആ കുട്ടത്തില്‍ അലവിയും നാട്ടില്‍ തിരിച്ചെത്തി.
തൊഴില്‍ നീതിയും നിയമങ്ങളും കടന്നു ചെല്ലാത്ത മണല്‍ക്കാട്ടില്‍ വര്‍ഷങ്ങളോളം ഉഷ്ണക്കാറ്റേറ്റ് മരവിച്ച അലവിക്ക് സഊദി ശത്രുരാജ്യമായി. കുവൈത്തിനെ നേരിടുന്ന ഇറാഖിന്റെ അധപന്‍ സദ്ദാം ഹുസൈന്‍, അലവിയുടെ മനസ്സിലെ വീരപുരുഷനുമായി. പിന്നെ കണ്ണില്‍ കണ്ടവരോടൊക്കെ സദ്ദാമിന്റെ വീരകഥകള്‍ പാടി നടന്നു അലവി. ഒപ്പം നാട്ടിലേക്ക് തന്നെ തിരിച്ചയച്ച സൗദിയെ സദ്ദാം ആക്രമിക്കണമെന്ന തന്റെ ആഗ്രഹവും നാലാള്‍ കൂടുന്നിടത്തൊക്കെ പ്രകടിപ്പിച്ചു. വായ തുറന്നാല്‍ സദ്ദാമിനെ കുറിച്ച് മാത്രം പറഞ്ഞിരുന്ന അലവി അങ്ങനെ നാട്ടുകാര്‍ക് സദ്ദാമായി. അന്ന് നാട്ടിലെത്തിയ അലവി ഇന്നും തൊഴില്‍രഹിതനാണ്. ഇതൊരു ചെല്ലപ്പേര് വീണുകിട്ടിയ കഥ മാത്രമല്ല. 1990 കളിലെ സഊദി സ്വദേശിവത്കരണം മൂലം എല്ലാം നഷ്ടപ്പെട്ട മലയാളികളുടെ ഒരു പ്രതീകം കൂടിയാണ് അലവി. വീണ്ടും അത്തരം അലവിമാര്‍ സൃഷ്ട്ടിക്കപ്പെടുമോ എന്ന് ആധിയിലാണ് മലപ്പുറത്തുകാര്‍.
വര്‍ഷങ്ങള്‍ക്കിപ്പുറം കടലിനക്കരെയുള്ള ആശങ്കയുടെ കാര്‍മേഘം ഇവിടെയും മൂടിക്കെട്ടിയിരിക്കുന്നു. അത് എപ്പോഴും അങ്ങനെയാണ്. ഗള്‍ഫിന്റെ സന്തോഷവും സങ്കടവും ഇവിടെയും പ്രതിഫലിക്കും. മലബാറിന്, പ്രത്യേകിച്ച് മലപ്പുറത്തിന്റെ കാറ്റിന് പോലും ഒരു ഗള്‍ഫിന്റെ മണമുണ്ട്. ഗള്‍ഫില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ മലപ്പുറത്തുകാരന്റെ മുഖത്ത് നോക്കി പറയാന്‍ കഴിയും.
തിരൂരങ്ങാടി പാണ്ടികശാല വലിയോറയിലുണ്ടൊരു കോഴിക്കട. പേര് “നിതാഖാത്ത് ചിക്കന്‍ സ്റ്റാള്‍”. അയല്‍വാസികളും കൂട്ടുകാരുമായ ഇളമ്പുളാശേരി ഫൈസലും പാറക്കല്‍ മുസ്താഖും കൂടി തുടങ്ങിയതാണ്. ഇരുവരും സഊദിയിലായിരുന്നു. ഫൈസല്‍ പച്ചക്കറി മാര്‍ക്കറ്റിലെ സെയില്‍സ്മാനും മുസ്താഖ് ഹാര്‍ഡ്‌വെയര്‍ കടയില്‍ ഡ്രൈവറും. സഊദിയിലെ തൊഴില്‍ നിയമങ്ങളില്‍ ചുവപ്പ് കുത്തി നാട്ടിലെത്തിയതാണ് രണ്ട് പേരും. സ്വന്തമായി എന്തു തുടങ്ങാമെന്ന ആലോചനക്കൊടുവിലാണ് കോഴിക്കടയെന്ന തീരുമാനമെടുത്തത്. എന്നാല്‍ കോഴിക്കടയുടെ പേരിന് ആലോചന വേണ്ടി വന്നില്ല. അങ്ങനെയാണ് ഈ അങ്ങാടിയില്‍ നിതാഖാത്തെന്ന കോഴിക്കട വന്നത്. അറബിനാടിന്റെ ചലനങ്ങള്‍ പോലും മലപ്പുറത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത്.
തങ്ങളുടെ ജീവിതത്തില്‍ സൗഭാഗ്യം കൊണ്ടു വന്ന സഊദിയുടെ പേരില്‍ ഇവിടെ ഹോട്ടലുകളും മറ്റു സ്ഥാപനങ്ങളുമുണ്ട്. സ്വന്തമായി ബസ് വാങ്ങിയ ഗള്‍ഫുകാരനും പേരിട്ടത് അത് തന്നെ. കൂട്ടത്തോടെ ഗള്‍ഫുകാരുള്ള മലപ്പുറത്തെ കോളനികള്‍ക്കും അറബി നാടിന്റെ പേര് തന്നെ. പ്രവാസി മലയാളിയുടെ സ്വപ്‌നങ്ങള്‍ നെയ്ത ഈ ഗള്‍ഫ് സ്മാരകങ്ങളെ നിതാഖാത് എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. സ്വപ്‌നങ്ങളുമായി അറബിനാട്ടില്‍ കാല് കുത്തിയവരാരും മുത്തും പവിഴവും സ്വര്‍ണവും റിയാലും വാരിക്കൂട്ടാനെത്തിയവരല്ല. പൊള്ളുന്ന ചൂടില്‍ പരിമിതമായ ജീവിത സൗകര്യങ്ങളോട് പടവെട്ടി കുടുംബത്തിന് അന്നം കണ്ടെത്തുന്ന സാധാരണക്കാര്‍. ഇവരില്‍ പലരുമിന്ന് നിതാഖാത് നിയമത്തെ തുടര്‍ന്ന് ചുവപ്പടയാളം പതിയുമെന്ന ഭീതിയിലാണ്. കരിപ്പൂരിലും നെടുമ്പാശേരിയിലുമൊക്കെ വിമാനമിറങ്ങുന്നവരില്‍ നാട്ടിലെത്തുന്നതിന്റെ സന്തോഷമില്ലാത്തവരുണ്ട്. നിയമം കര്‍ശനമാക്കിയതോടെ ജോലി നഷ്ടപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കോഴിക്കോട്ട് മാത്രം വിമാനമിറങ്ങിയത് അറുപതിലേറെ പേരാണ്. സഊദിയിലെ മിക്ക വിമാനത്താവളങ്ങളിലും നാട്ടിലേക്ക് മടങ്ങുന്ന മലയാളികളുടെ തിരക്കാണെന്ന് മടങ്ങിയെത്തിയവര്‍ പറയുന്നു. നിതാഖാത് നിയമപ്രകാരം ചുവപ്പ് പട്ടികയില്‍ പെട്ടവര്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള എല്ലാ സേവനങ്ങളും നിലച്ചത് സ്വന്തമായി സ്ഥാപനങ്ങള്‍ നടത്തുന്നവരെ പോലും ദുരിതത്തിലാക്കുന്നതാണ്. കച്ചവട സ്ഥാപനങ്ങളില്‍ ഏപ്രില്‍ 11 മുതല്‍ സഊദി വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്ന പരിശോധനകളും ഏറെ ആശങ്കപ്പെടുത്തുന്നതാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ തദ്ദേശീയര്‍ ജോലി സുരക്ഷിതത്വമില്ലാത്തവരാണെന്നും അവര്‍ക്കായി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും രാജ്യാന്തര ഏജന്‍സിയായ മക്കിന്‍സിയുടെ പഠന റിപ്പോര്‍ട്ട് പുറത്തു വന്നതാണ് പ്രവാസി മലയാളികളുടെ കഞ്ഞി കുടി മുട്ടിച്ചത്. കഴിഞ്ഞ മാസം നടന്ന ദുബൈ ഉച്ചകോടിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ഗൗരവത്തോടെയാണ് ഭരണാധികാരികള്‍ കണ്ടത്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജി സി സി രാജ്യങ്ങളെല്ലാം സ്വദേശിവത്കരണത്തിന് തയ്യാറെടുക്കുമെന്നത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നടപടികള്‍ക്കാണ് നമ്മുടെ ഭരണാധികാരികള്‍ ശ്രമം നടത്തേണ്ടിയിരുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി കാല്‍ കോടിയോളം മലയാളികള്‍ ഉണ്ടെന്നാണ് കണക്ക്. സൗദിയില്‍ മാത്രം ഒരു ലക്ഷം പേര്‍ക്ക് പുതിയ നിയമത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുമെങ്കില്‍ മറ്റു രാജ്യങ്ങള്‍ കൂടി സഊദിയെ അനുകരിച്ചാല്‍ കേരളത്തിലേക്ക് പ്രവാസികളുടെ കൂട്ട പലായനം തന്നെയാകും നടക്കുക. ഇവരെ എങ്ങനെ പുനരധിവസിപ്പിക്കാനാകുമെന്ന് കാലേക്കൂട്ടി ചിന്തിക്കുന്നതിന് പകരം പരമാധികാര രാഷ്ട്രമായ സഊദിയുടെ നയതീരുമാനങ്ങള്‍ തിരുത്തിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നത് മടയത്തരമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും കേന്ദ്രത്തിലേക്ക് കത്തയച്ചിരിക്കുന്നു. സല്‍മാന്‍ ഖുര്‍ഷിദും ആന്റണിയും വയലാര്‍ രവിയും ഇ അഹമ്മദും കെ സി വേണുഗോപാലുമൊക്കെ സഊദി ഭരണാധികാരികളുമായി ബന്ധപ്പെടുന്നുണ്ടത്രേ. പക്ഷേ, ഏതെങ്കിലും പ്രവാസി ഇത് വിശ്വസിക്കുമോ? എയര്‍ ഇന്ത്യയെ നിലക്കു നിര്‍ത്താന്‍ പോലും കഴിയാത്ത മന്ത്രിമാര്‍ എങ്ങനെ സഊദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടും? നയനിലപാടുകള്‍ തിരുത്തിക്കും? ഇരിക്കണോ നില്‍ക്കണോ എന്നറിയാതെ നെട്ടോട്ടമോടുന്ന പ്രവാസികള്‍ക്ക് നിരക്കില്‍ വന്‍വര്‍ധനവ് വരുത്തിയാണ് എയര്‍ ഇന്ത്യ വലിയ “സഹായം” ചെയ്തിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ചൂഷണം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. എല്ലാം നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവരെ പോലും ഇവര്‍ പിഴിയുകയാണ്. എയര്‍ ഇന്ത്യയെയാണ് ആദ്യം നമ്മുടെ സര്‍ക്കാര്‍ നിയന്ത്രിക്കേണ്ടത്. പ്രവാസികളെ എന്നും എല്ലാവരും ചൂഷണം ചെയ്തിട്ടേയുള്ളൂ.
പ്രവാസം സമ്മാനിച്ച നരയും കഷണ്ടിയുമായി ഇപ്പോള്‍ കരിപ്പൂരില്‍ വന്നിറങ്ങുന്നവരെ ആരും ശ്രദ്ധിക്കുന്നില്ല. പിടിച്ചുപറിക്കാരായ കസ്റ്റംസുകാര്‍ പോലും. കൂട്ടത്തോടെ ആഘോഷമായി കൂട്ടിക്കൊണ്ടു പോകാനും അധികമാരുമില്ല. വന്നവര്‍ക്ക് തന്നെ വലിയ പെട്ടികളില്ലാത്തതിന്റെ മ്ലാനത മുഖത്ത് കാണുന്നുണ്ട്. മുന്‍പത്തെ പോലെ വീട്ടിലെത്തിയപ്പോള്‍ സന്ദര്‍ശകരാരുമില്ല. എത്തിയോ എന്ന് അന്വേഷിച്ച് ആരും വിളിക്കുന്നുമില്ല. നാട്ടിലും വീട്ടിലും പ്രശ്‌നങ്ങളൊന്നുമില്ലാതെ ശാന്തത കൈവന്നത് പോലെ. ഒപ്പം ഒരു ഒറ്റപ്പെടലും.

 

sharefpaloli@gmail.com