Connect with us

Wayanad

ചെറുമരങ്ങള്‍ മുറിച്ചുകടത്തുന്നതിന് നിയന്ത്രണം: രേഖയില്ലാത്ത മരം ലോഡുകള്‍ തടഞ്ഞു തുടങ്ങി

Published

|

Last Updated

കല്‍പ്പറ്റ: പുല്‍പള്ളിയും മുള്ളന്‍കൊല്ലിയും അടക്കം ബത്തേരി താലൂക്കിന്റെ പലഭാഗത്തും കൈവണ്ണമുള്ള മരങ്ങള്‍ വ്യാപകമായി മുറിച്ചുകടത്തുന്നത് തടയാന്‍ വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി.
ഏതെങ്കിലും തരത്തിലുള്ള സാക്ഷ്യപത്രമില്ലാതെ കടത്തിക്കൊണ്ടുപോവുന്ന ഇത്തരം മരം ലോഡികള്‍ ചെക്ക്‌പോസ്റ്റില്‍ തടയുന്നുണ്ട്. സൗത്ത് വയനാട് ഡി എഫ് ഒയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഒരു രേഖയുമില്ലാതെ ഇത്തരത്തില്‍ കടത്തിക്കൊണ്ടുപോവുന്ന മരങ്ങള്‍ തടയുന്നത്. ഉത്തരവിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്തത്തി. കടുത്ത വരള്‍ച്ചയില്‍ കൃഷികളാകെ കരിഞ്ഞുണങ്ങുന്ന പുല്‍പള്ളി, മുള്ളന്‍കൊല്ലി മേഖലയിലും പാരിസ്ഥിതിക സംവേദക മേഖലാ ഭീഷണി നിലനില്‍ക്കുന്ന നൂല്‍പ്പുഴ, നായ്ക്കട്ടി ഭാഗങ്ങളിലുമൊക്കെ കൃഷിയിടത്തിലെ ചെറുമരങ്ങള്‍ പോലും വെട്ടിവില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയാണ്. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതം ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ നിയന്ത്രണം വേണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. വലിയ തോതില്‍ പരിസ്ഥിതി പ്രശ്‌നം സൃഷ്ടിക്കുന്ന ഇത്തരം മരം മുറി നിരുല്‍സാഹപ്പെടുത്താന്‍ കര്‍ഷകര്‍ക്കിടയില്‍ ബോധവല്‍ക്കരണവും സര്‍ക്കാര്‍ ഇടപെടലും ആവശ്യമാണെന്ന് പുല്‍പള്ളി, മുള്ളന്‍കൊല്ലി മേഖലകള്‍ സന്ദര്‍ശിച്ച സി പി ഐ നിയമസഭാ കക്ഷി പ്രതിനിധി സംഘവും ചൂണ്ടിക്കാട്ടിയിരുന്നു.
വരള്‍ച്ചയില്‍ സകലതും നശിച്ച കര്‍ഷകര്‍ അടിയന്തിരാവശ്യങ്ങള്‍ നിറവേറ്റാനാണ് പ്രത്യാഘാതങ്ങള്‍ പരിഗണിക്കാതെ ഇത്തരത്തില്‍ മരങ്ങളെല്ലാം മുറിക്കാന്‍ നിര്‍ബന്ധിതരാവുന്നത്. അതിനാല്‍ തമിഴ്‌നാട്ടില്‍ വരള്‍ച്ച ബാധിച്ച കൃഷികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിച്ച മാദണ്ഡത്തില്‍ ഏക്കറിന് പതിനയ്യായിരം രൂപയെങ്കിലും അടിയന്തിര നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും വി എസ് സുനില്‍കുമാര്‍ എം എല്‍ എയുടെ നേതൃത്വത്തിലെത്തിയ സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടും, പാരിസ്ഥിതിക സംവേദക മേഖലാ പ്രഖ്യാപനവുമെല്ലാം ആശങ്ക പരത്തുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് കൃഷിക്കാര്‍ ചെറുമരങ്ങള്‍ പോലും മുറിക്കുന്നത്. ഇത്തരം മരങ്ങള്‍ മുറിക്കുക മാത്രമല്ല, കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലകളില്‍ മരംവിറ്റ് ലഭിക്കുന്ന പണം ഉപയോഗിച്ച് നാനൂറും അഞ്ഞൂറും അടി ആഴമുള്ള കുഴല്‍കിണറുകളും വ്യാപകമായി നിര്‍മിക്കുന്നുണ്ട്. സേവദക മേഖല നിലവില്‍ വന്നാല്‍ കുഴല്‍കിണര്‍ കുഴിക്കാന്‍ കഴിയില്ലെന്ന് മുന്‍കൂട്ടി കണ്ടാണിത്. ഇവ രണ്ടും ഉണ്ടാക്കുന്ന പരിസ്ഥിതി വിനാശം വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ സാഹചര്യമാണ് ചെറുമരങ്ങളാണെങ്കിലും ഏതെങ്കിലം രേഖ ഹാജരാക്കിയാല്‍ മാത്രം ചെക്ക്‌പോസ്റ്റില്‍ നിന്ന് കടത്തിവിട്ടാല്‍ മതിയെന്ന ഉത്തരവിറക്കാന്‍ വനം വകുപ്പ് അധികൃതരെ പ്രേരിപ്പിച്ചത്. സില്‍വറോക്കും പടുമരങ്ങളും അടക്കമുള്ള ചെറിയ മരങ്ങള്‍ ഇതുവരെ കാര്യമായ രേഖയൊന്നുമില്ലാതെയാണ് കടത്തിക്കൊണ്ടുപോയിരുന്നത്.
വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രമെങ്കിലും നിര്‍ബന്ധമാക്കിയതോടെ മരംമുറിയില്‍ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചെറുകിട കച്ചവടക്കാര്‍ എടുത്തിട്ടുള്ളതും ഇതിനകം മുറിച്ചിട്ടതുമായ മരങ്ങള്‍ കയറ്റിക്കൊണ്ടുപോവാനുള്ള സാവകാശം അനുവദിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.