Connect with us

Kerala

പുതിയ മന്ത്രി ആദ്യ കടമ്പ; സമ്പൂര്‍ണ പുനഃസംഘടനയും പരിഗണനയില്‍

Published

|

Last Updated

Oommen Chandyതിരുവനന്തപുരം:കെ ബി ഗണേഷ്‌കുമാറിന്റെ രാജിയോടെ യു ഡി എഫ് രാഷ്ട്രീയം പ്രതിസന്ധിയുടെ ആദ്യ ഘട്ടം കടന്നെങ്കിലും പ്രശ്‌നങ്ങള്‍ ഇവിടം കൊണ്ട് തീരില്ല. ഗണേഷിന് പകരക്കാരനെ കണ്ടെത്തുകയാണ് ആദ്യ കടമ്പ. യാമിനി തങ്കച്ചിയുമായുള്ള കുടുംബവഴക്കാണ് പ്രത്യക്ഷത്തില്‍ രാജിയിലേക്ക് നയിച്ചതെങ്കിലും മുന്നണിയില്‍ നിന്നുള്ള ഗൂഢാലോചനയാണെന്ന് ഗണേഷ്‌കുമാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇതിന്റെ തുടര്‍ചലനങ്ങളും സ്വാഭാവികം. യാമിനിക്കും ഗണേഷിനുമെതിരെ ചുമത്തിയ കേസുകളുടെ തുടര്‍നടപടികളും നിര്‍ണായകമാണ്. ഇതിനെല്ലാമപ്പുറം ഗണേഷിനെ വിട്ട് പ്രതിപക്ഷം മുഖ്യമന്ത്രിയെ പിടിച്ചത് സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നുണ്ട്.

ഗണേഷിന്റെ ഒഴിവില്‍ ആരാകും മന്ത്രിയെന്ന ചോദ്യം അന്തരീക്ഷത്തില്‍ സജീവമായി നില്‍ക്കുകയാണ്. മന്ത്രിസഭക്ക് സാമുദായിക സന്തുലനമില്ലെന്ന പരാതി നേരത്തെ മുതല്‍ നിലനില്‍ക്കുന്നതിനാല്‍ ഈ ചോദ്യത്തിന് എത്രയും വേഗം ഉത്തരം കണ്ടത്തേണ്ടതുണ്ട്. ഭൂരിപക്ഷ സമുദായാംഗമായ ഗണേഷിന്റെ ഒഴിവില്‍ ആ സമുദായത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എ മന്ത്രിയാകുമെന്നുറപ്പാണ്. കെ മുരളീധരന്‍, കെ ശിവദാസന്‍ നായര്‍, വി ഡി സതീശന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. പുതിയ മന്ത്രിയാരെന്ന കാര്യത്തില്‍ ഇടപെടുന്നില്ലെന്ന് എന്‍ എസ് എസ് പ്രതികരിച്ചിട്ടുണ്ടെങ്കിലും അവരുടെ താത്പര്യം കൂടി പരിഗണിച്ചാകും തീരുമാനം. കെ ശിവദാസന്‍ നായര്‍ക്കാണ് എന്‍ എസ് എസുമായി കൂടുതല്‍ അടുപ്പം. മന്ത്രിസഭാ രൂപവത്കരണ സമയത്ത് കെ മുരളീധരനെ വെട്ടി വി എസ് ശിവകുമാറിന്റെ പേരാണ് എന്‍ എസ് എസ് നിര്‍ദേശിച്ചതെങ്കിലും മുരളീധരനുമായി അകല്‍ച്ചയൊന്നുമില്ല. ഗണേഷ്‌കുമാറും കോണ്‍ഗ്രസിലെ വലിയൊരു വിഭാഗവും സതീശന്റെ പേരാണ് നിര്‍ദേശിക്കുന്നതെങ്കിലും അദ്ദേഹം എന്‍ എസ് എസിന് അനഭിമതനാണ്.
രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കി മന്ത്രിസഭ സമ്പൂര്‍ണമായി പുനഃസംഘടിപ്പിക്കാനും ആലോചനയുണ്ട്. റവന്യൂ വകുപ്പും ഉപമുഖ്യമന്ത്രി സ്ഥാനവും രമേശിന് നല്‍കി അടൂര്‍ പ്രകാശിനെ വനം മന്ത്രിയാക്കുകയെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. രമേശ് ചെന്നിത്തല സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചാകും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം. എന്തായാലും സാമുദായിക സന്തുലനം പാലിക്കേണ്ടതിനാല്‍ പുതിയ മന്ത്രിയോ പുനഃസംഘടനയോ വൈകില്ലെന്നുറപ്പാണ്.
ഈ പ്രതിസന്ധികള്‍ മുന്നില്‍ക്കണ്ടാണ് ഗണേഷിന്റെ രാജി ഒഴിവാക്കാന്‍ മുഖ്യമന്ത്രിയും മുന്നണി നേതൃത്വവും അവസാന നിമിഷം വരെ ശ്രമിച്ചത്. എന്നാല്‍, ഗാര്‍ഹിക പീഡന നിയമപ്രകാരം യാമിനി തങ്കച്ചി പരാതി നല്‍കിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നു.
ജാമ്യമില്ലാ വകുപ്പ് അനുസരിച്ചുള്ള കേസില്‍ പ്രതിയാകുന്ന സാഹചര്യത്തില്‍ ഗണേഷ്‌കുമാര്‍ രാജിവെക്കുന്നതാണ് ഉചിതമെന്ന പൊതുവികാരം നേതാക്കള്‍ പങ്ക് വെച്ചതോടെയാണ് രാജിയിലേക്ക് കാര്യങ്ങളെത്തിയത്.
രാജിയില്ലെന്ന് തിങ്കളാഴ്ച രാത്രി വാര്‍ത്താസമ്മേളനം നടത്തി ഗണേഷ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യാമിനി തങ്കച്ചി പരാതിയുമായി മുഖ്യമന്ത്രിയെയും മ്യൂസിയം പോലീസ് സ്റ്റേഷനിലും സമീപിച്ചത്. ഡി ജി പിയെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തിയ മുഖ്യമന്ത്രി യാമിനിയുടെ പരാതി കൈമാറിയ ശേഷം സഹപ്രവര്‍ത്തകരുമായും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുമായും ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് ഗണേഷും ക്ലിഫ് ഹൗസിലെത്തി അര മണിക്കൂര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അര്‍ധ രാത്രിയില്‍ രാജി പ്രഖ്യാപനം ഉണ്ടായത്.
ഭാര്യ തന്നെ മര്‍ദിച്ചെന്ന പരാതിക്കൊപ്പം തന്റെ രാജിയിലേക്ക് കാര്യങ്ങളെത്തിയ സംഭവവികാസങ്ങളെല്ലാം അന്വേഷണവിധേയമാക്കണമെന്ന ഗണേഷിന്റെ ആവശ്യം നിര്‍ണായകമാണ്. ഗണേഷ് പ്രധാനമായും ഉന്നം വെക്കുന്നത് പി സി ജോര്‍ജിനെയാണ്. നെല്ലിയാമ്പതി വനഭൂമി പ്രശ്‌നത്തിലാണ് ഗണേഷും ജോര്‍ജും കൊമ്പ് കോര്‍ക്കുന്നത്. അന്നുതന്നെ ഗണേഷിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കുമെന്ന് ജോര്‍ജ് പരസ്യ നിലപാടെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ ഗൂഢാലോചനയാണ് രാജിയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് ഗണേഷിന്റെ ആരോപണം. ഭാര്യ യാമിനി തങ്കച്ചിയെ ഉപയോഗിച്ചുള്ള ബ്ലാക്ക് മെയിലിംഗ് നടന്നുവെന്നാണ് ഗണേഷിന്റെ ആരോപണം. തന്റെ വസതിയിലെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ഗണേഷ് അടിവരയിടുന്നു.
പുതിയ സാഹചര്യത്തില്‍ ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കിയേ മതിയാകൂവെന്ന നിലപാടിലേക്ക് കോണ്‍ഗ്രസിലെയും ഘടക കക്ഷികളിലെയും ഒരു വിഭാഗം എത്തിച്ചേര്‍ന്നതും നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. ജോര്‍ജിനെതിരെ അണിയറയില്‍ കരുനീക്കങ്ങള്‍ സജീവമാണ്. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ജെ എസ് എസിന്റെ ആവശ്യം അടുത്ത മുന്നണി യോഗം പരിഗണിക്കാനിരിക്കുകയാണ്. ഗണേഷ്‌കുമാറും ഇങ്ങനെ ഒരു ആവശ്യം മുന്നോട്ടുവെക്കുമെന്നാണ് സൂചന.

Latest