Connect with us

Sports

ഐ പി എല്‍ ഉദ്ഘാടനം വര്‍ണാഭം; മാധ്യമങ്ങള്‍ക്ക് അവഗണന

Published

|

Last Updated

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ആറാം സീസണിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങോടെ തുടക്കം. എന്നാല്‍, ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കാത്തിരുന്നത് അവഗണനയാണ്. റിപ്പോര്‍ട്ടര്‍മാര്‍ക്ക് സൗകര്യമേര്‍പ്പെടുത്തിയിരുന്നില്ല. അവര്‍ മറ്റ് കാഴ്ചക്കാര്‍ക്കൊപ്പം സ്ഥാനം പിടിച്ചു. മൊബൈല്‍ ജാമറുകള്‍ വെച്ചതിനാല്‍ ചടങ്ങിന്റെ വിവരങ്ങളൊന്നും തന്നെ ചാനലുകള്‍ക്ക് സ്‌ക്രോള്‍ ചെയ്യാനായില്ല. ഒമ്പത് ടീമുകള്‍ മാറ്റുരക്കുന്ന ആവേശപ്പോരാട്ടങ്ങള്‍ ഇന്നാരംഭിക്കും. മെയ് 26ന് ഫൈനല്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 76 മത്സരങ്ങളുണ്ട്. ഇന്ത്യയില്‍ നടന്ന ഏറ്റവും ദൈര്‍ഘ്യമേറിയതും ശ്രദ്ധേയമായതുമായ ഉദ്ഘാടന ചടങ്ങിനാണ് ഏഷ്യയിലെ തന്നെ ഏറ്റവുംവലിയ സ്റ്റേഡിയങ്ങളിലൊന്നായ സാള്‍ട്ട് ലേക്ക് സാക്ഷ്യം വഹിച്ചത്. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. നടിമാരായ കത്രീന കൈഫ്, ദീപിക പദുകോണ്‍, അന്താരാഷ്ട പോപ് ഗായക സംഘം എന്നിവര്‍ ചടങ്ങിന് കൊഴുപ്പേകി. പിറ്റ്ബുളിന്റെ സംഗീത വിരുന്നത് വേദിയെ ഇളക്കിമറിച്ചതിന് പിന്നാലെ ഷാരൂഖ് ഖാനും ദീപിക പദുകോണും കത്രീന കൈഫും സ്റ്റേജില്‍ ചുവടുവെച്ചു. യൂറോപ്പില്‍ നിന്നുള്ള ഡ്രമ്മേഴ്‌സും ജിംനാസ്റ്റിക്‌സും കാണികളുടെ മനം കവര്‍ന്നു.ഒമ്പത് ടീമിന്റെയും ക്യാപ്റ്റന്‍മാര്‍ ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസനൊപ്പം വേദിയില്‍ അണിനിരന്നു.ഈഡന്‍ഗാര്‍ഡനില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് മത്സരത്തോടെ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കും. വിരേന്ദര്‍ സെവാഗിന് പരുക്കേറ്റത് ഡല്‍ഹിക്ക് തിരിച്ചടിയായിരിക്കുന്നു.

Latest