Connect with us

Articles

അക്കരച്ചോപ്പില്‍ അമ്പരക്കുന്നവര്‍, ഇക്കരപ്പച്ച കാണാത്തവര്‍

Published

|

Last Updated

കണ്‍വെട്ടത്തു കാണുന്നവരില്‍ വലിയൊരു വിഭാഗം എക്‌സ് ഗള്‍ഫുകാരായി മാറിയിട്ട് കുറച്ചു വര്‍ഷങ്ങളായി. സഊദിയിലെ നിതാഖാതിന്റെ പ്രശ്‌നങ്ങള്‍ പെട്ടെന്നുണ്ടായതല്ല. എന്നാല്‍, നമ്മുടെ മാധ്യമങ്ങള്‍ പെട്ടെന്നെന്തോ സംഭവിച്ച പ്രതീതി സൃഷ്ടിച്ചിരിക്കുകയാണ്. നിതാഖാത് കാരണം പതിനായിരക്കണക്കിനു മലയാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടുവെന്നും കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണെന്നുമാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവരുടെ എണ്ണം അത്രയൊന്നുമില്ല. അതിന്റെ പത്തിലൊന്നുമില്ല. സഊദിയില്‍ നിന്ന് പുറത്തുപോകാന്‍ പാസ്‌പോര്‍ട്ടില്‍ ഖുറൂജ് (എക്‌സിറ്റ്) അടിച്ചുകിട്ടണമെങ്കില്‍ സ്‌പോണ്‍സറുടെ അനുമതി വേണമെന്നതാണ് യാഥാര്‍ഥ്യം. ഫ്രീ വിസക്കാരെ കൂട്ടത്തോടെ പിടികൂടി നാട്ടിലേക്ക് കയറ്റിവിടുകയാണെങ്കില്‍ എന്തുകൊണ്ട് കൂട്ടമായൊരു വരവ് കാണുന്നില്ല. അതാത് സ്‌പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നതാണ് സഊദി സര്‍ക്കാര്‍ നിരോധിച്ചത്. ഇത് നേരത്തേയുള്ള നിയമം തന്നെയാണ്. നിതാഖാതിന്റെ ഭാഗമായി ഒന്നു കര്‍ശനമാക്കിയെന്നു മാത്രം. കടകളിലും മറ്റു സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുമ്പോള്‍ പിടിക്കപ്പെടുന്ന മറ്റു സ്‌പോണ്‍സര്‍മാരുടെ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നത് യാഥാര്‍ഥ്യമാണെങ്കിലും അവരെ നേരെ കൊണ്ടുപോയി ഇന്ത്യയിലേക്ക് കയറ്റിവിടുമെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്. നിയമപാലകരുടെ പുതിയ കര്‍ക്കശ ഭാവങ്ങള്‍ക്ക് എപ്പോഴെങ്കിലും വിരാമമുണ്ടാകുമെന്ന പ്രതീക്ഷയില്‍ തത്കാലം പോലീസുകാരുടെ കണ്ണില്‍പെടാതെ കഴിഞ്ഞുകൂടുകയെന്നു ചിന്തിക്കുന്നവരും കുറവല്ല.

ഗള്‍ഫിലേക്ക് പ്രതീക്ഷകളോടെ ജോലി തേടി പോകുന്നവര്‍ അതേ വേഗത്തില്‍ മതിയാക്കിപ്പോരുന്ന പ്രവണത കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. രണ്ട് വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം അവധിക്കു വരുന്നവരില്‍ ചിലരെങ്കിലും തിരിച്ചുപോകാറില്ല. നാല് വര്‍ഷം തികക്കുന്നവര്‍ തന്നെ അപൂര്‍വമാണ്. അതുമൂലം വന്നുഭവിക്കുന്ന കടബാധ്യതകളും മറ്റു നഷ്ടങ്ങളും ചുമലിലേറ്റിയാലും തിരിച്ചുപോക്കിവര്‍ക്ക് അലര്‍ജിയാകുന്നു. കുറച്ചു മുമ്പു നടന്ന സര്‍വേയില്‍ 29 പേരില്‍ ഒരാള്‍ എക്‌സ് ഗള്‍ഫുകാരാണെന്നാണ് കണ്ടെത്തിയത്.
എന്നാല്‍ ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടില്‍ സെറ്റില്‍ ചെയ്യുന്നവര്‍ അധിക കാലം കഴിയും മുമ്പേ നാടു മടുത്ത് കിട്ടിയ വിസയില്‍ വീണ്ടും ഗള്‍ഫിലേക്ക് കുടിയേറുന്നതും വലിയ തോതില്‍ തന്നെ നടക്കുന്നുണ്ടായിരുന്നു. ഗള്‍ഫ് നാടുകളിലെ മടുപ്പിക്കുന്ന ജീവിത പരിസരമാണ് മലയാളികളെ അവിടങ്ങളില്‍ ഉറച്ചുനില്‍ക്കാതെ നാട് പിടിക്കാന്‍ വെമ്പല്‍ കൊള്ളിക്കുന്നതെങ്കില്‍ സ്വന്തം നാട്ടുകാരുടെയും വീട്ടുകാരുടെയും ഗള്‍ഫുകാരനോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്താത്തതാണ് വീണ്ടും നാടുവിട്ടോടാന്‍ അവരെ പ്രേരിപ്പിക്കുന്നത്.
സാഹചര്യങ്ങളുടെ നിര്‍ബന്ധം കൊണ്ട് പ്രവാസിയായിപ്പോയവര്‍ എങ്ങനെയെങ്കിലും നാട്ടില്‍ സെറ്റില്‍ ചെയ്യാന്‍ മിനക്കെട്ടാല്‍ അവരെ അതില്‍ നിന്നു പിന്തിരിപ്പിക്കാനും പിന്തിരിഞ്ഞില്ലെങ്കില്‍ സൗഹൃദം ഭാവിച്ച് നക്കിക്കൊല്ലാനുമാണ് സമൂഹം ശ്രമിക്കാറുള്ളത്. ഇപ്പോള്‍ തിരിച്ചുവരുന്ന മലയാളി പ്രവാസികളോടുള്ള സമീപനവും ഇതേപോലെയൊക്കെയായിരിക്കും. പുനരധിവാസം കീറാമുട്ടിയാണെന്നൊക്കെ ഉന്നതങ്ങളില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. മലയാളിയുടെ ആഢ്യമനോഭാവത്തില്‍ മാറ്റം വരുത്തിയാല്‍ പുനരധിവാസം നിസ്സാരമായി നടപ്പിലാക്കാന്‍ കഴിയുമെന്നതാണ് സത്യം.
നന്നായി അധ്വാനിച്ചാല്‍ കേരളം തന്നെ മറ്റൊരു ഗള്‍ഫായി മാറുമെന്നത് അനുഭവയാഥാര്‍ഥ്യമാണ്. നമ്മുടെ ചെറിയ നാട്ടിന്‍പുറങ്ങള്‍ പോലും ഇപ്പോള്‍ അന്യ സംസ്ഥാന തൊഴിലാളികളാല്‍ നിറഞ്ഞിരിക്കുകയാണ്. ഒരു ബസ്സില്‍ കയറിയാല്‍ പകുതിയോളം ഇത്തരക്കാരായി മാറിയ സ്ഥിതിവിശേഷം നമ്മെ ചിന്തിപ്പിക്കണം. സഊദിയില്‍ അവിടുത്തെ പൗരന്മാരെ കടത്തിവെട്ടുന്ന തരത്തില്‍ വിദേശ തൊഴിലാളികളുടെ സംഖ്യ വര്‍ധിച്ചതാണ് നിതാഖാത് പോലെയുള്ള നിയമവുമായി മുന്നോട്ടുവരാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചതെങ്കില്‍, വരും കാലങ്ങളില്‍ കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നതും ഈ രൂപത്തില്‍ തന്നെയായിരിക്കുമെന്നാണ് അനുമാനിക്കേണ്ടത്.
കേരളീയരുടെ വരുമാന സന്തുലിതത്വത്തില്‍ വമ്പിച്ച അട്ടിമറിയാണ് അടുത്ത കാലത്തായി കണ്ടുകൊണ്ടിരിക്കുന്നത്. ദരിദ്ര, ധനിക സങ്കല്‍പ്പങ്ങള്‍ പുനര്‍വിചിന്തനം നടത്തേണ്ടി വന്നിരിക്കുന്നു. അടുത്ത കാലം വരെയും കൂലിപ്പണിക്കാരെ ദരിദ്ര വിഭാഗങ്ങളായി കരുതപ്പെട്ടിരുന്നു. അത് സത്യമായിരുന്നു താനും. എന്നാല്‍ ഇന്ന് അവസ്ഥ മാറി. ഉയര്‍ന്നു വരുന്ന ചെലവുകള്‍ക്കനുസൃതമായി കൂലി വര്‍ധിപ്പിച്ചതോടെ ഇടത്തരക്കാരുടെ മുകളിലായിരിക്കുന്നു കൂലിപ്പണിക്കാര്‍. ഇരുനൂറും മുന്നൂറും രൂപയുടെ ദിവസക്കൂലിക്ക് ഷോപ്പുകളിലും ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്ന വലിയൊരു വിഭാഗം ചെറുപ്പക്കാരും കുടുംബനാഥന്മാരും മധ്യവര്‍ഗക്കാരുടെ ലിസ്റ്റിലാണ് പെട്ടിരുന്നത്. എന്നാല്‍ ദരിദ്ര വിഭാഗങ്ങളായിരുന്ന കൂലിപ്പണിക്കാര്‍, പ്രസ്തുത ജോലികള്‍ക്ക് ആളുകളെ കിട്ടാത്ത അവസ്ഥ മുതലെടുത്തുകൊണ്ട് അവരുടെ ദിവസക്കൂലി അറുനൂറ് രൂപക്കു മേല്‍പ്പോട്ടേക്ക് ഉയര്‍ത്തിയതോടു കൂടി സാമ്പ്രദായിക ദരിദ്ര സങ്കല്‍പ്പങ്ങള്‍ മാറ്റേണ്ടിവരുന്നു. നമ്മുടെ തലമുറക്ക് കഠിനാധ്വാനത്തിന്റെ ദിനചര്യ ശീലമില്ല. ശരീരത്തില്‍ ചെളി പറ്റുന്ന കാര്‍ഷിക മേഖലയിലോ നിര്‍മാണ മേഖലയിലോ നമുക്ക് ജോലി ചെയ്യാന്‍ “അന്തസ്സ്” അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ മേഖലകളെല്ലാം ഉത്തരേന്ത്യക്കാര്‍ കയ്യടക്കിയിരിക്കുന്നു. ഉത്തരേന്ത്യയിലെ കാര്‍ഷിക മേഖലയിലും മറ്റും ദിവസക്കൂലി ഇപ്പോഴും ഇരുനൂറ് രൂപയില്‍ താഴെയാണെന്നാണ് പറയുന്നത്. ഇരട്ടിയിലധികം കൂലി കൊടുക്കാന്‍ നമ്മള്‍ തയ്യാറാണല്ലോ. ഇതുപയോഗപ്പെടുത്തി ഹിന്ദി മേഖലയില്‍ നിന്ന് കേരളത്തിലേക്ക് തൊഴിലന്വേഷിച്ച് വരുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഗള്‍ഫ് നാടുകളില്‍ പന്ത്രണ്ടും പതിനാറും മണിക്കൂര്‍ വിശ്രമമില്ലാതെ അധ്വാനിക്കാന്‍ മലയാളികള്‍ക്ക് യാതൊരു വൈമനസ്യവും ഇല്ല. പക്ഷേ, കേരളത്തില്‍ എട്ട് മണിക്കൂര്‍ തികച്ചു ജോലി ചെയ്യാന്‍ വല്ലാത്ത മനഃപ്രയാസമാണ്. അങ്ങനെ കൂടുതല്‍ ജോലി ചെയ്യാന്‍ നമ്മുടെ മനസ്സില്‍ തോന്നിയാല്‍ തന്നെ നമ്മുടെ തൊഴിലാളി സംഘടനകള്‍ക്ക് അതില്‍ വലിയ താത്പര്യം കാണുകയില്ല. പന്ത്രണ്ടും പതിനാറും മണിക്കൂര്‍ കേരളത്തില്‍ ജോലി ചെയ്യാന്‍ മലയാളികള്‍ തയ്യാറായാല്‍ ഗള്‍ഫ് മണിയെക്കാള്‍ വലിയ സാമ്പത്തിക വിപ്ലവം കേരളത്തിലുണ്ടാകും എന്ന കാര്യത്തില്‍ സംശയമുണ്ടാകുകയില്ല.
ഗള്‍ഫുകാരോട് അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും സംഘടനകളും സ്ഥാപനങ്ങളും മാനസികമായ കുറ്റകൃത്യം ചെയ്യുന്നുണ്ട്. പുറം ചര്‍ച്ചകളിലും പ്രസംഗങ്ങളിലുമൊക്കെ ഗള്‍ഫുകാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും കണ്ണീരൊഴുക്കുകയും ചെയ്യാറുണ്ടെങ്കിലും മുന്‍പേ വെച്ചുപുലര്‍ത്തിയ മനോഭാവങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ തന്നെയാണ് സമൂഹത്തിന്റെ താത്പര്യം.
കുടുംബങ്ങളില്‍ അധികച്ചെലവ് കുമിഞ്ഞുകൂടാന്‍ ഒരു കാരണം ഗള്‍ഫ് പണമായിരുന്നു. മുമ്പൊക്കെ വീട്ടമ്മമാര്‍ക്ക് ദൈനംദിന ചെലവ് നിയന്ത്രിക്കാന്‍ മാര്‍ഗങ്ങളുണ്ടായിരുന്നു. കോഴി വളര്‍ത്താത്ത വീടുകള്‍ വളരെ കുറവ്. ആടും പശുവും ഉണ്ടാകും. തയ്യല്‍ വേലയും കരകൗശലങ്ങള്‍ നിര്‍മിക്കാനും വീട്ടമ്മമാര്‍ക്ക് അറിയാമായിരുന്നു. പലഹാരങ്ങള്‍ക്ക് ബേക്കറികളെ ആശ്രയിക്കാതെ സ്വയം പാകം ചെയ്യുമായിരുന്നു. കാലക്രമത്തില്‍ പടിഞ്ഞാറോട്ടു നോക്കിക്കൊണ്ട് സംസ്‌കാരത്തിലും ശീലത്തിലും പെരുമാറ്റത്തിലും വേഷത്തിലും ഭക്ഷണത്തിലുമൊക്കെ മാറ്റങ്ങള്‍ വരുത്തുന്ന കേരളീയരില്‍ മാറാതെ കിടക്കുന്ന ഒരു സ്വഭാവമുണ്ട്. പൊങ്ങച്ചമാണത്. ഇതിനൊക്കെ ഓരോരുത്തര്‍ക്കും ന്യായീകരണങ്ങളുണ്ട് എന്നതാണിതിലെ രസം. ഗള്‍ഫുകാരന്‍ നാട്ടില്‍ പച്ച പിടിക്കാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍ അതിന് പരമാവധി പാര വെക്കാനും ഇല്ലെങ്കില്‍ പറ്റിക്കൂടി തനിക്കുള്ളതെല്ലാം പങ്ക് വെക്കാനുമാണ് ബന്ധപ്പെട്ടവര്‍ക്കെല്ലാം താത്പര്യം.
മുമ്പൊക്കെ അക്കരപ്പച്ച കണ്ടാണ് പലരും കയറിപ്പോയിരുന്നത്. ഇന്ന് അക്കരച്ചോപ്പ് കണ്ട് പോകാന്‍ മടിക്കുകയാണ്. ഇക്കരപ്പച്ച കാണാന്‍ മനസ്സുമില്ല.