Connect with us

Editorial

ആറന്മുളയും ട്രൈബ്യൂണല്‍ വിധിയും

Published

|

Last Updated

പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിച്ചു കൊണ്ട് ആറന്മുളയില്‍ ഒരു വിമാനത്താവളം വേണ്ടെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള വിമാനത്താവളവിരുദ്ധ സമിതി നല്‍കിയ ഹരജി പരിഗണിക്കവെ, ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ച് ആറന്മുള വിമാനത്താവള ഭൂമി വ്യവസായ ഭൂമിയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യുകയും വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ സംസ്ഥാന സര്‍ക്കാറിനും വിമാനത്താവള പദ്ധതി പ്രൊമോട്ടര്‍മാരായ കെ ജി എസ് ഗ്രൂപ്പിനും നിര്‍ദേശം നല്‍കിയിരിക്കയുമാണ്.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറാണ് കെ ജി എസ് ഗ്രൂപ്പ് കമ്പനിക്ക് ആറന്മുളയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് അംഗീകാരം നല്‍കിയത്. പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും അനുമതിയും ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ആറന്മുള മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍ വില്ലേജുകളില്‍ പെട്ട 500 ഏക്കറോളം ഭൂമി വ്യവസായ മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഒപ്പം മേധാപട്കര്‍ ഉള്‍പ്പെടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വിമാത്താവള നിര്‍മാണത്തനെതിരെ രംഗത്ത് വരികയുമുണ്ടായി. കാര്‍ഷിക ഭൂമിയാണ് നിര്‍ദിഷ്ട വിമാനത്താവളത്തിന് നീക്കിവെച്ചതെന്നും, പദ്ധതി റദ്ദാക്കി ഈ ഭൂമി കാര്‍ഷികാവശ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. സര്‍ക്കാറും കെ ജി എസ് ഗ്രൂപ്പും തങ്ങളുടെ ആവശ്യം അവഗണിച്ച് വിമാനത്താവള നിര്‍മാണവുമായി മുന്നോട്ട് പോയ സാഹചര്യത്തിലാണ് വിമാനത്താവളവിരുദ്ധ സമിതി ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. 1963 ലെ കേരള ഭൂപരിഷ്‌കരണ നിയമം, 1986 ലെ കേരള പരിസ്ഥിതി സംരക്ഷണ നിയമം, 2008 ലെ കേരള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം, ഭൂമി ഏറ്റെടുക്കല്‍ നിയമം, ഭൂപരിധി നിയമം എന്നിവ ലംഘിച്ചാണ് വിമാനത്താവള നിര്‍മാണത്തിന് നീക്കമെന്നും ഇത് ഗ്രാമ ചൈതന്യത്തെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വിമാനത്താവളത്തിന് നിലമൊരുക്കുന്നതിന്റെ മറവില്‍ ആ പ്രദേശത്തെ വേറെയും ആയിരക്കണക്കിന് ഏക്കര്‍ വരുന്ന നീര്‍ത്തടങ്ങള്‍ മണ്ണിട്ടു നികത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. മുന്‍ സര്‍ക്കാറാണ് ഇവര്‍ക്ക് ഒത്താശ ചെയ്തതെന്ന് യു ഡി എഫും ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണെന്ന് എല്‍ ഡി എഫും ആരോപിക്കുകയും ചെയ്യുന്നു. അതാരായാലും റിയല്‍ എസ്‌സ്റ്റേറ്റ് മാഫിയക്കാരും വന്‍ ബിസിനസ്സുകാരും ഈ വിമാനത്താവള നിര്‍മാണത്തിന് പിന്നില്‍ കളിക്കുന്നുണ്ടെന്നാണ് സൂചനകള്‍. ഹരിത ട്രൈബ്യൂണലിന്റെ വിധി കൂടുതല്‍ ആഘാതമേല്‍പ്പിക്കുന്നതും അവര്‍ക്കായിരിക്കും.
ഒരു പ്രദേശത്തിന്റെ അടിസ്ഥാന വികസനത്തിന്റെ ഭാഗമാണ് റോഡ്, വിമാനത്താവള നിര്‍മാണങ്ങള്‍. ജൈവ വൈവിധ്യവും പരിസ്ഥിതി സന്തുലനവും നിലനിര്‍ത്തുകയെന്നത് ജനങ്ങളെ സംബന്ധിച്ചിടത്തോളം അതിനേക്കാള്‍ പ്രധാനമായതിനാല്‍ വികസനും പരിസ്ഥിതിയും ഏറ്റുമുട്ടുമ്പോള്‍ നറുക്ക് വീഴേണ്ടത് പരിസ്ഥിതിക്ക് തന്നെയാണ്. അല്ലെങ്കില്‍ നിര്‍ദിഷ്ട വികസന പദ്ധതി അത്രയും അനിവാര്യവും അടിയന്തരവുമായിരിക്കണം. തിരുവനന്തപുരം അന്താരാഷ്ട്ര വിമനത്താവളവും നെടുമ്പാശ്ശേരി വിമാത്താവളവുമുള്ളപ്പോള്‍ ആറന്മുള വിമാനത്താവളം ഒരനിവാര്യതയായി കാണാനാകുമോ? കര്‍ഷകരും സാധാരണക്കാരും തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ആറന്മുളയിലെ നിര്‍ദിഷ്ട വിമാനത്താവള ഭൂമി. ഇവരില്‍ ഭൂരിഭാഗവും വിമാനത്താവളത്തിനെതിരായ സമരത്തില്‍ പങ്കാളികളാണെന്നത് ഈ ചോദ്യത്തിന് വ്യക്തമായ മറുപടിയാണ്.
അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുറവിളി കൂട്ടുന്നവരില്‍ മുന്‍പന്തിയില്‍ ഭൂ മാഫിയകളും റിയല്‍ എസ്റ്റേറ്റ് ബിസിസ്സുകാരും വ്യവസായ, വാണിജ്യ ലോബിയുമൊക്കെയാണെന്നത് അനുഭവ സത്യമാണ്. സാധാരണക്കാരേക്കാളും ഇതിന്റെ ഗുണഭോക്താക്കളും ഈ വിഭാഗക്കാരാണ്. പദ്ധതി പ്രവര്‍ത്തനങ്ങളും നിയമനിര്‍മാണങ്ങള്‍ പോലും പലപ്പോഴും ഇവരുടെ താത്പര്യത്തെ മുന്‍നിര്‍ത്തിയാണ് നടപ്പില്‍ വരുന്നത്. ഉന്നതങ്ങളിലുള്ള അവരുടെ സമ്മര്‍ദ്ദദമാണ് പാരിസ്ഥിതി നിയമങ്ങളെ നോക്കുകുത്തിയാക്കി വന്‍പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്. ഇത്തരം ഘട്ടങ്ങളില്‍ പൊതുസമൂഹം ഉറ്റുനോക്കുന്നത് നീതിപീഠങ്ങളെയാണ്. ആറന്മുള വിമാനത്താവള പ്രശ്‌നത്തില്‍ ചെന്നൈ ട്രൈബ്യൂണലിന്റെ വിധിപ്രസ്താവം ശ്രദ്ധേയമാകുന്നതും ഇതുകൊണ്ടു തന്നെ. വിധിയെ പ്രകൃതി സ്‌നേഹികളും പൊതുസമൂഹവും സര്‍വാത്മനാ സ്വാഗതം ചെയ്യാതിരിക്കില്ല.

---- facebook comment plugin here -----

Latest