Connect with us

Malappuram

എങ്ങിനെയാകണം സര്‍വകലാശാല; ചര്‍ച്ചാവേദിയായി ശിലാസ്ഥാപന ചടങ്ങ്

Published

|

Last Updated

തിരൂര്‍: മലയാള സര്‍വകലാശാല എങ്ങിനെയാകണം എന്ന ചര്‍ച്ചാവേദിയായി ഉദ്ഘാടന ചടങ്ങ് മാറി. പറവണ്ണ ടി എം ജി കോളേജില്‍ സര്‍ക്കാര്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയില്‍ നിര്‍മാണമാരംഭിക്കുന്ന താത്കാലിക കെട്ടിടത്തിന്റെ ശിലാസ്ഥാപനച്ചടങ്ങാണ് നിയമസഭയെ അനുസ്മരിപ്പിക്കുംവിധത്തിലുള്ള ചര്‍ച്ചാവേദിയായി മാറിയത്.

ഭാഷക്കും സാഹിത്യത്തിനും വളര്‍ച്ച കൈവരിക്കാന്‍ സര്‍വകലാശാല സഹായകമാകുമെന്ന ആമുഖത്തോടെ ചടങ്ങ് ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസമന്ത്രിയാണ് ഇതുസംബന്ധിച്ച ചര്‍ച്ച തുടങ്ങി വെച്ചത്. മലയാളസര്‍വകലാശാല ബില്‍ പരിഗണനക്കെടുത്ത ഈ അടുത്ത ദിവസം നിയമസഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്തവരും ചടങ്ങില്‍ ഉണ്ടായിരുന്നു. സ്വത്വാവിഷ്‌കാരത്തിന്റെ മാധ്യമമായ ഭാഷ നമ്മുടെ ശക്തി സ്രോതസാണെന്നും സംസ്‌കാരത്തിന്റെ ആലയത്തിനാണ് ശിലാസ്ഥാപനം നിര്‍വഹിച്ചതെന്നും അബ്ദുസമദ് സമദാനി എം എല്‍ എ പറഞ്ഞു.
മലയാളത്തിനായുള്ള സര്‍വകലാശാലയാകുന്നതിന് പകരം മലയാളത്തില്‍ ഒരു സര്‍വകലാശാല എന്നതാണ് ആവശ്യമെന്ന് പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. സ്ഥലമേറ്റെടുക്കുമ്പോള്‍ 100 ഏക്കര്‍ പോരെന്നും 500 ഏക്കറെങ്കിലും സര്‍വകലാശാലക്കായി വേണമെന്നും സി പി മുഹമ്മദ് അഭിപ്രായപ്പെട്ടു.
മനോഹരങ്ങളായ കെട്ടിടങ്ങള്‍ മാത്രം പോരെന്നും ശാന്തിനികേതന്‍ മാതൃകയില്‍ ശാന്തമായ അന്തരീക്ഷമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. പൂര്‍വികര്‍ ചെയ്ത സുകൃതമാണ് നമുക്ക് അനുഗ്രഹമായിട്ടുള്ളതെന്ന് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ പറഞ്ഞു.
തുച്ഛമായ വിലക്ക് അന്ന് അവര്‍ വിട്ടുനല്‍കിയ ഭൂമിയാണ് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമുക്ക് ലഭ്യമായതെന്നും അദ്ദേഹം പറഞ്ഞു. അബ്ദുര്‍റഹിമാന്‍ രണ്ടത്താണി എം എല്‍ എയും സംസാരിച്ചു.

Latest