Connect with us

Gulf

ഒമാനിലേക്ക്‌ നുഴഞ്ഞു കയറ്റം വര്‍ധിച്ചു

Published

|

Last Updated

മസ്‌കത്ത്: രാജ്യത്തേക്ക് അനധികൃതകമായി കടക്കുന്നവര്‍ വര്‍ധിച്ചതായി റോയല്‍ ഒമാന്‍ പോലീസ്. പാകിസ്ഥാനില്‍നിന്നാണ് കൂടുതല്‍ പേര്‍ വരുന്നത്. മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരും വരുന്നുണ്ട്. പാവപ്പെട്ട ജനങ്ങളെ ജോലി വാഗ്ദാനം ചെയ്ത് ഇറാന്‍ വഴി കടല്‍ മാര്‍ഗം ഒമാനിലേക്കു കടത്തുന്നതിന് മനുഷ്യക്കടത്തു സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നുഴഞ്ഞു കയറ്റക്കാര്‍ക്കെതിരെയുള്ള നടപടി ശക്തമാക്കിയതോടെ പിടിക്കപ്പെടുന്നവര്‍ വര്‍ധിച്ചു. നടപടി ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു.
രാജ്യത്തേക്ക് വിദേശികള്‍ നുഴഞ്ഞു കയറുന്നുവെന്നത് ഗൗരവമേറിയ പ്രശ്‌നമാണെന്നും ലഭ്യമായ ഏജന്‍സികളുടെയും അതോറിറ്റികളുടെയും സഹായത്തോടെ നുഴഞ്ഞു കയറ്റക്കാരെ പൂര്‍ണമായും തുരത്തുന്നതിനും പിടികൂടുന്നതിനും നടപടി സ്വീകരിച്ചു വരികയാണെന്ന് റോയല്‍ ഒമാന്‍ പോലീസ് വക്താവ് അറിയിച്ചു. ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനിടെ മാത്രം 2,947 പേരെയാണ് പിടികൂടിയത്. ചിലരെ രാജ്യത്തേക്കു കടക്കുമ്പോഴും മറ്റു ചിലരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍വെച്ചുമാണ് പിടികൂടിയത്.  ഇതേ കാലയളവില്‍ 2576 പേരെ നാടു കടത്തുകയും ചെയ്തു. നേരത്തെ പിടികൂടിയവരെയാണ് നടപടികള്‍ക്കു ശേഷം അതതു രാജ്യങ്ങളലേക്കു തിരികെ അയച്ചത്.
നുഴഞ്ഞു കയറിയവരെയും രാജ്യേത്ത് അനധികൃതമായി താമസിക്കുന്നവരെയും പിടികൂടുന്നതിന് നേവിയുടെയും എയര്‍ ഫോഴ്‌സിന്റെയും സഹായം പോലീസ് തേടുന്നുണ്ട്. കൂടാതെ മറ്റു സെക്യൂരിറ്റി ഏജന്‍സികളുടെ സേവനവും ആര്‍ ഒ പി ഉപയോഗിക്കുന്നു. അനധികൃതമായി രാജ്യത്തു തങ്ങുന്നവരെ പിടികൂടാന്‍ മാനവവിഭവ മന്ത്രാലയവുമായും പോലീസ് സഹകിരിച്ച് പ്രവര്‍ത്തിക്കുന്നു. രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ പതിവായി അറസ്റ്റു ചെയ്തു കൊണ്ടിരിക്കുന്നതായും വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ പിടിക്കപ്പെടുന്നുണ്ടെന്നും പോലീസ് വക്താവ് പറഞ്ഞു.
പിടികൂടുന്നവരെ രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ചുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാണ് അതതു രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ച് നാടു കടത്തുന്നത്. പിടിക്കപ്പെടുന്ന അനധികൃത താമസക്കാരെ നാടുകടത്തുന്ന നടപടികളില്‍ രാജ്യാന്തര ചട്ടങ്ങളും പാലിക്കുന്നതായി പോലീസ് പറഞ്ഞു. കടല്‍ മാര്‍ഗമാണ് മനുഷ്യക്കടത്തു സംഘങ്ങള്‍ വിദേശികളെ രാജ്യത്തേക്കു കടത്തുന്നത്. അനധികൃതമായി രാജ്യത്തു തങ്ങുന്നവര്‍ക്ക് സുരക്ഷിതത്വമൊരുക്കി തൊഴില്‍ നല്‍കുന്നതും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതേസമയം പിടികൂടുന്നവര്‍ക്ക് സ്വദേശത്തേക്ക് തിരികെ അയക്കുന്നതു വരെ ഭക്ഷണവും മറ്റു സൗകര്യങ്ങളും നല്‍കുന്നത് രാജ്യത്തെ പൗരന്‍മാരും സ്ഥാപനങ്ങളുമാണെന്നും പോലീസ് പറഞ്ഞു.
രാജ്യത്തേക്കുള്ള നുഴഞ്ഞു കയറ്റം പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന പ്രശ്‌നമാണ്. 2005ലായിരുന്നു കൂടുതല്‍ പേര്‍ നിയമം ലംഘിച്ച് രാജ്യത്തെത്തിയത്. ഇറാനിലേക്കു നടന്നു വരികയും അവിടെ നിന്നും ബോട്ട് മാര്‍ഗം ഒമാനിലേക്കു കടക്കുകയുമാണ് ചെയ്യുന്നത്. കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ഒമാന്റെ തീരപ്രദേശമാണ് രാജ്യത്തേക്കു നുഴഞ്ഞു കയറാന്‍ മനുഷ്യക്കടത്തു സംഘങ്ങള്‍ ഉപയോഗിക്കുന്നത്.

Latest