Connect with us

Gulf

ജപ്പാന്‍ ഭൂകമ്പ ദുരിതാശ്വാസം: ധന സഹായത്തില്‍ ഒമാന്‍ നാലാമത്

Published

|

Last Updated

മസ്‌കത്ത്: ജപ്പാനില്‍ നടന്ന ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ജപ്പാനീസ് റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കിയ രാജ്യങ്ങളില്‍ നാലാം സ്ഥാനത്ത് ഒമാന്‍. സൊസൈറ്റിയുടെ കണക്കുകളാണ് ഇതു വ്യക്തമാക്കുന്നത്. 179 രാജ്യങ്ങള്‍ പങ്കെടുത്ത സഹായ സമാഹരണത്തില്‍ 235 ദശലക്ഷം ഡോളറാണ് സൊസൈറ്റി സമാഹരിക്കുന്നത്.
അമേരിക്ക, തായ്‌വാന്‍ എന്നീ രണ്ടു രാജ്യങ്ങളാണ് ആദ്യ  രണ്ടു സ്ഥനത്ത്. രണ്ടു വര്‍ഷം മുമ്പ് നടന്ന ഭൂകമ്പത്തിലും സുനാമിയിലുമുണ്ടായ നാശനഷ്ടങ്ങളില്‍ പെട്ടവരെ പുനരധിവസിപ്പിക്കുന്നതുള്‍പെടെയുള്ള സഹായ പദ്ധതികള്‍ക്കാണ് ജപ്പാന്‍ സൊസൈറ്റി സഹായ സമാഹരണം നടത്തുന്നത്. സര്‍ക്കാര്‍ മുഖേനയാണ് സൊസൈറ്റി ധനസമാഹരണം നടത്തുന്നത്. അതതു സര്‍ക്കാറുകള്‍ മുഖനേയാണ് ഫണ്ട് ജപ്പാനിക്കു കൈമാറുന്നതും.
ജപ്പാനും തായ്‌വാനും തമ്മില്‍ നയതന്ത്ര ബന്ധം നിലനില്‍ക്കുന്നില്ല. എന്നാല്‍ ജപ്പാനിലെ ദുരന്തത്തില്‍ സഹായിക്കാന്‍ തായ്‌വാന്‍ രംഗത്തു വരികയായിരുന്നു. മറ്റു രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളെപ്പോലെ തന്നെ തായ്‌വാന്‍ പ്രതിനിധിയെയും പരിഗണിക്കുകയും തായ്‌വാന്റെ സഹായം സ്വീകരിക്കാന്‍ സന്നദ്ധമാവുകയുമായിരുന്നു. കഴിഞ്ഞ മാസം 11ന് ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ് സൊസൈറ്റി കണക്കുകള്‍ പുറത്തു വിട്ടത്. ദുരന്തത്തില്‍ സഹായിച്ച രാജ്യങ്ങള്‍ക്ക് ജപ്പാന്‍ നന്ദി പറഞ്ഞു.
ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും ജപ്പാനെ സഹായിക്കാനായി രംഗത്തെത്തി. അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവ ഇതില്‍ പെടുന്നു. 2011 മാര്‍ച്ചില്‍ നടന്ന ഭൂകമ്പത്തില്‍ ജപ്പാനില്‍ 70 കിലോമീറ്റര്‍ വ്യാപ്തിയിലാണ് കനത്ത നഷ്ടമുണ്ടായത്. 15,000ലധികം ആളുകള്‍ ദുരന്തത്തില്‍ മരിച്ചതായി ഔദ്യോഗിക ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു. 6,142 പേര്‍ക്ക് പരുക്കേറ്റു. 2,668 ആളുകളെ കാണാതായി. ഒരു ലക്ഷത്തിലധികം കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്. രണ്ടര ലക്ഷം കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു. ആറു ലക്ഷത്തിലധികം കെട്ടിടങ്ങള്‍ക്ക് കേടു പാടുകള്‍ സംഭവിച്ചു. 44 ലക്ഷം പേര്‍ വൈദ്യുതി യില്ലാതെയും വെള്ളമില്ലാതെയും ദുരിത ജീവിതം നയിക്കേണ്ടി വന്നു.

Latest