Connect with us

National

ഗുരുവിനൊപ്പം 'ചേരാന്‍' കര്‍ണാടകയില്‍ മൂന്ന് സ്വാമിമാര്‍ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു

Published

|

Last Updated

ബംഗളൂരു: ഒരു മാസംമുമ്പ് ജീവനൊടുക്കിയ ഗുരുവിനൊപ്പം “ചേരാന്‍” അദ്ദേഹത്തിന്റെ മൂന്ന് വിശ്വസ്ത അനുയായികള്‍ സ്വയം തയ്യാറാക്കിയ ചിതയില്‍ ചാടി ജീവനൊടുക്കി. ബദാറിലെ ഛൗലി ആശ്രമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്ന് ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് വിജയനാഥ് ജ്യോതി അറിയിച്ചു. ഇവരുടെ ഗുരുവായിരുന്ന ജ്ഞാനേശ്വര്‍ ഫെബ്രുവരി 28നാണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന്റെ 16ഉം 30ഉം 50ഉം വയസ്സുള്ള അനുയായികളാണ് ആശ്രമത്തില്‍ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് ആത്മാഹുതി ചെയ്തത്.
ആശ്രമത്തിലെ അന്തേവാസികളായിരുന്നു ഈ മൂന്ന് പേരും. “ഗുരു ജ്ഞാനേശ്വറിനോടൊപ്പം ചേരാന്‍ ഞങ്ങള്‍ ഈ ലോകം വിടുന്നു. ഗുരു ഇവിടെയില്ല. ഇനിയും ജീവിക്കുന്നതില്‍ അര്‍ഥമില്ല. ഞങ്ങള്‍ സ്വമേധയാ സ്വര്‍ഗത്തിലുള്ള ഗുരുവിനൊപ്പം പോകുന്നു.” എന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. 58കാരനായ ഗുരു ജ്ഞാനേശ്വര്‍, ആശ്രമത്തിലെ അനാരോഗ്യകരമായ ചില സംഭവവികാസങ്ങളില്‍ മനം നൊന്താണ് ജീവനൊടുക്കിയതെന്നാണ് അറിയുന്നതെന്ന് പാലീസ് ഓഫീസറായ പണ്ഡിറ്റ് സാഗര്‍ പറഞ്ഞു. ആശ്രമത്തിന്റെ സ്വത്ത് സംബന്ധിച്ച തര്‍ക്കമാണ് മരണത്തിന് പിന്നിലെന്നാണ് സൂചന. ജ്ഞാനേശ്വറിന്റെ പിന്‍ഗാമിയായ മുതിര്‍ന്ന സ്വാമി മാരുതിയെ ഗുരുവിന്റെ മരണത്തിനു ശേഷം കാണാതായിട്ടുണ്ട്. ഒരു സംഘമാളുകള്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയതായാണ് സംശയിക്കുന്നത്. ആശ്രമാധികൃതര്‍ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ക്രമസമാധാനപാലനത്തിന് സ്ഥലത്ത് കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്.

Latest