Connect with us

International

ഞെട്ടിക്കുന്ന വിവരങ്ങള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടു

Published

|

Last Updated

യാംഗൂണ്‍: മ്യാന്‍മറില്‍ കഴിഞ്ഞ മാസം പൊട്ടിപ്പുറപ്പെട്ട മുസ്‌ലിം വിരുദ്ധ കലാപത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. നിയമ പാലകരുടെ കണ്‍മുമ്പില്‍ വെച്ച് ബുദ്ധ സൈന്യാസികളടങ്ങുന്ന കലാപകാരികള്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുസ്‌ലിം കുടുംബങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. റോയിട്ടേഴ്‌സ് ലേഖകന്‍ ജെയ്‌സണ്‍ സെപ് പുറത്തുവിട്ട പ്രത്യേക റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കലാപത്തിന് ഇരയായവരെയും ദൃക്‌സാക്ഷികളായവരെയും അഭിമുഖം നടത്തിയാണ് ജെയ്‌സണ്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കലാപവുമായി സര്‍ക്കാറിനോ പോലീസിനോ യാതൊരു ബന്ധവുമില്ലെന്ന പ്രസിഡന്റ് തെയ്ന്‍ സെയ്‌നിന്റെ വാദത്തിന് തിരിച്ചടിയായിരിക്കുകയാണ് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍.

മധ്യ മ്യാന്‍മറിലെ മെയ്ക്തിലാ നഗരത്തില്‍ മാര്‍ച്ച് 21ന് ആരംഭിച്ച കലാപത്തില്‍ 43 മുസ്‌ലിംകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ ഇതിലും അധികമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. മ്യാന്‍മര്‍ തലസ്ഥാനമായ നായ്പിഡോവില്‍ നിന്ന് 80 മൈല്‍ അകലെയുള്ള മെയ്ക്തിയയില്‍ കലാപത്തെ തുടര്‍ന്ന് 13,000ത്തിലധികം ജനങ്ങള്‍ അഭയാര്‍ഥികളായി രാജ്യത്തിന്റെ പലയിടത്തേക്കുമായി പലായനം ചെയ്തിരിക്കുകയാണ്.
ബുദ്ധ സന്യാസികള്‍ നേതൃത്വം നല്‍കുന്ന “969” എന്നറിയപ്പെടുന്ന വര്‍ഗീയ സംഘടനയുടെ ആസൂത്രണത്തിലാണ് കലാപം നടന്നതെന്നും യാംഗൂണിലായിരുന്നു ആസൂത്രണമെന്നും റോയിട്ടേഴസ് ലേഖകന്‍ വ്യക്തമാക്കി. ഇതിനുള്ള തെളിവുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കലാപം ആരംഭിച്ച മാര്‍ച്ച് 21ന് “മുസ്‌ലിംകളെ കൂട്ടത്തോടെ കൊന്നൊടുക്കുക” എന്ന പ്രമേയം വര്‍ഗീയ സംഘടന പരസ്യമായി പുറത്തുവിട്ടിരുന്നു. 21ന് ശേഷം മൂന്ന് ദിവസങ്ങളിലായി മധ്യ മ്യാന്‍മറിലെ പലയിടങ്ങളിലും ക്രൂരമായ കൊലപാതകങ്ങള്‍ അരങ്ങേറി. കലാപകാരികളെ നിയന്ത്രിക്കാന്‍ ഈ മൂന്ന് ദിവസങ്ങളില്‍ പ്രവിശ്യാ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. കലാപത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടും സര്‍ക്കാര്‍ കാര്യമായി പ്രതികരച്ചിരുന്നില്ലെന്നും ലേഖകന്‍ വ്യക്തമാക്കി.
മുസ്‌ലിംകളുടെ വീടുകളും കടകളും തിരഞ്ഞുപിടിച്ച് അഗ്നിക്കിരയാക്കിയ കലാപകാരികള്‍ ഇവിടേക്ക് രക്ഷപ്രവര്‍ത്തനത്തിനെത്തിയ വാഹനങ്ങള്‍ തടയുകയും ചെയ്തു. കുട്ടികളടേതടക്കം 21 മൃതദേഹങ്ങള്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുകയും സമീപത്തെ കുന്നിന് മുകളില്‍വെച്ച് അവ കത്തിക്കുകയും ചെയ്ത നിഷ്ഠൂരമായ സംഭവത്തിന് റോയിട്ടേഴ്‌സിന്റെ ക്യാമറാമാന്‍ സാക്ഷിയാണ്.
ക്രൂരമായ ആക്രമണത്തിന് കലാപകാരികള്‍ക്കൊപ്പം ബുദ്ധ സന്യാസികളും ഉണ്ടായിരുന്നു. മെയ്ക്തിലയില്‍ സന്യാസികളിലൊരാള്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തതായി സംഭവത്തിന്റെ ദൃക്‌സാക്ഷിയും പെണ്‍കുട്ടിയുടെ ബന്ധുവുമായ വ്യക്തി ലേഖകനോട് വെളിപ്പെടുത്തി. കലാപവുമായി പോലീസ് 42 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരില്‍ കലാപത്തിന് നേതൃത്വം നല്‍കിയ ബുദ്ധ സന്യാസികളില്ലെന്നും റിപ്പോര്‍ട്ടര്‍ വ്യക്തമാക്കി.
രാജ്യത്തെ ജനസംഖ്യയില്‍ കേവലം അഞ്ച് ശതമാനം മാത്രമാണ് മുസ്‌ലിംകളുള്ളത്. ഇവരില്‍ ഭൂരിഭാഗവും റോഹിംഗ്യാ മുസ്‌ലിംകളാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബംഗ്ലാദേശില്‍ നിന്നും മറ്റും കുടിയേറി താമസിച്ച ഈ വിഭാഗക്കാരുടെ ജീവിത നിലവാരം ഏറെ പരിതാപകരമാണ്. എന്നാല്‍ മെയ്ക്തിലയിലെ മുസ്‌ലിം വിഭാഗം സാമാന്യം ഭേദപ്പെട്ട ജീവിത നിലവാരത്തിലുള്ളവരാണ്. മേഖലയിലെ ഒട്ടുമിക്ക വാണിജ്യ, വ്യാപാര രംഗങ്ങളിലും മുസ്‌ലിം പ്രാതിനിധ്യം ഉണ്ടായിരുന്നു. റോഹിംഗ്യാ മുസ്‌ലിംകള്‍ക്ക് നേരെ കഴിഞ്ഞ ഡിസംബറില്‍ രൂക്ഷമായ ആക്രമണം നടന്നിരുന്നു. അപ്പോള്‍ തന്നെ മെയ്ക്തിയയിലെ മുസ്‌ലിംകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ സന്യാസി നേതൃത്വം ആസുത്രണം ചെയ്തിരുന്നു. മുസ്‌ലിം ഉടമസ്ഥതയിലുള്ള ഒരു സ്വര്‍ണ കടയിലുണ്ടായ വാക്ക് തര്‍ക്കമാണ് കലാപത്തിലേക്ക് നയിച്ചത്.

 

Latest