Connect with us

Kerala

എല്‍ഡിഎഫ്-യുഡിഎഫ് നേതൃയോഗങ്ങള്‍ ഇന്ന്‌

Published

|

Last Updated

തിരുവനന്തപുരം:കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം നിലനില്‍ക്കെ യു ഡി എഫ്, എല്‍ ഡി എഫ് നേതൃയോഗങ്ങള്‍ ഇന്ന് തലസ്ഥാനത്ത് ചേരും. വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് യു ഡി എഫ് യോഗം. എല്‍ ഡി എഫ് ചേരുന്നത് രാവിലെ 11 മണിക്ക് എ കെ ജി സെന്ററിലും. ഘടക കക്ഷികളുടെ ആവലാതികള്‍ക്ക് പരിഹാരം തേടുകയാണ് യു ഡി എഫ് യോഗത്തിന്റെ മുഖ്യ അജന്‍ഡ. എല്‍ ഡി എഫ് യോഗമാകട്ടെ, സര്‍ക്കാറിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കാനും. ഈ മാസം രണ്ടിന് ചേരാന്‍ നിശ്ചയിച്ചിരുന്ന യു ഡി എഫ് യോഗം മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോകുന്നതിനാല്‍ മാറ്റിവെച്ചതായിരുന്നു. കെ ബി ഗണേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആര്‍ ബാലകൃഷ്ണപിള്ള നല്‍കിയ കത്താണ് യോഗത്തിന് മുന്നിലുണ്ടായിരുന്ന മുഖ്യ അജന്‍ഡയെങ്കിലും ഗണേഷ് രാജിവെച്ച സാഹചര്യത്തില്‍ നേതൃത്വത്തിന് ഈ തലവേദന ഒഴിഞ്ഞു. ഗണേഷിന്റെ ഒഴിവ് നികത്തുന്നത് സംബന്ധിച്ച ആലോചനകളും യോഗത്തിലുയര്‍ന്നേക്കാം. എന്നാല്‍, പി സി ജോര്‍ജിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജെ എസ് എസ് നല്‍കിയ കത്തില്‍ എന്തു തീരുമാനമുണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തല ഇന്നലെ ആലപ്പുഴയിലെ ഗൗരിയമ്മയുടെ വസതിയിലെത്തിയെങ്കിലും ശ്രമം വിജയിച്ചില്ല. യു ഡി എഫുമായി മാനസികമായി ഏറെ അകന്നുവെന്ന് രമേശ് ചെന്നിത്തലയെ അടുത്തിരുത്തി ഗൗരിയമ്മ പ്രതികരിക്കുകയും ചെയ്തു.
മുന്നണി നേതൃത്വത്തിനെതിരെ ചെറു കക്ഷികള്‍ നിരന്തരം വിമര്‍ശവുമായി രംഗത്തുവരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്നത്തെ യോഗം. ഘടക കക്ഷികളെ നിലക്കു നിര്‍ത്തണമെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളിലും രൂപപ്പെട്ടിട്ടുണ്ട്. ഘടക കക്ഷികളുടെ പ്രശ്‌നങ്ങളെല്ലാം ഇന്നത്തോടെ തീര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇന്നത്തെ യോഗത്തിന് ശേഷവും പരസ്യ വിമര്‍ശങ്ങള്‍ തുടര്‍ന്നാല്‍ നോക്കിനില്‍ക്കില്ലെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നണിയില്‍ നിരന്തരമുണ്ടാകുന്ന അസ്വാരസ്യങ്ങളില്‍ എ കെ ആന്റണി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാന നേതാക്കളെ അതൃപ്തി അറിയിച്ചിട്ടുണ്ട്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ഏത് സമയത്തും നടക്കുമെന്നിരിക്കെ മുന്നണിയിലെ അനൈക്യം അവസാനിപ്പിക്കണമെന്ന് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പി സി ജോര്‍ജിനെതിരെ കോണ്‍ഗ്രസിനും പരാതികളേറെയുണ്ട്. ജോര്‍ജിന്റെ വിപ്പ് അംഗീകരിക്കില്ലെന്ന് എം എല്‍ എമാര്‍ നിലപാടെടുത്തതിനെ തുടര്‍ന്ന് ടി എന്‍ പ്രതാപനാണ് ഇപ്പോള്‍ പാര്‍ട്ടി എം എല്‍ എമാര്‍ക്ക് വിപ്പ് നല്‍കുന്നത്. ഗണേഷ് കുമാറിന്റെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചത് ജോര്‍ജിന്റെ ഇടപെടലുകളാണെന്ന പൊതുവികാരവും നേതാക്കള്‍ക്കിടയിലുണ്ട്. ജോര്‍ജിനെ മാറ്റില്ലെന്ന് കെ എം മാണി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കാനാകും നേതൃത്വത്തിന്റെ ശ്രമം.
സോഷ്യലിസ്റ്റ് ജനതക്കും കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിനും ഉന്നയിക്കാന്‍ പരാതികള്‍ ഏറെയുണ്ട്. യോഗം ചേരുന്നതും മാറ്റിവെക്കുന്നതും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് ജോണി നെല്ലൂര്‍ പരാതി ഉന്നയിച്ചിരുന്നു.
അനാവശ്യ വിവാദങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നതില്‍ നേതാക്കളെല്ലാം അസ്വസ്ഥരാണ്. മുന്നണിക്കുള്ളില്‍ പരാതി പറയുന്നതിന് പകരം മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്ന പ്രവണത കൂടി വരികയാണെന്ന വിലയിരുത്തലുമുണ്ട്. എന്തായാലും ഇന്നത്തെ യോഗത്തോടെ എല്ലാം പരിഹരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. സര്‍ക്കാറിനെതിരായ പ്രക്ഷോഭങ്ങളാണ് എല്‍ ഡി എഫ് യോഗത്തിന്റെ മുഖ്യ അജന്‍ഡ. സര്‍ക്കാറിനെ താഴെ ഇറക്കണമെന്ന ചര്‍ച്ചകള്‍ കഴിഞ്ഞ യോഗത്തിലുണ്ടായിരുന്നു. മുന്നണി വിപുലീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളും യോഗത്തിന്റെ പരിഗണനക്ക് വരും.

Latest