Connect with us

Gulf

ദോഫാറിന്റെ മുരിങ്ങ വിശേഷങ്ങള്‍

Published

|

Last Updated

സലാല : കേരളത്തില്‍ നല്ല പരിചരണം വേണ്ടി വരുന്ന മുരിങ്ങ ദോഫാറിന്റെ മണ്ണില്‍ സമൃദ്ധമായി വളരുന്നു. സലാല നഗരത്തോട് ചേര്‍ന്ന തോട്ടങ്ങളിലും നഗര പരിധിക്കു പുറത്തുളള ഗ്രാമീണ പ്രദേശങ്ങളിലും കായ്ച്ചു നില്‍ക്കുന്ന മുരിങ്ങ മരങ്ങള്‍ കാണാനാകും.
ഗ്രാമീണ മേഖലകളില്‍  മലയാളികളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളളവരും യഥേഷ്ടം ഉപയോഗിച്ചിട്ടും ബാക്കിയുളള മുരിങ്ങക്കായ് ഉണങ്ങി നശിക്കാറാണ് പതിവ്. സ്വദേശികളുടെ ഓഫീസ് പരിസരങ്ങളില്‍ മറ്റു വൃക്ഷങ്ങളോടൊപ്പം മുരിങ്ങയും പരിപാലിക്കപ്പെടുന്നുണ്ട്. എന്നാല്‍ സ്വദേശികള്‍ മുരിങ്ങക്കായ ഭക്ഷണ പദാര്‍ത്ഥമായി ഉപയോഗിക്കാറില്ലാത്തതിനാല്‍ മരങ്ങളില്‍ ഉണങ്ങി നില്‍ക്കുന്ന കായ്കള്‍ ഗ്രാമീണ മേഖലകളില്‍ പതിവു കാഴ്ചയാണ്. കിലോക്ക് ഒരു റിയാലിലധികം പൊതു വിപണിയില്‍ വിലയുളളപ്പോഴാണ് ഗ്രാമീണ മേഖലകളില്‍ മുരിങ്ങക്കായ നശിച്ചു പോകുന്നത്. മലയാളികളുടെ പച്ചക്കറി വിഭവങ്ങളിലെ അവിഭാജ്യ ഘടകമായ മുരിങ്ങക്കായക്ക് ഓണം പോലെയുളള ആഘോഷ വേളകളില്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരും.
സദ വിലായത്തില്‍ പോലീസ് സ്‌റ്റേഷനിലും സ്‌കൂള്‍ കോമ്പൗണ്ടിലും ആശുപത്രി പരിസരത്തും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളോട് ചേര്‍ന്നും മുരിങ്ങ മരങ്ങള്‍ സമൃദ്ധമായി വളരുന്നുണ്ട്. എന്നാല്‍ മിക്കയിടങ്ങളിലും മലയാളികളൊഴികെ മറ്റു ആവശ്യക്കാര്‍ കുറവായതിനാല്‍ മുരിങ്ങക്കായ നശിച്ചു പോകാറാണ് പതിവ്. അപൂര്‍വമായി വിദേശികളില്‍ ചിലര്‍ ഇവ പറിച്ചെടുത്ത് സലാലയിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പന നടത്താറുണ്ട്.
അതേ സമയം മുരിങ്ങാക്കായ സലാലയിലെ തോട്ടങ്ങളില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും യു എ ഇ യിലേക്കും  മറ്റു പച്ചക്കറികളോടൊപ്പം കയറ്റി അയക്കുന്നുണ്ട്.
രാജ്യത്തെ ഉപയോഗത്തിനാവശ്യമായ മുഴുവന്‍ പച്ചക്കറികളും സലാലയില്‍ ഉത്പാദിക്കാനാവുമെന്ന് ഇതേകുറിച്ച് പഠനം നടത്തിയ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റിയിലെ അധ്യാപകരാണ് സലാലയിലെ സവിശേഷ കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതകളും ജലസേചന സൗകര്യങ്ങളും പഠന വിധേയമാക്കിയത്. സലാലയിലെ അനുകൂല ഘടകങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ചാല്‍ കാര്‍ഷിക മേഖലയില്‍ വലിയ തോതിലുളള ഉത്പാദനം സാധ്യമാകുമെന്നായിരുന്നു കണ്ടെത്തല്‍ .

Latest