Connect with us

Articles

കേരളം കുടിയിറക്കല്‍ ഭീഷണിയില്‍

Published

|

Last Updated

പലവിധ വികസന പദ്ധതികളുടെ പേരില്‍ കേരള സംസ്ഥാനം ഒന്നാകെ കുടിയിറക്കല്‍ പരിധിയിലാണ്. അന്താരാഷ്ട്ര സമൂഹം പോലും താത്പര്യത്തോടെ വീക്ഷിച്ചിരുന്ന കേരള മോഡല്‍ വികസനം എന്നതൊക്കെ ആര്‍ക്കൊക്കെയോ അലോസരമുണ്ടാക്കുന്ന വാക്കായി മാറിയിരിക്കുന്നു. ഒരു തരം “വികസന തീവ്രവാദം” കേരളത്തില്‍ വളര്‍ത്താന്‍ കോര്‍പ്പറേറ്റുകളുടെ ബിനാമികളായ ചില പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പരിശ്രമിക്കുന്നു. ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജുവിന്റെ വാക്കുകളും പെയ്ഡ് ന്യൂസ് സംബന്ധിച്ച വാര്‍ത്തകളും കടമെടുത്താല്‍ ചില ന്യായാധിപരും മാധ്യമപ്രവര്‍ത്തകരും കോര്‍പ്പറേറ്റ് കെണിയില്‍ വീണുപോയോ എന്ന സംശയവും ഉയരുന്നു. കേരളത്തിലെ എല്ലാ ജനകീയ സമരങ്ങളെയും അധിക്ഷേപിച്ചും സമരക്കാരെല്ലാം ധനമോഹികളാണെന്ന് ആരോപിച്ചും കേരളത്തിലെ ഒരു മുത്തശ്ശി പത്രത്തില്‍ അഞ്ച് ദിവസം നീണ്ടുനിന്ന പരമ്പര പ്രത്യക്ഷപ്പെട്ടത് ഈ സംശയം ബലപ്പെടുത്തുന്നു.
ദേശീയപാത വീതി കൂട്ടലിന്റെ മറവില്‍ പൊതുനിരത്തുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റുതുലക്കുന്ന ബി ഒ ടി ടോള്‍ പദ്ധതിക്ക് വേണ്ടി രാജ്യം കണ്ടിട്ടുളളതില്‍ തന്നെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനാണ് സംസ്ഥാനം കച്ചമുറുക്കുന്നത്. വീട്, ഭൂമി, വരുമാനം, കച്ചവടം, തൊഴില്‍ എന്നിവ നഷ്ടപ്പെടുന്ന നാല് ലക്ഷത്തിലധികം കുടുംബങ്ങളെ ഈ പദ്ധതി നേരിട്ട് ബാധിക്കുമെന്ന് വിശദ പദ്ധതി രേഖകളില്‍ നിന്ന് വ്യക്തമാണ്. ഇത് സമ്മതിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഭയമായതിനാല്‍ ബാധിക്കുന്നവരുടെ എണ്ണം മാറ്റിമാറ്റിപ്പറയുകയാണ്. ആദ്യം 11,000 പിന്നെ 50,000. ഇപ്പോള്‍ അത് ഒരു ലക്ഷം കുടുംബങ്ങളെ ബാധിക്കുമെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നിടത്തെത്തി നില്‍ക്കുന്നു. നമ്മുടെ കൊച്ചുസംസ്ഥാനത്ത് ഒരു ലക്ഷം കുടുംബങ്ങളെ ബാധിക്കുന്ന ഒരു പദ്ധതി നടപ്പാക്കുന്നത് സാമൂഹിക നീതിക്ക് എതിരല്ലേ എന്ന ചോദ്യത്തിന് ഉത്തരമില്ല.
സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തിനെതിരായ ബി ഒ ടി- ടോള്‍ പദ്ധതിക്കെതിരെ ഭരണ- പ്രതിപക്ഷ നിരയിലെ പല പ്രമുഖരും ഇതിനകം രംഗത്തുവന്നിട്ടുണ്ട്. 1997, 2003 വര്‍ഷങ്ങളിലെ പഠനങ്ങള്‍ 2005ലെ ഉന്നതതല യോഗം, 2010ലെ സര്‍വകക്ഷി യോഗം, 2011 ലെ പാര്‍ലമെന്റ് കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവയിലൂടെ ഈ പദ്ധതി കേരളത്തില്‍ നടപ്പാക്കാനാകില്ലെന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പദ്ധതിക്കെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും രംഗത്തു വന്നിരുന്നു. എന്നാല്‍ വാര്‍ത്തയുടെ ചൂടാറും മുമ്പ് മുഖ്യമന്ത്രി തന്നെ വാക്ക് മാറി. സംസ്ഥാനത്തിന് അസ്വീകാര്യവും അപ്രായോഗീകവുമായ പദ്ധതി ഏത് വിധേനയും മലയാളിയുടെ തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ രാഷ്ട്രീയ-കോര്‍പ്പറേറ്റ്-ബി ഒ ടി അച്ചുതണ്ട് ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നുണ്ട് എന്നതാണ് മുഖ്യമന്ത്രിയുടെ കാലുമാറ്റം തെളിയിക്കുന്നത്.
നിലവിലെ റോഡ്, പാതയോരത്തെ ജനങ്ങളുടെ വീടും ഭൂമിയും കച്ചവട സ്ഥാപനങ്ങളും, പാത നിര്‍മാണത്തിനാവശ്യമായത്ര തുക (ഗ്രാന്റ്) എന്നിവ ബി ഒ ടി കമ്പനിക്ക് നല്‍കി 30 വര്‍ഷം ടോളിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കാനുള്ള ലൈസന്‍സും നല്‍കുന്ന പദ്ധതി ജനതാത്പര്യത്തിന് വിരുദ്ധമാണെന്ന് വ്യക്തം. തുടക്കത്തില്‍ സ്വദേശ കുത്തകയിലൂടെ കരാര്‍ നേടി. പിന്നീട് വിദേശികളുടെ കരങ്ങളിലേക്ക് പൊതുനിരത്ത് അടിയറ വെക്കുന്ന ജാലവിദ്യ മണ്ണുത്തി- ഇടപ്പളളി കരാറിലൂടെ വെളിച്ചത്ത് വന്നു കഴിഞ്ഞു. സ്വകാര്യവത്കരണത്തെ നഖശിഖാന്തം എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന കക്ഷികള്‍ പോലും ഇതിനെതിരെ രംഗത്ത് വരാത്തത് പല സംശയങ്ങള്‍ക്കും ഇട നല്‍കുന്നു. സംസ്ഥാനത്തെ 1560 കിലോ മീറ്റര്‍ നീളമുള്ള ദേശീയ പാതകള്‍ ഇത്തരത്തില്‍ വിദേശ കുത്തകകള്‍ കൈയടക്കാനൊരുങ്ങുന്നുവെന്ന താക്കീതാണ് മണ്ണുത്തി-ഇടപ്പളളി മോഡല്‍ നല്‍കുന്നത്.
രാഷ്ട്രീയ കക്ഷികളുടെ നിലപാടുകളും അവയുടെ വിശ്വാസ്യതയും സംശയത്തിന്റെ നിഴലിലാണ്. ഹൈവേ പോലെ തന്നെ സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നീളത്തില്‍ സ്ഥലമെടുപ്പ് വേണ്ടിവരുന്ന നിരവധി പദ്ധതികളാണ് പരിഗണനയിലുളളത്. തീരദേശ റോഡ്, മലയോര ഹൈവേ, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി, അതിവേഗ റെയില്‍ എന്നിവക്കെല്ലാം പുറമെ തെക്ക് വടക്ക് അതിവേഗ റോഡും പരിഗണനയിലുണ്ടെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇതിനെല്ലാം പുറമെ ആറന്‍മുള, ഇടുക്കി, കുട്ടനാട്, വയനാട് എന്നിവിടങ്ങളില്‍ പുതിയ വിമാനത്താവളങ്ങള്‍, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളുടെ വികസനം എന്നിവക്കെല്ലാം കുടിയൊഴിപ്പിക്കല്‍ ആവശ്യമാണ്. കൊച്ചിയിലെ പെട്രോ കെമിക്കല്‍ കോംപ്ലക്‌സ്, കോയമ്പത്തൂര്‍ – കൊച്ചി പ്രത്യേക വ്യവസായ നിക്ഷേപ ഇടനാഴി എന്നിവക്ക് പതിനായിരകണക്കിന് ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കോച്ച് ഫാക്ടറി മെട്രോ-മോണോ റെയിലുകളുടെ പേരിലും കുടിയൊഴിപ്പിക്കല്‍ ഭീഷണിയുണ്ട്.
മാത്രമല്ല എല്ലാ ജില്ലകളിലും പുതിയ ഐ ടി പാര്‍ക്കുകള്‍, കിന്‍ഫ്രയുടെ വികസനം, പുതിയ വ്യവസായ എസ്റ്റേറ്റുകള്‍, ഭവനനിര്‍മാണ പദ്ധതികള്‍, വിഴിഞ്ഞം ബേപ്പൂര്‍ തുടങ്ങിയ തുറമുഖ വികസന പദ്ധതികള്‍ എന്നിവക്കെല്ലാം ജനങ്ങളെ കുടിയൊഴിപ്പിച്ച് ഭൂമിയേറ്റെടുക്കണം. വനപ്രദേശം, കുത്തകതോട്ടങ്ങള്‍, വയല്‍-തണ്ണീര്‍ത്തടങ്ങള്‍, കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍, പുഴകള്‍-കായലുകള്‍ എന്നിവയെല്ലാം കഴിച്ച് മൂന്നര കോടി മലയാളികള്‍ എല്ലാവരും കൂടി ഇത്തിരി വട്ടം സ്ഥലത്താണ് തല ചായ്ക്കാനും തൊഴില്‍ ചെയ്യാനും ഇടം കണ്ടെത്തുന്നത്.
സര്‍ക്കാറിന്റെ പരിഗണനയിലുളള കുടിയൊഴിപ്പിക്കല്‍ പദ്ധതികളിലൂടെ ഒന്നോടിച്ച് നോക്കിയാല്‍ സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും ഒന്നല്ലെങ്കില്‍ മറ്റൊരു പദ്ധതിക്ക് വേണ്ടിയുള്ള കുടിയൊഴിപ്പിക്കലിന്റെ ആശങ്കയിലോ ബാധിക്കുമോ എന്ന ഭയത്തിലോ കഴിഞ്ഞുകൂടുന്നവരായി മാറിയിരിക്കുന്നു. മുമ്പെന്നത്തേക്കാളുപരി അന്യായമായ കുടിയൊഴിപ്പിക്കലുകള്‍ക്കെതിരെയുളള സമരങ്ങള്‍ക്ക് ജനപിന്തുണ കിട്ടുന്നതും ജനശ്രദ്ധയാകര്‍ഷിക്കുന്നതും അടുത്ത ഇര താനായിരിക്കുമോ എന്ന ഭയം ഇടത്തരം മലയാളിയില്‍ മുള പൊട്ടിയിരിക്കുന്നുവെന്നതിനാലാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വഞ്ചനയുടെ പുതിയ മാനങ്ങള്‍ തീര്‍ത്തിട്ടും അത്തരം ജനകീയ സമരങ്ങള്‍ ശക്തി പ്രാപിക്കുന്നതിന് മറ്റ് കാരണങ്ങള്‍ തിരയേണ്ടതില്ല.
നേര്‍ക്ക് നേര്‍ അഴിമതി, വന്‍തോതില്‍ കുടിയൊഴിപ്പിക്കല്‍, പൊതു താത്പര്യത്തിന് വിരുദ്ധം എന്നിവ നിറഞ്ഞ പദ്ധതിയാണെങ്കിലും ശരി വികസനത്തിന്റെ മൂടുപടമിട്ട് വരുന്നവയാണെങ്കില്‍ അതിനെ ആരും എതിര്‍ത്തുപോകരുത് എന്ന മട്ടിലുള്ള ഒരു തരം വികസന തീവ്രവാദമാണ് ഇന്ന് കേരളം നേരിടുന്ന ഗുരുതരപ്രശ്‌നം. കേരളത്തില്‍ ഈ പ്രചരണത്തിന് ആക്കം കൂട്ടാന്‍ ശക്തമായ ഒരു ലോബി തന്നെ ഭരണപ്രതിപക്ഷ നേതാക്കളുടെ ഒത്താശയോടെ രംഗത്തുള്ളതായി സംശയമുണ്ട്. വാദങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുന്നതിന് വേണ്ടി ഇരകള്‍ക്ക് മുന്തിയ നഷ്ടപരിഹാരം നല്‍കണമെന്ന് ഇക്കൂട്ടര്‍ വാദിക്കുകയും ചെയ്യും.
ദേശീയ പുനരധിവാസ നിയമം നിലവില്‍ വന്നു, പുനരധിവാസവും ഭൂമിക്ക് നാല് ഇരട്ടി വിലയും ലഭിക്കുമെന്നൊക്കെ പ്രചരണങ്ങളുണ്ടായി. എന്നാല്‍ നിയമം ഇപ്പോഴും കടലാസില്‍ തന്നെയെന്ന വസ്തുത മറച്ചുെവക്കപ്പെട്ടു. നിര്‍ദിഷ്ട നിയമത്തില്‍ പോലും റോഡുകള്‍, റെയില്‍, പൈപ്പ് ലൈന്‍, സൈനിക ആവശ്യങ്ങള്‍ എന്നിങ്ങനെ ഏറ്റവും കൂടുതല്‍ ഭൂമിയേറ്റെടുപ്പ് വേണ്ടിവരുന്ന 16 ഇനങ്ങളെ പാക്കേജ് നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന പച്ച പരമാര്‍ഥവും ഒളിച്ചുവെച്ചു.
നാളിതുവരെ 1894ലെ പൊന്നും വിലനിയമമനുസരിച്ചാണ് സംസ്ഥാനത്ത് ഭൂമിയേറ്റെടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഹൈവേക്ക് വേണ്ടി 1956ലെ ഹൈവെ ആക്ടനുസരിച്ചും വാതക പൈപ്പ് ലൈനിന് 1962ലെ പെട്രോളിയം നിയമമനുസരിച്ചുമാണ് ഭൂമിയേറ്റെടുക്കുന്നത്. പൊന്നും വില നിയമമനുസരിച്ച് ഭൂ ഉടമക്ക് സര്‍ക്കാര്‍ തീരുമാനിക്കുന്ന പൊന്നുംവിലയോടൊപ്പം 30 ശതമാനം സൊലേഷ്യം, 12 ശതമാനം അധിക നഷ്ടപരിഹാരം, ആദ്യ വര്‍ഷം ഒന്‍പത് ശതമാനവും തുടര്‍ന്ന് 15 ശതമാനവും പലിശ എന്നിവ ലഭിക്കാന്‍ അവകാശമുണ്ട്. ഹൈവേ നിയമത്തിലാകട്ടെ വെറും പൊന്നുംവില മാത്രമേ ലഭിക്കൂ. പെട്രോളിയം നിയമത്തില്‍ പൊന്നുംവില പോലും നല്‍കേണ്ടതില്ല, പകരം അതിന്റെ 10 ശതമാനം മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതി. സെന്റിന് പല ലക്ഷം വിലയുളള ഭൂമിയാണെങ്കിലും ശരി സര്‍ക്കാറിന്റെ പൊന്നുംവില കാല്‍ ലക്ഷം പോലുമുണ്ടാകില്ലെന്നോര്‍ക്കണം.
കേരളത്തിന്റെ സമരമാപിനിയില്‍ പ്രതിഷേധത്തിന്റെ കരുത്തും ചൂടും ഉയരുകയാണ്. ജനപക്ഷത്ത് നിന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെങ്കില്‍ അത് സംസ്ഥാനത്തിന് എല്ലാ അര്‍ഥത്തിലും തിരിച്ചടിയാകുമെന്നുറപ്പാണ്.