Connect with us

Gulf

സാലിക് ടോള്‍ ഗേറ്റ് 15 മുതല്‍: ഷാര്‍ജക്കുള്ള യാത്ര പൊള്ളും

Published

|

Last Updated

ഷാര്‍ജ: ഈ മാസം 15 മുതല്‍ ദുബൈ-ഷാര്‍ജ റൂട്ടില്‍ സാലിക് ഏര്‍പ്പെടുത്തുന്നതോടെ ഷാര്‍ജക്കുള്ള യാത്ര പൊള്ളും. ദുബൈ-ഷാര്‍ജ റൂട്ടിലെ അല്‍ ഇത്തിഹാദ് റോഡിലൂടെ യാത്രചെയ്യുന്നവര്‍ ഓരോ യാത്രക്കും നാല് ദിര്‍ഹം വീതം സാലിക് നല്‍കേണ്ടിവരും.

ദുബൈയിലും ജെബല്‍ അലിയിലും ജോലി ചെയ്യുകയും ഷാര്‍ജയിലും അജ്മാനിലും താമസിക്കുകയും ചെയ്യുന്നവര്‍ ഓഫീസിലേക്കുള്ള ഓരോ യാത്രക്കും നാല് ദിര്‍ഹം വീതം നല്‍കണമെന്ന് ചുരുക്കം. ഒരു ദിവസം എട്ട് ദിര്‍ഹം ചെലവ് വരും.
ഏതാനും ദിവസങ്ങളായി ദുബൈയിലും ജെബല്‍ അലിയിലും ജോലി ചെയ്യുന്നവരുടെ മുഖ്യ സംസാര വിഷയമായി സാലിക് മാറിയിരിക്കുകയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളിലും കോഫി ഷോപ്പുകളിലും സുഹൃത്തുക്കള്‍ കണ്ടുമുട്ടുമ്പോള്‍ കൈമാറുന്നത് സാലിക്കിനെകുറിച്ചുള്ള ആശങ്കകളാണ്. കൂടുതല്‍ തവണ യാത്ര ചെയ്യുന്നവര്‍ സാലിക്കായി കൂടുതല്‍ തുക നല്‍കേണ്ടതായും വരും.
സാലിക്കില്‍ നിന്ന് രക്ഷനേടാന്‍ മിക്ക വാഹനങ്ങളും മുഹമ്മദ് ബിന്‍ സായിദ് റോഡിനെ (ഇ 311) യാവും ആശ്രയിക്കുകയെന്നതിനാല്‍ ഈ റോഡില്‍ വലിയ ഗതാഗതക്കുരുക്കിനാവും സാലിക് നടപടി വഴിവെക്കുകയെന്നാണ് പൊതുവെ വിലയിരുത്തുന്നത്. നിലവില്‍ നഗരത്തിന്റെ റോഡുകളെ കുറിച്ച് അടുത്തറിയുന്നവര്‍ വേഗത്തിലും സാലിക് ഒഴിവാക്കാനുമായി ഉപയോഗിക്കുന്ന അപ്രധാന റോഡുകള്‍ മറ്റുള്ളവര്‍ കണ്ടുപിടിച്ചേക്കാമെന്നും ഇത് ഈ വഴികളിലും ഗതാഗത സ്തംഭനത്തിന് ഇടയാക്കിയേക്കുമെന്നുമുള്ള ഭയവും ഇവര്‍ കൈമാറുന്നു.
നിലവില്‍ 2,60,000 കാറുകളാണ് ദിനേന അല്‍ ഇത്തിഹാദ് റോഡിലൂടെ സഞ്ചരിക്കുന്നത്. ഗതാഗതം പാരമ്യത്തില്‍ എത്തുന്ന രാവിലെയും വൈകുന്നേരവും ഈ റൂട്ടില്‍ ഇപ്പോള്‍ കടുത്ത ഗതാഗതക്കുരുക്കാണ് കണ്ടുവരുന്നത്. അര മണിക്കൂര്‍ ആവശ്യമായ ഷാര്‍ജ-ദുബൈ റൂട്ടില്‍ തിരക്കുള്ള അവസരത്തില്‍ ഒരു മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ യാത്രക്കായി വേണ്ടിവരുന്നുണ്ട്. ഗതാഗതക്കുരുക്ക് അതിരൂക്ഷമാവുന്ന അവസരത്തില്‍ ഈ റൂട്ടിലെ ഏറ്റവും തിരക്കേറിയ 20 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ രണ്ട് മണിക്കൂര്‍ വരെ ആവശ്യമായി വരാറുണ്ട്.
അല്‍ ഇത്തിഹാദ് റോഡില്‍ സാലിക് ഏര്‍പ്പെടുത്തുന്നതിന് ആര്‍ ടി എ പറയുന്ന കാരണം അനിയന്ത്രിതമായ ഈ റോഡിലെ തിരക്കാണ്. സാലിക് നടപ്പാവുന്നതോടെ ഈ റൂട്ടില്‍ നിന്നും 1,500 കാറുകള്‍ മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കോ എമിറേറ്റ്‌സ് റോഡിലേക്കോ മാറുമെന്നാണ് ആര്‍ ടി എയുടെ കണക്കുകൂട്ടല്‍. ഇത്രയും കാറുകള്‍ മാറുന്നതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാകുന്ന അവസ്ഥക്കും പരിഹാരമാവുമെന്നാണ് കണക്കുകൂട്ടല്‍.
എന്നാല്‍ ഈ രണ്ട് റോഡുകളും സുരക്ഷിതമല്ലെന്ന ഭയം വാഹനം ഓടിക്കുന്നവര്‍ക്കുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ഈ രണ്ട് റോഡിലുമായി 18 ജീവനുകളാണ് അപകടങ്ങളില്‍ പൊലിഞ്ഞത്. ദുബൈയില്‍ അപകടത്തില്‍ കുപ്രസിദ്ധമായവയാണ് ഈ രണ്ട് റോഡുകളുമെന്നതിനാല്‍ 15 മുതല്‍ സാലിക് ഏര്‍പ്പെടുത്തുന്നതോടെ എന്താവും ഈ റൂട്ടുകളിലെ അവസ്ഥയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.