Connect with us

Gulf

ഒമാനില്‍ ലീഗല്‍ പ്രൊഫഷന് പുതിയ നിയമം നിലവില്‍ വരും

Published

|

Last Updated

മസ്‌കത്ത്: ജി സി സി അഭിഭാഷകരുടെയും ആര്‍ബിട്രേറ്റര്‍ മാരുടെയും പത്താമത് ഫോറം മസ്‌കത്തില്‍ സമാപിച്ചു. രണ്ടു ദിവസമായി ഇന്റര്‍ കോണ്ടിനന്റല്‍ ഹോട്ടലിലാണ് ഫോറം നടന്നത്. കൊമേഴ്ഷ്യല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍, ഒമാനി ലോയേഴ്‌സ് അസോസിയേഷന്‍, ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ട്രസ്ട്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.
നീതിന്യായ മന്ത്രി ഷെയ്ഖ് അബ്ദുല്‍ മാലിക് ബിന്‍ അബ്ദുല്ല അല്‍ ഖലീലിയാണ് ഉദ്ഘാടനം ചെയ്തത്. വിശുദ്ധ ഗേഹങ്ങളുടെ സൂക്ഷിപ്പുകാരന്റെ ഉപദേഷ്ടാവും സഊദി ആര്‍ബിട്രേഷന്‍ മേധാവിയുമായ ഡോ. ബന്ദര്‍ ബിന്‍ സല്‍മാന്‍ അല്‍ സഊദ് രാജകുമാരന്‍ മുഖ്യാഥിതിയായിരുന്നു.
നിയമ മേഖലയുമായി ബന്ധപ്പെട്ട് ഒമാന്‍ നിയമഭേദഗതി കരട് സംബന്ധിച്ച് ഫോറം ചര്‍ച്ച ചെയ്തു. നിയമവുമായി ബന്ധപ്പെട്ട ജോലിയിലെ വനിതാ പങ്കാളിത്തം, ട്രേഡ് യൂനിയന്‍ സംവിധാനം, തര്‍ക്ക ഇതര പ്രമേയം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. ഗള്‍ഫ് അഭിഭാഷകരുടെ യൂനിയനെ കുറിച്ചും ചര്‍ച്ചയുണ്ടായി. ആര്‍ബിട്രേഷന്‍ ആന്‍ഡ് ജുഡീഷ്യല്‍ നിയമത്തിന് സുല്‍ത്താന്റെ പിന്തുണയുണ്ടാകുമെന്ന് നീതിന്യായ മന്ത്രി പറഞ്ഞു. ലീഗല്‍ പ്രൊഫഷനെ സഹായിക്കുന്ന പുതിയ നിയമം ഉടനെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജി സി സിയിലെ അഭിഭാഷകരുടെ കൂട്ടായ്മ രാജ്യങ്ങള്‍ക്കിടയില്‍ സൗഹൃദം വര്‍ധിപ്പിക്കുമെന്നും സാംസ്‌കാരികവും, സാമൂഹികവും, സാംസ്‌കാരികവുമായ ആശയകൈമാറ്റത്തിന് വാതില്‍ തുറക്കുമെന്നും സഊദി രാജകുമാരന്‍ ഡോ. ബന്ദര്‍ ബിന്‍ സല്‍മാന്‍ അല്‍ സഊദ് പറഞ്ഞു.
2007 മുതല്‍ നിയമ രംഗത്തെ മാറ്റത്തിനും വികസനത്തിനുമായി തങ്ങളുടെ നേതൃത്വത്തില്‍ പ്രയത്‌നിക്കുന്നുണ്ടെന്ന് ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ജിഹാദ് ബിന്‍ അബ്ദുല്ല അല്‍ തയിന്‍ പറഞ്ഞു. പൊതു സമൂഹ സംഘടനകളും, സ്വകാര്യ മേഖലയും, ട്രേഡ് യൂനിയനുകളും, അറബ് ഗള്‍ഫ് സഹകരണ കൗണ്‍സിലും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ഫോറം ആഹ്വാനം ചെയ്തു. മൂന്ന് ഘട്ടങ്ങളിലായാണ് ഫോറത്തില്‍ ചര്‍ച്ചകള്‍ നടന്നത്. ലീഗല്‍ പ്രൊഫഷനുള്ള ഒമാന്‍ നിയമമാണ് ആദ്യം ചര്‍ച്ച ചെയ്തത്. ജി സി സി രാജ്യങ്ങളിലെ നിയമ സംവിധാനത്തിലെ വനിതാ പങ്കാളിത്തവും പിന്നീട് ചര്‍ച്ചാ വിഷയമായി.

Latest