Connect with us

Malappuram

കാട്ടുജീവികള്‍ വിഹരിക്കുന്നു; ദുരന്ത മുഖത്ത് ഒരു വിമാനത്താവളം

Published

|

Last Updated

കൊണ്ടോട്ടി:കാട്ടു ജീവികളുടെ വിഹാരങ്ങള്‍ക്ക് നടുവില്‍ ഒരു വിമാനത്താവളം. വ്യോമ ഗതാഗതത്തിനു ഭീഷണിയായ ജന്തുക്കള്‍ യഥേഷ്ടം സൈ്വര്യ വിഹാരം നടത്തുന്നതിന് കരിപ്പൂര്‍ വിമാനത്താവളം അധികൃതര്‍ സൗകര്യം ചെയ്തു കൊടുത്തതു പോലെയുണ്ട് കാര്യങ്ങള്‍. രണ്ട് കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ടേബിള്‍ ടോപ് മാതൃകയിലുള്ള റണ്‍ വേയുടെ താഴ്ഭാഗം പൂര്‍ണമായും കാട് മൂടിക്കിടക്കുകയാണ്. കടുത്ത വേനലില്‍ പോലും പച്ച പിടിച്ചു നില്‍ക്കുന്ന കാട് നായ്ക്കള്‍, കുറുക്കന്‍, പനവെരുക്, വിഷപ്പാമ്പുകള്‍ എന്നിവ കൊണ്ട് സമ്പന്നമാണ്.

വിമാനങ്ങള്‍ക്ക് ഭീഷണിയാകുന്ന പരുന്തുകളും ഈ കാടുകളിലെ നിത്യ കാഴ്ചയാണ്. റണ്‍ വേയിലൂടെ തലങ്ങും വിലങ്ങും ഓടുന്ന വന്യ ജന്തുക്കള്‍ ടേക്ക് ഓഫ് സമയത്തും ലാന്റിംഗ് സമയത്തും പലപ്പോഴും വിമാനങ്ങള്‍ക്ക് ഭീഷണിയായിട്ടുണ്ട്. മൂന്ന് മാസം മുമ്പ് രാത്രി എട്ടു മണിക്കുള്ള എയര്‍ ഇന്ത്യയുടെ ഷാര്‍ജ വിമാനം ടേക് ഓഫിനിടെ വിമാനത്തിന്റെ ഫാനില്‍ പനവെരുക് കുടുങ്ങുകയും ആകാശത്ത് വെച്ച് നടക്കേണ്ടിയിരുന്ന വന്‍ ദുരന്തം പൈലറ്റിന്റെ മനോ ധൈര്യം കാരണം ഒഴിവാകുകയായിരുന്നു. വിമാനത്തിന്റെ പ്രൊപല്ലര്‍ റണ്‍വേയിലൂടെ ഓടുകയായിരുന്ന പനവെരുകിനെ വലിച്ചെടുക്കുകയായിരുന്നു. അസാധാരണ ശബ്ദത്തോടെ പറന്നുയര്‍ന്ന വിമാനത്തിന്റെ വലത് എന്‍ജിന്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമായി. അപ്പോഴേക്കും വിമാനം പറന്നുയര്‍ന്ന് അര മണിക്കൂര്‍ പിന്നിട്ടിരുന്നു. ഉടന്‍ പൈലറ്റ് എയര്‍ ട്രാഫിക് കണ്ട്രോളുമായി ബന്ധപ്പെട്ട് വിമാനം അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു. 200 ല്‍ ഏറെ യാത്രക്കാരുണ്ടായിരുന്നു വിമാനത്തില്‍. പകരം എന്‍ജിന്‍ സ്ഥാപിക്കാന്‍ 50 കോടിയിലധികം രൂപയാണ് എയര്‍ ഇന്ത്യക്ക് ചെലവായത്. വിമാനത്തില്‍ പനവെരുക് കുടുങ്ങിയ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കതിരിക്കാന്‍ റണ്‍ വേക്ക് ചുറ്റുമുള്ള കാടുകള്‍ വെട്ടുന്നതിന് വിമാനത്താവള അതോറിറ്റി തീരുമാനമെടുത്തിരുന്നങ്കിലും കാട് ഇപ്പോഴും കാട് മൂടിത്തന്നെ കിടക്കുകയാണ്.
റണ്‍വേ വികസനത്തിന് മുമ്പുണ്ടായിരുന്ന വീടുകള്‍ പോലും ഈ കാട്ടിനുള്ളില്‍ കാണാനാകും. ഈ കെട്ടിടങ്ങള്‍ ഇപ്പോള്‍ കാട്ടു ജന്തുക്കളുടെ ഭവനങ്ങളാണ്. വിമാനം അപകടത്തില്‍പെട്ടത് പോലെ ടെര്‍മിനലിനകത്ത് പാമ്പുകള്‍ കയറുന്നതും കരിപ്പൂരില്‍ സാധാരണമായിട്ടുണ്ട്. കാട്ടു ജന്തുക്കള്‍ കൊണ്ട് സംഭവിക്കേണ്ടിയിരുന്ന വന്‍ ദുരന്തം ഭാഗ്യം കൊണ്ട് ഒഴിവായിട്ടും മറ്റൊരു ദുരന്തത്തിനു കാരണമാകുന്ന ഈ കാടുകള്‍ വെട്ടിത്തെളിക്കുന്നതിന് ശ്രമങ്ങളുണ്ടായിട്ടില്ല.

 

Latest