Connect with us

Kannur

ആവശ്യക്കാര്‍ കൂടുതല്‍ ഇളനീരിന് പൊള്ളുന്ന വേനലില്‍ ആശ്വാസമായി ശീതളപാനീയ വിപണി സജീവം

Published

|

Last Updated

കണ്ണൂര്‍: നാടും നഗരവും പൊള്ളിച്ചു വേനല്‍ കത്തിക്കാളിയതോടെ ശീതളപാനീയ വിപണി ജില്ലയില്‍ എല്ലായിടങ്ങളിലും സജീവം. തദ്ദേശീയ ഉല്‍പന്നങ്ങള്‍ മുതല്‍ ബഹുരാഷ്ട്ര കുത്തകകള്‍ വരെ അരങ്ങു വാഴുന്ന പാനീയ വിപണിയില്‍ വേനല്‍ചൂടിനെപ്പോലും വെല്ലുന്ന കച്ചവടമാണ് കഴിഞ്ഞ ഒരു മാസം കൊണ്ട് കച്ചവടക്കാര്‍ നേടിയത്. യുവത്വത്തെ ആകര്‍ഷിക്കാന്‍ പരസ്യതന്ത്രങ്ങളുമായി സോഫ്റ്റ് ഡ്രിംഗ്‌സുകള്‍ വിപണിയില്‍ സജീവസാന്നിധ്യമാണെങ്കിലും പരസ്യങ്ങളുടെ പിന്തുണയില്ലാതെ തന്നെ തദ്ദേശീയ പാനീയങ്ങള്‍ക്ക് തന്നെയാണ് ആവശ്യക്കാരേറെയും.

ഒരു ഗ്ലാസ് ഇളനീര്‍ ജ്യൂസിന് 20 രൂപയും ഇളനീര്‍ സോഡയ്ക്ക് 15 രൂപയുമാണു വില. ഇളനീരിന്റെ 90 ശതമാനവും തമിഴ്‌നാട്ട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിക്കുന്നത്. ഇളനീര്‍ ഉല്‍പന്നങ്ങള്‍ക്കു മാത്രമായി പത്തിലധികം പാര്‍ലറുകളാണു നഗരത്തിലുള്ളത്. ദേശീയപാതയോരത്തും പ്രധാനറോഡുകള്‍ക്കിരുവശവും താല്‍ക്കാലിക കരിമ്പിന്‍ ജ്യൂസ് പാര്‍ലറുകളും സജീവമായിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നെത്തുന്ന കരിമ്പു പിഴിഞ്ഞു ജ്യൂസാക്കാന്‍ യന്ത്രങ്ങളും റെഡി. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ വാടകയ്ക്ക് എടുത്താണ്‌വില്‍പന.
വത്തക്കവെള്ളത്തിനും ആവശ്യക്കാരേറെ. ഒരു ഗ്ലാസിനു 10 രൂപക്ക് തണ്ണിമത്തന്‍ ജ്യൂസ് ലഭിക്കുമ്പോള്‍ മുറിച്ചു വച്ച തണ്ണിമത്തന് അഞ്ചു രൂപയാണ് വില. കൂള്‍ബാറുകളില്‍ ജ്യൂസിന് പുറമെ ഷെയ്ക്ക് ഉത്പന്നങ്ങളുടെ കച്ചവടവും തകൃതിയാണ്. ജലക്ഷാമം രൂക്ഷമായതോടെ വെള്ളത്തിന്റെ ശുദ്ധത ഉറപ്പു വരുത്താന്‍ വാട്ടര്‍ പ്യൂരിഫയറുകള്‍ ഒട്ടുമിക്ക കൂള്‍ബാറുകളിലും ഇടം പിടിച്ചിട്ടുണ്ട്.
ലൈം ജ്യൂസ്, സര്‍ബത്ത്, മില്‍ക്ക് സര്‍ബത്ത്, സോഡ, ലൈം സോഡ തുടങ്ങിയ പരമ്പരാഗത പാനീയങ്ങള്‍ക്കും ഡിമാന്റ് കുറഞ്ഞിട്ടില്ല. പ്രമുഖ കമ്പനികളുടെ സോഫ്റ്റ് ഡ്രിംഗ്‌സുകള്‍ പല പേരുകളില്‍ വിപണിയിലുണ്ട്. മിനറല്‍ വാട്ടര്‍ വിപണനവും ഇരട്ടിയായിട്ടുണ്ട്. 15 രൂപ മുതല്‍ 20 രൂപ വരെയാണ് ഒരു ലിറ്റര്‍ മിനറല്‍ വാട്ടറിനു വില. ശുദ്ധമായതും കണ്‍മുന്നില്‍ നിര്‍മിക്കുന്നതുമായ കരിമ്പ് ജ്യൂസിന് വേനല്‍ചൂടില്‍ ആവശ്യക്കാരേറെയാണ്. പാതയോരങ്ങളിലെ തണല്‍മരങ്ങള്‍ക്ക് ചുവട്ടിലാണ് കരിമ്പ്ജ്യൂസ് കടകള്‍.