Connect with us

Gulf

10 വയസുള്ള കുട്ടികളും മയക്കുമരുന്നിന് അടിപ്പെടുന്നതായി ആഭ്യന്തര മന്ത്രാലയം

Published

|

Last Updated

ദുബൈ: മയക്കുമരുന്നിന് അടിപ്പെടുന്ന കുട്ടികളുടെ പ്രായം 17ല്‍ നിന്നും 10 വയസായി കുറയുന്നതായി ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ആശങ്കയുണ്ടാക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.
ലോകത്ത് ആകെ എത്തുന്ന അനധികൃത മയക്കുമരുന്നുകളുടെ 40 ശതമാനവും ഗള്‍ഫ് മേഖലയിലാണെന്ന് ദുബൈ പോലീസിന്റെ കൗമാരബോധവത്കരണ വിഭാഗം സെക്രട്ടറി ജനറലായ ഡോ. മുഹമ്മദ് അബ്ദുല്ല മുറാദ് വ്യക്തമാക്കി. കൗമാരത്തില്‍പ്പോലും എത്താത്ത കുട്ടികള്‍ക്കിടയില്‍ ഉപയോഗം വര്‍ധിക്കാനുള്ള കാരണം അനധികൃത വഴിയിലൂടെ രാജ്യത്തേക്ക് എത്തുന്ന മയക്കുമരുന്നാണ്. ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിക്കുന്ന 999 എന്ന മാഗസിനിലാണ് ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കുട്ടികള്‍ സുഹൃത്തുക്കളിലൂടെയാണ് മയക്കുമരുന്നിന് അടിപ്പെടുന്നതെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആഫിയ ഹെല്‍ത്ത് സെന്റര്‍ ഡയറക്ടര്‍ ശംസ അബ്ദുല്ല ഹമ്മാദ് പറഞ്ഞു.
19-ാം വയസിലാണ് ഉപയോഗം തുടങ്ങിയതെന്ന് ഒരു കുട്ടി ചികിത്സക്കിടെ വെളിപ്പെടുത്തിയതായി അവര്‍ പറഞ്ഞു. ഒരു പാര്‍ട്ടിക്കിടെ സുഹൃത്തുക്കളാണ് സിഗരറ്റില്‍ നിറച്ച മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിച്ചത്. നല്ല സാധനമാ വലിച്ചോ എന്ന് പറയുകയായിരുന്നു. ഉപയോഗിച്ചപ്പോള്‍ വല്ലാത്തൊരു അനുഭൂതി തോന്നി. പിന്നെ ഇതില്ലാതെ പറ്റില്ലെന്ന അവസ്ഥയുമായെന്നും യുവാവ് പറഞ്ഞതായും ശംസ വ്യക്തമാക്കി.
ട്രമഡോളാണ് കുട്ടികള്‍ക്ക് എളുപ്പം ലഭിക്കുന്ന മയക്കുമരുന്ന്. രണ്ട് മുതല്‍ 10 വരെ ദിര്‍ഹത്തിന് ഇത് യഥേഷ്ടം കിട്ടുന്ന സ്ഥിതിയാണെന്നും ചികിത്സാ അനുഭവങ്ങള്‍ പങ്കിട്ട് ഈ ഡോക്ടര്‍ വെളിപ്പെടുത്തി.

Latest