Connect with us

Gulf

സാലിക് കവാടങ്ങള്‍ തുറന്നു; ഗതാഗതക്കുരുക്കിന് ശമനം

Published

|

Last Updated

ദുബൈ:ദുബൈയില്‍ രണ്ട് സാലിക് കവാടങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇത്തിഹാദ് റോഡില്‍ മംസാറിലും എയര്‍പോര്‍ട്ട് ടണല്‍ റോഡിലുമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മംസാറിലെ സാലിക് കവാടം കാരണം ദുബൈ-ഷാര്‍ജ റോഡില്‍ വാഹനത്തിരക്ക് നന്നേ കുറഞ്ഞു. രാവിലെ ഇവിടെ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുണ്ടായിരുന്നത്. 
ഇന്നലെ രണ്ട് കവാടങ്ങള്‍ നിലവില്‍ വന്നതോടെ ദുബൈയില്‍ സാലിദ് കവാടങ്ങള്‍ ആറായി. സാധാരണ പുലര്‍ച്ചെ നാല് മുതല്‍ വന്‍ ഗതാഗത തിരക്കാണ് അനുഭവപ്പെടാറുള്ളത്.
അല്‍ മുല്ല പ്ലാസ മുതല്‍ ഷാര്‍ജ അല്‍ അന്‍സാര്‍ മാള്‍ വരെ വാഹനങ്ങളുടെ നീണ്ട നിര നിത്യ കാഴ്ചയായിരുന്നു. ഇന്നാകട്ടെ ഗതാഗത തിരക്കൊന്നുമില്ലാതെ വാഹനങ്ങള്‍ സുഗമമായി കടന്നുപോകുന്ന കാഴ്ചയാണ് കാണാനായത്. ടോള്‍ ഗേറ്റിന് സമീപം അല്‍പനേരം ഗതാഗത സ്തംഭനമുണ്ടായതൊഴിച്ചാല്‍ വേറെ പ്രശ്‌നമൊന്നുമില്ല.
അല്‍ മക്തൂം, ഗര്‍ഹൂദ് പാലങ്ങള്‍, അല്‍ ബര്‍ഷ, അല്‍ സഫാ എന്നിവിടങ്ങളിലാണ് മറ്റു സാലിക് ഗേറ്റുകളുള്ളത്. ഏറെ പഠനങ്ങള്‍ നടത്തിയ ശേഷമാണ് മൂന്നാം ഘട്ട സാലിക് ഗേറ്റുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഷാര്‍ജയില്‍ നിന്നും ദുബൈയിലേക്കാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നത്. വരും ദിവസങ്ങളില്‍ തിരക്ക് ഇനിയും കുറയുമെന്നാണ് സൂചന. ദുബൈയിലേക്കും തിരിച്ചും നാല് ദിര്‍ഹം വീതമാണ് സാലിക് നിരക്ക്.
ഷാര്‍ജയില്‍ നിന്നും ദുബൈയിലേക്ക് സര്‍വീസ് നടത്തുന്ന സ്‌കൂള്‍ ബസുകളില്‍ അധികവും സാലിക് എടുത്തിട്ടില്ല. ഇവക്ക് സാലിക് പ്രാവര്‍ത്തികമാക്കുന്നതോടെ അധിക ബാധ്യതയും വരും.
അതേസമയം ഇത്തിഹാദ് റോഡില്‍ തിരക്ക് കുറഞ്ഞെങ്കിലും ഷാര്‍ജയില്‍ നിന്നും ദുബൈയിലേക്കുള്ള ഉപറോഡുകളില്‍ വന്‍ തിരക്കാണ് രാവിലെ അനുഭവപ്പെട്ടത്. വാഹനം ഓടിക്കുന്നവര്‍ സാലിക് ഒഴിവാക്കാനായി ഉപ റോഡുകളെ ആശ്രയിച്ചതാണ് കാരണം.
ഷാര്‍ജയില്‍ താമസിച്ച് ദുബൈയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കം ഒട്ടേറെ പേര്‍ അല്‍ ഇത്തിഹാദ്, എയര്‍ പോര്‍ട്ട് ടണല്‍ വഴി നിത്യേന സഞ്ചരിക്കുന്നുണ്ട്. ഇവര്‍ക്ക് പുതിയ ഗെയ്റ്റുകള്‍ അധിക ചെലവുണ്ടാക്കുമെങ്കിലും വൈകുന്നേരങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

---- facebook comment plugin here -----

Latest