Connect with us

Kerala

യു ജി സി മാതൃകയില്‍ സ്‌കൂളുകളില്‍ ഗ്രേഡിംഗ് ആലോചിക്കും: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കോളജുകള്‍ക്ക് യു ജി സി മാതൃകയില്‍ അക്രഡിറ്റേഷന്‍ നല്‍കുന്ന സംവിധാനത്തിന്റെ മാതൃകയില്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഗ്രേഡിംഗ് നിശ്ചയിക്കുന്ന കാര്യം ആലോചിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്. ഈ സംവിധാനം സ്‌കൂളുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് ഉപകരിക്കുമെന്നാണ് കരുതുന്നത്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിച്ച് പദ്ധതികള്‍ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ.പി ഒ ജെ ലബ്ബ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വിശദമായി പരിശോധിച്ച് ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളായി തിരച്ച് പരിഹാരം കാണേണ്ട വിഷയങ്ങളില്‍ നടപടി സ്വീകരിക്കും. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയുടെ പല കോഴ്‌സുകള്‍ക്കും പി എസ് സി യുടെ അംഗീകാരമില്ല. മികച്ച തൊഴിലധിഷ്ടിത കോഴ്‌സുകള്‍ക്ക് പി എസ് സിയുടെ അംഗീകാരം നേടാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറികളിലെ വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനുള്ള ലബ്ബ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രൊഫ.പി ഒ ജെ ലബ്ബ, പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍, കെ ജി സുകുമാര പിള്ള, പ്രൊഫ. കെ എ ഹാഷിം, പി സി വിഷ്ണുനാഥ് എം എല്‍ എ സംബന്ധിച്ചു.