Connect with us

International

വെനിസ്വേലയില്‍ പ്രതിപക്ഷ പ്രക്ഷോഭം; ഏറ്റുമുട്ടലില്‍ നാല് മരണം

Published

|

Last Updated

കാരക്കസ്: പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാത്ത പ്രതിപക്ഷ പാര്‍ട്ടി പ്രക്ഷോഭവുമായി രംഗത്ത്. തലസ്ഥാനമായ കാരക്കസില്‍ ഹെന്റിക് കാപ്രിലസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തിലെ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പോലീസിനു നേരെ കല്ലെറിഞ്ഞതോടെ തലസ്ഥാനത്ത് കനത്ത ഏറ്റുമുട്ടല്‍ നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലിനിടെ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സര്‍ക്കാര്‍ കാര്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന പശ്ചിമ കാരക്കസിലാണ് പ്രക്ഷോഭം അരങ്ങേറിയത്. കാപ്രിലസിന്റെ കൂറ്റന്‍ കട്ടൗട്ടുകളുമായി പ്രക്ഷോഭത്തിനിറങ്ങിയ സംഘം സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി.

തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാനാകില്ലെന്നും വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്നും കഴിഞ്ഞ ദിവസം കാപ്രിലസ് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ച ഷാവേസിന്റെ അടുത്ത അനുയായിയും സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായ നിക്കോളാസ് മദുറോ തിരഞ്ഞെടുപ്പ് അട്ടിമറിച്ചിട്ടുണ്ടെന്നും കാപ്രിലസ് കുറ്റപ്പെടുത്തിയിരുന്നു. കാരക്കസില്‍ പൊട്ടിപുറപ്പെട്ട പ്രക്ഷോഭം പ്രതിപക്ഷ സഖ്യത്തിന് സ്വാധീനമുള്ള രാജ്യത്തെ മറ്റ് മേഖലകളിലേക്കും വ്യാപിക്കാനിടയുണ്ട്. അതേസമയം, രാജ്യത്ത് അനാവശ്യ പ്രക്ഷോഭം സംഘടിപ്പിച്ച് ക്രമസമാധാനം തകര്‍ക്കുന്ന നടപടി പ്രതിപക്ഷം ഒഴിവാക്കണമെന്നും ജനവിധി അംഗീകരിക്കാന്‍ കാപ്രിലസ് തയ്യാറാകണമെന്നും നിക്കോളാസ് മദുറോ ആവശ്യപ്പെട്ടു. നിലവിലെ ഇടക്കാല പ്രസിഡന്റായ മദുറോ പ്രക്ഷോഭം നേരിടാന്‍ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന കാപ്രിലസിന്റെ ആവശ്യം പരിഗണിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം മദുറോ പറഞ്ഞിരുന്നു. നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച മദുറോ നിയമവിരുദ്ധമായാണ് ഭരണത്തിലേറിയിരിക്കുന്നതെന്നാണ് ഇപ്പോഴത്തെ ആരോപണം. മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അന്തരിച്ചതിനെ തുടര്‍ന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മദുറോക്ക് 50.66 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായ കാപ്രിലസിന് 49.07 ശതമാനം വോട്ടുകളാണ് ലഭിച്ചത്.