Connect with us

Sports

ജുവന്റസിന് കിരീടം ഏഴ് പോയിന്റരികെ

Published

|

Last Updated

മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ ലാസിയോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ജുവെന്റസ് കിരീടത്തിനരികെ. നിലവിലെ ചാമ്പ്യന്‍മാരായ ജുവെന്റസിന് ലീഗില്‍ ആറ് മത്സരങ്ങള്‍ ശേഷിക്കെ ഏഴ് പോയിന്റ് കൂടി നേടിയാല്‍ ഇറ്റലിയില്‍ കിരീടം നിലനിര്‍ത്താം. 32 മത്സരങ്ങളില്‍ ജുവെന്റസിന് 74 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള നാപോളിക്ക് 63 പോയിന്റ്. പതിനൊന്ന് പോയിന്റ് വ്യത്യാസത്തിലാണ് ജുവെ ഒന്നാം സ്ഥാനത്ത് തുടരുന്നത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനോട് കനത്ത പരാജയമേല്‍ക്കേണ്ടി വന്ന ജുവെന്റസ് ലീഗ് കുതിപ്പിലാണ് ആശ്വാസം കണ്ടെത്തുന്നത്. മറ്റ് മത്സരങ്ങളില്‍ എ സി മിലാന്‍ – നാപോളി (1-1), ചീവോ വെറോണ-കറ്റാനിയ(0-0), പാലെര്‍മോ-ബൊളൊഗ്ന (1-1), ജെനോവ-സാംഡോറിയ(1-1) സമനിലയില്‍. ഇന്റര്‍മിലാനെ 0-2ന് കാഗ്‌ലിയാരിഅട്ടിമറിച്ചപ്പോള്‍ എ എസ് റോമ 2-1 ടൊറിനോയെ കീഴടക്കി. ഉദിനിസെ 3-0ന് പാര്‍മയെ തകര്‍ത്തു.

നാപോളിയെ തളച്ച എ സി മിലാന്‍ 59 പോയിന്റോടെ ലീഗ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ്.55 പോയിന്റുള്ള ഫിയോറന്റീനയും 51 പോയിന്റുള്ള ലാസിയോയും നാലും അഞ്ചും സ്ഥാനത്ത്. 51 പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട റോമ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പായ യൂറോപ്പ ലീഗ സ്‌പോട് ലക്ഷ്യമിട്ട് വരും മത്സരങ്ങളില്‍ പോരാട്ടം കാഴ്ചവെക്കും.
ആര്‍തുറോ വിദാലിന്റെ ഇരട്ടഗോളുകളാണ് ലാസിയോക്കെതിരെ ജുവെന്റസിന് ജയമൊരുക്കിയത്. എട്ടാം മിനുട്ടിലെ പെനാല്‍റ്റി ഗോളിലാണ് വിദാല്‍ ലീഡ് നേടിയത്. അരമണിക്കൂറിന് രണ്ട് മിനുട്ടിരിക്കെ വിദാലിന്റെ രണ്ടാം ഗോളും പിറന്നു. ഇന്റര്‍മിലാനെ കാഗ്‌ലിയാരി അട്ടിമറിച്ചത് രണ്ടാം പകുതില്‍ മൗറിസിയോ പിനിലയുടെ ഇരട്ടഗോളിലാണ്. അറുപത്തിമൂന്നാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ലീഡെടുത്ത കാഗ്‌ലിയാരി എഴുപത്താറാം മിനുട്ടില്‍ ജയം പൂര്‍ത്തിയാക്കി. പാബ്ലോ ഒസ്‌വാല്‍ഡോ, എറിക് ലമെല എന്നിവരാണ് എ എസ് റോമക്കായി സ്‌കോര്‍ ചെയ്തത്. ഇരുപത്തൊമ്പതാം മിനുട്ടില്‍ മുന്‍ ആഴ്‌സണല്‍ താരം മാത്യു ഫഌമിനിയുടെ ഗോളില്‍ എ സി മിലാനാണ് ആദ്യം ലീഡെടുത്തത്. നാല് മിനുട്ടിനുള്ളില്‍ നാപോളി ഗോരന്‍ പാന്‍ഡെവിലൂടെ സമനില പിടിച്ചെടുത്തു.
ജുവെന്റസ് കിരീടത്തിലേക്കുള്ള വലിയൊരു പടി കയറിയിരിക്കുകയാണ് ,ലാസിയോക്കെതിരെ ജയിച്ചു കൊണ്ട് – ജുവെ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ബഫണ്‍ പറഞ്ഞു. ചാമ്പ്യന്‍ എന്ന് ഇപ്പോള്‍ വിശേഷിപ്പിക്കുന്നില്ല. പക്ഷേ, ഞങ്ങള്‍ ചാമ്പ്യന്‍ പട്ടത്തിലേക്കാണ്. ഏഴ് പോയിന്റ് അരികെയാണത്. ലാസിയോ മികച്ച പോരാട്ടം കാഴ്ചവെച്ചു. അവര്‍ക്കും അവരുടെ കാണികള്‍ക്കും പ്രത്യേക അഭിനന്ദനം. വലിയ ബഹുമാനമാണ് അവര്‍ ഞങ്ങള്‍ക്ക് നല്‍കിയത്. ഒളിമ്പികോ സ്റ്റേഡിയത്തില്‍ ജയിക്കുക അത്ര എളുപ്പമല്ല, ആ രാത്രി ജുവെയുടെതായതിനാല്‍ ജയം സാധ്യമായി-ബുഫണ്‍ പറഞ്ഞു.