Connect with us

Sports

80 പോയിന്റ്; മാഞ്ചസ്റ്റര്‍ റെക്കോര്‍ഡ് ലക്ഷ്യമിടുന്നു

Published

|

Last Updated

ലണ്ടന്‍: സ്റ്റോക് സിറ്റിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എണ്‍പത് പോയന്റ് തികച്ചു. 32 മത്സരങ്ങളില്‍ നിന്നാണിത്. ആറ് മത്സരങ്ങള്‍ ശേഷിക്കെ മാഞ്ചസ്റ്റര്‍ യുനൈറ്റ് 2004-05 സീസണില്‍ ചെല്‍സി കുറിച്ച 95 പോയിന്റുകളുടെ റെക്കോര്‍ഡുകള്‍ ലക്ഷ്യമിടുന്നു.
യുനൈറ്റഡിന്റെ പ്രധാനികളായ വെയിന്‍ റൂണിയും റോബിന്‍ വാന്‍ പഴ്‌സിയും ചെല്‍സിയുടെ റെക്കോര്‍ഡ് തകര്‍ക്കുന്നതിനെ കുറിച്ച് മാത്രമാണിപ്പോള്‍ ചിന്തിക്കുന്നത്. ഞങ്ങള്‍ മികച്ച ഫോമിലാണ്. തീര്‍ച്ചയായും ആ നാഴികക്കല്ല് മറികടക്കും. സ്റ്റോക് സിറ്റിക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ കോച്ച് ഓര്‍മിപ്പിച്ചത് റെക്കോര്‍ഡിനെ കുറിച്ചായിരുന്നു. എല്ലാ മത്സരങ്ങളും ജയിക്കേണ്ടതുണ്ട് പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍- വെയിന്‍ റൂണി പറഞ്ഞു. ലീഗ് കിരീടം നേടുക എന്നത് മാത്രമല്ല ഞങ്ങളുടെ ഉന്നം. പരമാവധി പോയിന്റുകള്‍ നേടണം. ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കേണ്ടതുണ്ട്-വാന്‍ പഴ്‌സി പറഞ്ഞു. ആറ് മത്സരങ്ങളും ജയിച്ചാല്‍ പതിനെട്ട് പോയിന്റ് യുനൈറ്റഡിന് ലഭിക്കും. ഇതോടെ 98 പോയിന്റുകള്‍ എന്ന സര്‍വകാല റെക്കോര്‍ഡ് സ്വന്തമാക്കാം. അഞ്ച് മത്സരങ്ങള്‍ ജയിച്ചാല്‍ ചെല്‍സിക്കൊപ്പം 95 പോയിന്റിന്റെ റെക്കോര്‍ഡ് പങ്കിടേണ്ടി വരും. ഇന്ന് വെസ്റ്റ്ഹാമിനെതിരെ യുനൈറ്റഡ് ആറ് മത്സരങ്ങളിലെ ആദ്യത്തെത് കളിക്കും. 22ന് ആസ്റ്റന്‍വിയക്കെതിരെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ രണ്ടാം മത്സരം. 28ന് ആഴ്‌സണലിന്റെ തട്ടകത്തിലുള്ള മത്സരമാണ് യുനൈറ്റഡിന് വെല്ലുവിളിയാവുക. ഫോം വീണ്ടെടുത്ത ആഴ്‌സണല്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്. മെയ് അഞ്ചിന് ചെല്‍സിക്കെതിരെയുള്ളതും യുനൈറ്റഡിന്റെ റെക്കോര്‍ഡിന് ഭീഷണിയാണ്. സ്വാന്‍സിയ, വെസ്‌ബ്രോം ടീമുകള്‍ക്കെതിരെയാണ് മറ്റ് മത്സരങ്ങള്‍.