Connect with us

Kozhikode

ലാന്‍ഡ് അക്വിസിഷന്‍ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

Published

|

Last Updated

വടകര: ദേശീയപാത വികസനത്തിന് വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കമ്പോള വിലയും പുനരധിവാസ പാക്കേജും മുന്‍കൂറായി പ്രഖ്യാപിച്ച് നടപ്പിലാക്കുന്നതുവരെ എല്ലാ നടപടികളും നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാതാ കര്‍മസമിതി വടകര ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാരുടെ ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം എടോടി വഴി എല്‍ എ ഓഫീസിന് മുന്നിലെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. സമരസമിതി പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് ഏറെ നേരം സംഘര്‍ഷത്തിലേക്ക് നയിച്ചത്. കര്‍മസമിതി നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ നിവേദനം നല്‍കാന്‍ ഓഫീസിലേക്ക് കയറുന്നത് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം.
ജനപ്രതിനിധികള്‍, സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകര്‍, പാതാവികസനത്തിന്റെ ഭാഗമായി ജില്ലയില്‍ ഒഴിപ്പിക്കപ്പെടുന്ന പള്ളികള്‍, ക്ഷേത്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികള്‍ ഉള്‍പ്പെടെ 1500 ലധികം ആളുകള്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു.
മാര്‍ച്ച് സി കെ നാണു എം എല്‍ എ ഉദ്ഘാടനം ചെയ്തു. നിയമസഭയില്‍ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പുനരധിവാസ പാക്കേജ് നടപ്പിലാക്കാത്ത യാതൊരുവിധ കുടിയൊഴിപ്പിക്കലും അനുവദിക്കാനാവില്ലെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എം എല്‍ എ പറഞ്ഞു.
സി പി ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. ഇ എം ദയാനന്ദന്‍, മനയത്ത് ചന്ദ്രന്‍, എന്‍ പി രാജന്‍, ആര്‍ സത്യന്‍, എന്‍ പി ഭാസ്‌കരന്‍, മണലില്‍ മോഹനന്‍, പി എസ് ഹക്കീം, പി എം സലാംഹാജി, എ ടി മഹേഷ്, പ്രദീപ് ചോമ്പാല, കെ അന്‍വര്‍ഹാജി, സി കെ വിജയന്‍, സി കെ മൊയ്തു, റസാഖ് പാലേരി, സഹദ് വടകര, പി കെ കുഞ്ഞിരാമന്‍, ബിജു കളത്തില്‍, അബു തിക്കോടി സംസാരിച്ചു.

---- facebook comment plugin here -----

Latest