Connect with us

Kerala

ഡി എം ആര്‍ സിക്ക് 3.25 ശതമാനം കണ്‍സള്‍ട്ടന്‍സി ഫീസ്

Published

|

Last Updated

തിരുവനന്തപുരം:തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് ഡി എം ആര്‍ സിയുമായി ധാരണ. കണ്‍സള്‍ട്ടന്‍സി ഫീസ് സംബന്ധിച്ച തര്‍ക്കങ്ങളെല്ലാം പരിഹരിച്ചു. പദ്ധതി ചെലവിന്റെ 3.25 ശതമാനം കണ്‍സള്‍ട്ടന്‍സി ഫീ നല്‍കാമെന്ന് ഇന്നലെ ചേര്‍ന്ന മോണോ റെയില്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ധാരണയായി. നേരത്തെ ഡി എം ആര്‍ സി മൂന്നര ശതമാനം ഫീസ് വേണമെന്ന നിലപാടിലായിരുന്നു. മൂന്ന് ശതമാനമായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നത്. എന്നാല്‍, ഇ ശ്രീധരന്റെ കൂടി സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം 3.25 ശതമാനം കണ്‍സള്‍ട്ടന്‍സി ഫീയായി നല്‍കാമെന്ന് തീരുമാനിച്ചതോടെയാണ് തര്‍ക്കം പരിഹരിച്ചത്. 15 ദിവസത്തിനകം ധാരണാപത്രം ഒപ്പിടാനാകുമെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞ് അറിയിച്ചു. സ്ഥലമേറ്റെടുപ്പ് കുറവുള്ള കോഴിക്കോട് പദ്ധതിയായിരിക്കും ആദ്യം തുടങ്ങുക. മെഡിക്കല്‍ കോളജ് മുതല്‍ മാനാഞ്ചിറ വരെയും മാനാഞ്ചിറ മുതല്‍ മീഞ്ചന്ത വരെയുമാണ് കോഴിക്കോട് മോണോ റെയില്‍. ഇതില്‍ മെഡിക്കല്‍ കോളജ് മുതല്‍ മാനാഞ്ചിറ വരെ കാര്യമായ സ്ഥലമേറ്റെടുപ്പ് വേണ്ടി വരില്ല. 1991 കോടി രൂപയാണ് കോഴിക്കോട് പദ്ധതിയുടെ നിര്‍മാണ ചെലവ്. 16.2 കിലോമീറ്ററാണ് ദൈര്‍ഘ്യം. പള്ളിപ്പുറം മുതല്‍ നെയ്യാറ്റിന്‍കര വരെ 42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് തിരുവനന്തപുരം മോണോ റെയില്‍. മോണോ റെയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കഴക്കൂട്ടം തമ്പാനൂര്‍ റോഡ് നാല് വരിയായി വികസിപ്പിക്കും.

 

Latest