Connect with us

Health

വീട്ടില്‍ ഒരു ഔഷധത്തോട്ടം

Published

|

Last Updated

ഉത്പത്തി മുതല്‍ മനുഷ്യര്‍ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവരാണ്. ഭൂമിയിലെ ആവാസ വ്യവസ്ഥിതിയില്‍ മനുഷ്യരും ഇതര ജന്തുക്കളും സസ്യ ലതാദികളും പരസ്പരം ആശ്രിതരാണ്. ശ്വസിക്കാനുള്ള ഓക്‌സിജന്‍ മുതല്‍ ഭക്ഷണ വിഭവങ്ങള്‍ വരെ സസ്യലോകം ഒരുക്കിത്തരുമ്പോള്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡും മറ്റു ജൈവ ഘടകങ്ങളും ജന്തുലോകം തിരിച്ചും നല്‍കുന്നു. സന്തുലിതമായ ഈ പരിണാമ പ്രക്രിയയുടെ തുടര്‍ച്ചയെന്നോണം ജന്തു-സസ്യ വര്‍ഗങ്ങള്‍ പരസ്പരം സഹകരിച്ചു ജൈവ മണ്ഡലത്തില്‍ നില കൊള്ളുകയാണ്. ഈ ഘടനാ വിശേഷത്തിനു വരുന്ന അസന്തുലിതാവസ്ഥയുടെ തോതനുസരിച്ചു ജീവജാലങ്ങള്‍ രോഗങ്ങള്‍ക്ക് അടിപ്പെടുകയോ നശിക്കുകയോ ചെയ്യുന്നു.

ഭൂമുഖത്ത് സസ്യശാസ്ത്രജ്ഞര്‍ തരം തിരിച്ചു പേരിട്ടു വിളിച്ച ഒന്നര ലക്ഷത്തോളം സസ്യങ്ങളുണ്ട്. ഇവയെല്ലാം ഏതെങ്കിലും തരത്തില്‍ മനുഷ്യര്‍ക്കു ഉപകാരപ്രദമാണ്. രോഗങ്ങളെ ഭേദപ്പെടുത്താന്‍ പ്രാപ്തമായ ഔഷധങ്ങള്‍ ഇതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യയില്‍ ഉള്ളതായി കണക്കാക്കപ്പെടുന്ന 47000 സസ്യജനുസ്സുകളില്‍ 8000 ത്തിന് ഔഷധ ഗുണമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 2500 ത്തോളം സസ്യങ്ങള്‍ ഇന്ത്യയിലെ നാടന്‍ ചികിത്സാ സമ്പ്രദായത്തില്‍ ഉപയോഗപ്പെടുത്തി വരുന്നു. ഏകദേശം 800 ഓളം സസ്യങ്ങള്‍ ഔഷധ നിര്‍മ്മാണ വ്യവസായത്തിനായി ഉപയോഗപ്പെടുത്തുന്നു. വികസ്വര രാജ്യങ്ങളിലെ 80 ശതമാനത്തോളം ജനങ്ങള്‍ ആരോഗ്യ സംരക്ഷണത്തിനായി ഔഷധ സസ്യങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള പാരമ്പര്യ ചികിത്സയാണ് അവലംബിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നു.

ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ചു ചികിത്സകള്‍ വിധിക്കുന്ന പാരമ്പര്യ ചികിത്സാ മാര്‍ഗങ്ങള്‍ അശാസ്ത്രീയമെന്നും പ്രാകൃതമെന്നും മുദ്ര കുത്തപ്പെട്ടിരുന്നു. എന്നാല്‍ കാലം മാറി. ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഔഷധ സസ്യങ്ങളോടും പ്രകൃതിയോടും പ്രകൃതിയുമായി ഇണങ്ങിയുള്ള ചികിത്സാ മാര്‍ഗങ്ങളോടും പ്രിയം ഏറി വരികയാണ്. പുരാതന ചികിത്സാ വിഭാഗമായ ആയുര്‍വേദം, യൂനാനി തുടങ്ങിയവക്ക് ശക്തമായ പ്രചാരമാണ് ആഗോള തലത്തില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. ആയുര്‍വേദത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് വിദേശികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകവും ഇതാണ്.
എന്നാല്‍ ജനങ്ങള്‍ക്ക് ഹെര്‍ബല്‍ മെഡിസിനോട് താത്പര്യം വര്‍ധിച്ചു വരുമ്പോള്‍ നാട്ടിന്‍ പുറങ്ങളില്‍ നാം പരിപാലിച്ചു വളര്‍ത്തിപ്പോന്നിരുന്ന പല ഔഷധച്ചെടികളും അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണെന്നത് ഒരു ദുഃഖ സത്യമത്രെ.

പാരമ്പര്യമായി കൈമാറി വന്നിരുന്ന പല നാടന്‍ ചികിത്സാ മുറകളും പുതിയ തലമുറക്ക് അന്യമാണ്. ചെറിയൊരു കഫക്കെട്ട് വരുമ്പോഴേക്കും ഇ എന്‍ ടി സ്‌പെഷ്യലിസ്റ്റിനെ സമീപിക്കുന്ന പ്രവണതയാണ് പൊതുവെ കണ്ടു കൊണ്ടിരിക്കുന്നത്. പ്രധാനപ്പെട്ട ചില ഔഷധച്ചെടികള്‍ വീട്ടില്‍ ഉണ്ടായാല്‍, ചെറിയ രോഗങ്ങള്‍ക്ക് ഡോക്ടറെ സമീപിക്കുന്ന അവസ്ഥ ഒഴിവാക്കാനാകുമെന്ന കാര്യം ഇന്നത്തെ തലമുറക്കറിയില്ല.

“പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക” എന്ന കാഴ്ചപ്പാട് ലോകമെമ്പാടും സ്വീകാര്യമായി വരുന്ന ഇക്കാലത്ത് ഔഷധ സസ്യങ്ങളുടെ ആവശ്യകത വര്‍ധിച്ചു വരികയാണ്. എന്നാല്‍ ഇതിനനുസൃതമായി ഔഷധ സസ്യങ്ങള്‍ ലഭ്യമാകുന്നില്ല. മാത്രമല്ല, ഉള്ളവ തന്നെ നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഔഷധ സസ്യങ്ങളുടെ സ്വാഭാവിക ഉറവിടമായ കാടുകളും വനപ്രദേശങ്ങളും മനുഷ്യന്റെ അമിത ചൂഷണത്തിന്റെയും, പ്രകൃതിയുടെ സന്തുലിതാവസ്ഥക്കു വിരുദ്ധമായ വികസന പ്രവര്‍ത്തനങ്ങളുടെയും ഫലമായി കുറഞ്ഞു വരികയാണല്ലോ. പുഴക്കരയിലും തോടുകള്‍ക്കരികിലും വയല്‍ പ്രദേശങ്ങളിലും സമൃദ്ധമായി വളര്‍ന്നിരുന്ന പല ഔഷധ സസ്യങ്ങളും മണ്ണിട്ട് നികത്തലിന്റെ ഫലമായി അപ്രത്യക്ഷമാവുകയാണ്. ആദ്യകാലത്ത് വീടിന്റെ മുറ്റത്ത് വളര്‍ത്തിയിരുന്നു തുളസി, പനക്കൂര്‍ക്ക, ആടലോടകം തുടങ്ങിയ ചെടികള്‍ കോണ്‍ഗ്രീറ്റും ഇന്റര്‍ലോക്കും പാകിയ ഇന്നത്തെ മുറ്റങ്ങളില്‍ കാണ്‍മാനില്ല.

ഔഷധച്ചെടികളെ കുറിച്ചുള്ള അറിവ് സാധാരണക്കാര്‍ക്ക് ഉണ്ടായാല്‍ മാത്രമെ അവ വളര്‍ത്താന്‍ അവര്‍ താത്പര്യം കാണിക്കുകയുള്ളു. വിദ്യാലയങ്ങളില്‍ പ്രാഥമിക ഘട്ടം മുതലേ ഔഷധച്ചെടികളെ സംബന്ധിച്ച പാഠങ്ങള്‍ ഉള്‍പ്പെടുത്തി കുട്ടികളില്‍ ഇക്കാര്യത്തില്‍ അവബോധം വളര്‍ത്തിയെടുക്കുകയാണ് ഇതിനാദ്യമായി ചെയ്യേണ്ടത്. പുസ്തക നിര്‍മ്മാണ സമിതിയും സര്‍ക്കാറും ഇക്കാര്യത്തില്‍ താത്പര്യം കാണിക്കണം. ഔഷധച്ചെടികളെ കുറിച്ച് അല്‍പമെങ്കിലും അറിവുള്ളവര്‍ അവ ഉപയോഗപ്പെടുത്തുകയും നട്ടു വളര്‍ത്തുകയും ചെയ്യുമെന്നത് തീര്‍ച്ച.

പല കാര്‍ഷിക വിളകളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ആദായം ഔഷധ സസ്യ കൃഷിയിലൂടെ ലഭിക്കുന്നുണ്ട്. ഈ കൃഷിയുടെ പ്രാധാന്യം, അനിവാര്യത, പരിപോഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ദേശീയ ഔഷധ സസ്യ ബോര്‍ഡും സംസ്ഥാന ഔഷധ സസ്യ ബോര്‍ഡും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പുതിയ ലോകത്തിന്റെ സ്പന്ദനങ്ങള്‍ മനസ്സിലാക്കി കര്‍ഷകര്‍ ഈ രംഗത്തേക്ക് കാലെടുത്ത് വെക്കേണ്ടിയിരിക്കുന്നു. പറമ്പുകളിലും വയലുകളിലും കളയായി കണ്ടു വരുന്ന കുറുന്തോട്ടി, കാട്ടുപടവലം, മൂവില തുടങ്ങിയ ഒട്ടേറെ ഇനങ്ങള്‍ നിലങ്ങള്‍ പാകമാക്കി വ്യവസ്ഥാപിതമായി കൃഷി ചെയ്യുകയും വേണ്ട പരിചരണം നടത്തുകയും ചെയ്താല്‍ നല്ല ലാഭം നേടിയെടുക്കാന്‍ സാധിക്കും.

മരമഞ്ഞള്‍, കരിങ്ങാലി, തിപ്പലി, ശതാവരി, കിരിയാത്ത്, കറ്റാര്‍വാഴ, കസ്തൂരി മഞ്ഞള്‍, ബ്രഹ്മി, നെല്ലി, ഓരില, അടപതിയന്‍ തുടങ്ങിയവ ലളിതമായ രീതിയില്‍ കൃഷി ചെയ്തു വിജയകരമായി വിളവെടുപ്പ് നടത്താവുന്നതാണ്.

ഔഷധത്തോട്ടങ്ങള്‍

വീടിന്റെ പരിസരങ്ങളില്‍ ഔഷധത്തോട്ടങ്ങള്‍ വച്ചു പിടിപ്പിച്ചാല്‍ കാഴ്ചക്കു അലങ്കാരവും മനുഷ്യ ജീവന് ഉപകാരവുമാകും. തുളസി, പനിക്കൂര്‍ക്ക എന്നിവയുടെ നീര് പനിക്ക് വളരെ ഫലപ്രദമാണ്. ആടലോടകം കഫത്തിന് അത്യുത്തമമാണ്. അത് പുഷ്പിച്ചാല്‍ അലങ്കാരവുമായി. ലജ്ജാലു എന്ന പേരുള്ള തൊട്ടാവാടി പ്രമേഹത്തിന് മികച്ച ഔഷധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഞെരിഞ്ഞിലും തഴുതാമയും ശരീരത്തിലെ നീരുകള്‍ക്കും പുരുഷ ഗ്രന്ഥി വീക്കത്തിനും ഫലം ചെയ്യുന്നു. വയറിളക്കത്തിന് ഉപയോഗിക്കുന്ന കടകപ്പാല, മുത്തങ്ങ തുടങ്ങി പല ചെടികളും മുറ്റത്ത് തന്നെ വളര്‍ത്താവുന്നതാണ്.

അല്‍പം പരിചരണം ആവശ്യമുണ്ടെങ്കിലും ആര്യവേപ്പിന്റെ മരം വീട്ടുവളപ്പില്‍ വളര്‍ത്തിയാല്‍ അന്തരീക്ഷം തന്നെ അണുവിമുക്തമാകുന്നു. വ്രണങ്ങളും ചൊറിയും ആര്യവേപ്പിന്റെ ഇല തിളപ്പിച്ച വെള്ളം കൊണ്ട് കഴുകിയാല്‍ അണുവിമുക്തിയും രോഗമുക്തിയും ലഭിക്കുന്നു. വാതത്തിനും ജ്വരങ്ങള്‍ക്കും വിശേഷമായ ചിറ്റമൃതിന്റെ വള്ളി വീട്ടുവളപ്പില്‍ വളര്‍ത്താവുന്നതാണ്. ഇങ്ങനെ നിരവധി ഔഷധച്ചെടികള്‍ വീട്ടുവളപ്പില്‍ സ്വന്തം ഉപയോഗത്തിനും അലങ്കാരത്തിനും ആദായത്തിനുമായി വളര്‍ത്താകുന്നതാണ്.

Latest