Connect with us

Wayanad

കിഴങ്ങ് കൃഷി നിര്‍ത്തിവെക്കാന്‍ റവന്യു ഉത്തരവ്; പഞ്ചായത്തും റവന്യൂ വകുപ്പും ശീത സമരത്തിന്

Published

|

Last Updated

മാനന്തവാടി: അന്യം നിന്ന്‌കൊണ്ടിരിക്കുന്ന കിഴങ്ങ് വിളകള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി എടവക പഞ്ചായത്തും ഫേണ്‍സ് മാനന്തവാടിയും ചേര്‍ന്ന് ജൈവവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന കിഴങ്ങ് കൃഷി നിര്‍ത്തിവെക്കാന്‍ റവന്യു ഉത്തരവ്. റവന്യു സ്ഥലത്താണ് കൃഷി നടത്തുന്നതെന്ന കാരണത്താല്‍ മാനന്തവാടി തഹസില്‍ദാറുടെ നിര്‍ദേശ പ്രകാരം എടവക വില്ലേജ് ഓഫീസറാണ് പഞ്ചായത്ത് ഓഫീസിലെത്തി കൃഷി നിര്‍ത്തി വെക്കാന്‍ ഉത്തരവ് നല്‍കിയത്. കാവണകുന്നിലെ സര്‍വെ നമ്പര്‍ 350ല്‍ പെട്ട ഒരേക്കര്‍ സ്ഥലത്താണ് പഞ്ചായത്ത് കഴിഞ്ഞ ദിവസം മുതല്‍ കൃഷി ആരംഭിച്ചത്.

തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്ത് ഇവിടെ ധാരാളം മരങ്ങള്‍ വെച്ച് പിടിപ്പിച്ചിരുന്നു. അന്നൊന്നും റവന്യു വകുപ്പ് തടസ്സ വാദങ്ങള്‍ ഉന്നയിച്ചിരുന്നില്ല. ചൊവ്വാഴ്ച ഇരുമ്പ് പാലത്തിന് സമീപം പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തുന്നത് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തടയുകയും സബ്കലക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. മോട്ടോര്‍ വനം വകുപ്പിന് ഡ്രൈവിംഗ് പരിശോധന നടത്താന്‍ സ്ഥലം ഒരുക്കുന്നുവെന്നതിന്റെ മറവില്‍ റവന്യു ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരുന്നു മണ്ണിടല്‍.
പ്രതിഷേധം ഉയര്‍ന്നതോടെ മണ്ണിടല്‍ നിര്‍ത്തി വെച്ചിരുന്നു. ഇതിലുള്ള പകപോക്കലിന്റെ ഭാഗമായാണ് നൂറുക്കണക്കിന് ആളുകള്‍ക്ക് ഉപകാരപ്പെടുമായിരുന്ന കൃഷി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. പഞ്ചായത്തിന്‍രെ സ്ഥലത്ത് തന്നെയാണ് കൃഷി നടത്തുന്നതെന്നും പ്രവര്‍ത്തി നിര്‍ത്തിവെക്കില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് പറഞ്ഞു. മണ്ണിട്ട് നികത്താന്‍ ശ്രമിച്ച സ്ഥലത്ത് കരകൗശല വിപണന കേന്ദ്രം, നാടന്‍ ഭക്ഷണ ശാല എന്നിവ തുടങ്ങുന്നതിന് സ്ഥലം ആവശ്യപ്പെട്ട് പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മറവില്‍ സ്വകാര്യ വ്യക്തിക്ക് ഹോട്ടല്‍ സമുച്ചയ നിര്‍മാണത്തിന് മണ്ണിട്ട് നികത്തിയതെന്നും ആരോപണമുണ്ട്.
അതെ സമയം കൃഷിയിടത്തിലെ തൊഴിലാളികളെ റവന്യു അധികൃതര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവം പഞ്ചായത്തും റവന്യു വകുപ്പും തമ്മിലുള്ള ശീതസമരത്തിനാണ് കളമൊരുക്കിയിരിക്കുന്നത്.

Latest