Connect with us

Editors Pick

ഭൂമിക്ക് സമാനമായ ഗ്രഹങ്ങള്‍ കണ്ടെത്തി

Published

|

Last Updated

വാഷിംഗ്ടണ്‍: ഭൂമിക്ക് സമാനമായ മൂന്ന് അന്യ ഗ്രഹങ്ങളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. സൂര്യനെപ്പോലെയുള്ള നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ഇവയെ നാസയുടെ കെപ്ലെര്‍ ദൗത്യം വഴിയാണ് തിരിച്ചറിഞ്ഞത്.
കെപ്ലര്‍ 62 എന്ന് പേരിട്ടിരിക്കുന്ന, സൂര്യന് സദൃശ്യമായ നക്ഷത്രത്തിന്റെ ഭ്രമണപഥത്തിലുള്ള അഞ്ച് ഗ്രഹങ്ങളാണ് വില്ല്യം ബൊറൂക്കിയുടെ നേതൃത്വത്തിലുള്ള നാസ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. വാസയോഗ്യമായവയാണ് ഇവയെന്നാണ് നിഗമനം. കെപ്ലെര്‍ ബഹിരാകാശ ടെലിസ്‌കോപ്പ് പകര്‍ത്തിയ ഡേറ്റ വിശകലനം ചെയ്തപ്പോഴാണ്, ജീവന്റെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുള്ള ഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്.
ഭൂമിയില്‍ നിന്ന് 1200 പ്രകാശവര്‍ഷമകലെയുള്ള കെപ്ലെര്‍ 62 നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നതാണ്, പുതിയതായി കണ്ടെത്തിയ അന്യഗ്രഹങ്ങളില്‍ രണ്ടെണ്ണം. സൂര്യനേക്കാള്‍ അല്‍പ്പം ചെറുതാണ് കെപ്ലെര്‍ 62. അഞ്ച് ഗ്രഹങ്ങള്‍ അതിനെ ചുറ്റുന്നു. ഭൂമിയേക്കാള്‍ 0.54 മുതല്‍ 1.95 വലുപ്പമുള്ളവയാണ് ഈ അഞ്ച് ഗ്രഹങ്ങളും. മൂന്ന് പുതിയ അന്യഗ്രഹങ്ങളില്‍ ഏറ്റവും വാസയോഗ്യമായവ കെപ്ലെര്‍ 62 ഇ, കെപ്ലെര്‍ 62 എഫ് എന്നിവയാണെന്നാണ് ഗവേഷകരുടെ നിഗമനം. ആ ശിലാഗ്രഹങ്ങളില്‍ വെള്ളവും മഞ്ഞുമുണ്ടാകാന്‍ സാധ്യതയുള്ളതായി ഗവേഷകര്‍ വിലയിരുത്തുന്നു.
കെപ്ലെര്‍ 62 എഫിന് ഭൂമിയേക്കാള്‍ 1.4 മടങ്ങ് വലിപ്പമുണ്ട്. അതിന്റെ പരിക്രമണകാലം 267 ഭൗമദിനങ്ങളാണ്. ഭൂമിയെ അപേക്ഷിച്ച് 1.6 മടങ്ങ് വലിപ്പം കൂടുതലുള്ള ഗ്രഹമാണ് കെപ്ലെര്‍ 62 ഇ. മാതൃനക്ഷത്രത്തെ ഒരു തവണ ചുറ്റാന്‍ അതിന് 122 ഭൗമദിനങ്ങള്‍ വേണം.
കണ്ടെത്തിയതില്‍ ഏറ്റവും ചെറിയ അന്യഗ്രഹം എന്ന പദവി ഇതുവരെ കെപ്ലെര്‍ 22 ബിക്ക് ആയിരുന്നു. അതിന് ഭൂമിയുടെ വ്യാസത്തിന്റെ 2.4 മടങ്ങ് വലിപ്പമാണ് ഉള്ളത്.
കെപ്ലെര്‍ 69 സി ആണ് പുതിയതായി കണ്ടെത്തിയ മൂന്നാമത്തെ അന്യഗ്രഹം. അതിന് ഭൂമിയെ അപേക്ഷിച്ച് 1.7 മടങ്ങ് വലിപ്പമുണ്ട്. 242 ഭൗമദിനങ്ങള്‍ കൊണ്ടാണ് അത് മാതൃനക്ഷത്രത്തെ ഒരു തവണ ചുറ്റുന്നതെന്ന് കണക്കാക്കുന്നു.
സൗരയൂഥത്തിന് വെളിയില്‍ ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്താന്‍ 2009 ല്‍ വിക്ഷേപിച്ച ടെലിസ്‌കോപ്പാണ് കെപ്ലെര്‍. 60 കോടി ഡോളറാണ് ഇതിന്റെ ചെലവ്.