Connect with us

Kerala

മലയാളിയുടെ ഒരു ദിവസത്തെ ഭക്ഷണത്തില്‍ 362 മില്ലിഗ്രാം വിഷാംശം

Published

|

Last Updated

കണ്ണൂര്‍:മലയാളി ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തില്‍ 362 മില്ലിഗ്രാം വിഷാംശമുണ്ടെന്ന് പഠനം. മാംസാഹാരത്തില്‍ 356 മില്ലിഗ്രാമും സസ്യാഹാരത്തില്‍ 362 മില്ലിഗ്രാമുമാണ് വിഷം. അമേരിക്കയില്‍ ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തില്‍ വെറും 7.6 മില്ലിഗ്രാം വിഷാംശം മാത്രമാണുള്ളത്. ബ്രിട്ടനില്‍ 12 മില്ലിഗ്രാമും കാനഡയില്‍ 13 മില്ലിഗ്രാമുമാണ്.

അമിതമായ കീടനാശിനി ഉപയോഗമാണ് ഇന്ത്യക്കാരന്റെ ഭക്ഷണത്തില്‍ വിഷാംശം വര്‍ധിക്കാന്‍ കാരണം. കൃഷി ആദായകരമാക്കുന്നതിനും ഉത്പന്നങ്ങള്‍ പെട്ടെന്ന് നശിച്ചു പോകാതിരിക്കാനുമായി വിഷാംശം ധാരാളമടങ്ങിയ കീടനാശിനികള്‍ കൂടുതലായി കൃഷിക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്ക പോലുള്ള പല രാജ്യങ്ങളും നിരോധിച്ച കീടനാശിനികള്‍ ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിച്ചുവരികയാണ്.
കീടനാശിനികള്‍ തളിച്ച പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിച്ചവരുടെ ഹോര്‍മോണ്‍ വ്യവസ്ഥയെ ബാധിക്കുന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ആണ്‍വര്‍ഗം പെണ്‍വര്‍ഗത്തെ പോലെ ആയിത്തീരുന്നുവെന്നും എന്‍ഡോക്രൈന്‍ വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ ലൈംഗിക തകരാറുകള്‍ക്കും സ്തനാര്‍ബുദത്തിനും മറ്റ് വൈകല്യങ്ങള്‍ക്കും കാരണമാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ആല്‍മിന്‍ ക്ലോര്‍സെന്‍, മാലത്തിയോണ്‍ എന്നീ കീടനാശിനികളുടെ ഉപയോഗം അര്‍ബുദത്തിന് കാരണമാണ്. പാരത്തിയോണ്‍ ഭ്രൂണത്തെ ബാധിക്കുന്നു. സെവിന്‍ ആസ്തമക്കും നൈട്രോഫേന്‍ വന്ധ്യതക്കും കാരണാകുന്നു. 1986ലെ അമേരിക്കയുടെ റിപ്പോര്‍ട്ട് പ്രകാരം കീടനാശികളുടെ ഉപയോഗം ജനന വൈകല്യമുണ്ടാക്കുന്നു. ഇത് തിരിച്ചറിഞ്ഞുകൊണ്ട് അമേരിക്കയില്‍ കീടനാശികളുടെ ഉപയോഗം കുറഞ്ഞുവന്നുവെങ്കിലും ഇന്ത്യയില്‍ കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കപ്പെട്ടിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ കണ്ടെത്തിയത് കീടനാശിനി കാരണം 20,000 പേര്‍ മരിക്കുന്നുവെന്നാണ്. കീടനാശിനി തളിച്ച പഴം പച്ചക്കറികളുടെ ഉപയോഗം പ്രോസ്റ്റേറ്റ് ക്യാന്‍സറിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ ഒരു ലക്ഷം പുരുഷന്മാരില്‍ ഏഴ് പേര്‍ക്ക് പ്രോസ്റ്റേറ്റ് ക്യാന്‍സറുണ്ട്.
പഴം, പച്ചക്കറികളിലാണ് ഏറ്റവും ഉയര്‍ന്ന രീതിയില്‍ കീടനാശിനി പ്രയോഗം നടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 53 പ്രധാനപ്പെട്ട പഴങ്ങളിലും പച്ചക്കറികളിലും അമിത കീടനാശിനി ഉപയോഗമുണ്ട്. 700 ലധികം ആപ്പിള്‍ സാമ്പിള്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ 98 ശതമാനം ആപ്പിളിലും കീടനാശിനിയുണ്ടെന്ന് മനസ്സിലായിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത മുന്തിരിയില്‍ 14 തരം കീടനാശിനി ഉപയോഗം കണ്ടെത്തിയിട്ടുണ്ട്. മുളകില്‍ 13 തരം കീടനാശിനികള്‍ ഉണ്ട്. മുളകില്‍ ചുവപ്പും പച്ചയും ഇല്ലാതാക്കാനാണിത്. പച്ചക്കറികളില്‍ ഏറ്റവും അധികം കീടനാശിനി പ്രയോഗം നടക്കുന്നത് മുളകിലാണ്. ഉരുളക്കിഴങ്ങില്‍ 91.4 ശതമാനമാണ് കീടനാശിനി.

Latest