Connect with us

Sports

ഡിക്കി ബേര്‍ഡിന്റെ ലോക ഇലവനില്‍ ബ്രാഡ്മാനും സച്ചിനും ലാറയും ഇല്ല

Published

|

Last Updated

ലണ്ടന്‍: ക്രിക്കറ്റ് അമ്പയറിംഗിലെ ഇതിഹാസമായ ഹാരോള്‍ഡ് ഡിക്കി ബേര്‍ഡ് തിരഞ്ഞെടുത്ത എക്കാലത്തേയും മികച്ച ടെസ്റ്റ് ഇലവനില്‍ ഇതിഹാസങ്ങളായ ഡോണ്‍ ബ്രാഡ്മാന്‍, ബ്രയാന്‍ ലാറ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിംഗ് ഇടം നേടിയില്ല. വെസ്റ്റിന്‍ഡീസിന്റെ വിശ്വോത്തര പേസര്‍മാരും ഡിക്കി ബേര്‍ഡിന്റെ മികച്ച നിരയില്‍ ഉള്‍പ്പെട്ടില്ലെന്നത് അതിശയകരമായി. ഇന്ത്യയില്‍ നിന്ന് സുനില്‍ ഗാവസ്‌കര്‍ മാത്രമാണ് ഇടം പിടിച്ചത്. പാക്കിസ്ഥാന്‍ മുന്‍ നായകനും പേസറുമായ ഇമ്രാന്‍ ഖാനാണ് ഡിക്കി ബേര്‍ഡിന്റെ ടീമിന്റെ നായകന്‍. എണ്‍പതാം പിറന്നാളിനോടനുബന്ധിച്ച് ദ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് ഡിക്കി ബേര്‍ഡ് തന്റെ വിശ്വോത്തര നിരയെ പ്രഖ്യാപിച്ചത്.

ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് ഇതിഹാസം ബാരി റിച്ചാര്‍ഡ്‌സും ഗാവസ്‌കറുമാണ് ഓപണിംഗില്‍. താന്‍ കണ്ടതില്‍ ഏറ്റവും മികച്ച രണ്ട് ഓപണിംഗ് ബാറ്റ്‌സ്മാന്മാരില്‍ ഒരാള്‍ എന്നാണ് ഗാവസ്‌റിനെ മുന്‍ ഇംഗ്ലണ്ട് അമ്പയര്‍ വിശേഷിപ്പിച്ചത്. അപ്പാര്‍ത്തീഡ് ഇല്ലായിരുന്നെങ്കില്‍ ബാരി റിച്ചാര്‍ഡ്‌സ് എല്ലാ ബാറ്റിംഗ് റെക്കോര്‍ഡുകളും ഭേദിക്കുമായിരുന്നുവെന്ന് ഡിക്കി അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ തന്നെ ഗ്രെയിം പൊള്ളോക്കും ടീമിലുണ്ട്.
ആസ്‌ത്രേലിയയില്‍ നിന്ന് ഗ്രെഗ് ചാപ്പല്‍, ഷെയിന്‍ വോണ്‍, ഡെന്നിസ് ലില്ലെ എന്നിവര്‍. വെസ്റ്റിന്‍ഡീസില്‍ നിന്ന് ഗാരി സോബേഴ്‌സ്, വിവ് റിച്ചാര്‍ഡ്‌സ്, ലാന്‍സ് ഗിബ്‌സ് എന്നിവര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇംഗ്ലണ്ടിന്റെ അലന്‍ നോട്ട് ആണ്. വിന്‍ഡീസിന്റെ മാര്‍ക്കം മാര്‍ഷല്‍, ആന്‍ഡി റോബര്‍ട്‌സ്, ജോയല്‍ ഗാര്‍നര്‍, മൈക്കല്‍ ഹോള്‍ഡിംഗ് എന്നീ ലോകോത്തര പേസര്‍മാരെ ഡിക്കി ബേര്‍ഡ് പാടെ അവഗണിച്ചു.
ഇമ്രാന്‍ ഖാന്‍ എന്ന ആള്‍ റൗണ്ടര്‍ ആണ് തന്റെ ടീമിന്റെ ക്യാപ്റ്റന്‍. അയാള്‍ക്ക് ക്രിക്കറ്റിലുള്ള അവഗാഹം വളരെ ആഴത്തിലാണെന്ന് ഡിക്കി നിരീക്ഷിക്കുന്നു. എഴുനൂറ് വിക്കറ്റുകള്‍ കൊയ്ത ഷെയിന്‍ വോണ്‍ ശരിക്കുമൊരു ഇതിഹാസമാണെന്നും ഡിക്കി. മുന്നൂറ് വിക്കറ്റുകള്‍ നേടിയ ആദ്യ സ്പിന്നര്‍ ആണ് വിന്‍ഡീസിന്റെ ഗിബ്‌സ്. വോണിനൊപ്പം നില്‍ക്കുന്നു ഗിബ്‌സ്. അതു പോലെ, ഡിക്കിയുടെ കണ്ണില്‍ എല്ലാം തികഞ്ഞ ഫാസ്റ്റ്ബൗളര്‍ ഡെന്നിസ് ലില്ലെയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഏറെ പരിഹാസ്യതയോടെയാണ് ഡിക്കിയുടെ തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. സുനില്‍ ഗാവസ്‌കറിനെ ഉള്‍പ്പെടുത്തിയത് അംഗീകരിക്കുന്നു. പക്ഷേ,സച്ചിനും ബ്രാഡ്മാനും വിന്‍ഡീസ് പേസര്‍മാരും ഇല്ലാതെ പോയത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിത് വഡേക്കറെ ആശ്ചര്യപ്പെടുത്തുന്നു. ഒട്ടും സന്തുലിതമല്ല ഡിക്കിയുടെ ടീം. ലില്ലെക്കൊപ്പം ആരാണ് ന്യൂബോള്‍ എടുക്കുക? ബിഷന്‍ സിംഗ് ബേദി, എറാപള്ളി പ്രസന്ന, ചന്ദ്രശേഖര്‍, വെങ്കട്ടരാഘവന്‍ എന്നീ സ്പിന്നര്‍മാരെ പരിഗണിച്ചതേയില്ല. അലന്‍ നോട്ടിനേക്കാള്‍ കേമനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റല്ലെ-വഡേക്കര്‍ ചോദിക്കുന്നു.
മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ചന്ദു ബോര്‍ഡെ പറയുന്നത്, ഡിക്കി ബേര്‍ഡിന് ക്രിക്കറ്റിനെ കുറിച്ച് ഒന്നുമറിയില്ലെന്നാണ്. ബ്രാഡ്മാനെയും സച്ചിനെയും അറിയാത്ത ഡിക്കിയെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ കുമിള പോലെ പുകഴ്ത്തി വലുതാക്കുകയായിരുന്നുവെന്നും ചന്ദുബോര്‍ഡെ വിമര്‍ശിച്ചു. എറാപള്ളി പ്രസന്നയുടെത് വിഭിന്ന അഭിപ്രായമായിരുന്നു. ഡിക്കി ബേര്‍ഡ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടവരെ ഉള്‍പ്പെടുത്തി ലോക ഇലവനെ പ്രഖ്യാപിച്ചു. അതില്‍ തെറ്റില്ല-അത് ഡിക്കിയുടെ ഇഷ്ടമാണ്. എന്നാല്‍, സച്ചിനെയും ബ്രാഡ്മാനെയും ഒഴിവാക്കിയതില്‍ അതിശയം പ്രകടിപ്പിക്കുകയും ചെയ്തു. ദിലീപ് വെംഗ്‌സാര്‍ക്കറും കൃഷ്ണമാചാരി ശ്രീകാന്തും പ്രതികരിക്കാന്‍ വിസമ്മതിച്ചു. സഈദ് കിര്‍മാനിക്ക് ഒരു വിഷമം മാത്രം-ബ്രാഡ്മാനെ ഒഴിവാക്കരുതായിരുന്നു. ഗിബ്‌സും വോണും അല്ല പ്രസന്നയും ചന്ദ്രശേഖറുമാണ് മികച്ച സ്പിന്നര്‍മാര്‍ – കിര്‍മാനി പറഞ്ഞു.