Connect with us

Editorial

രാഷ്ട്രീയ വിവേകത്തിന്റെ പാളിച്ച

Published

|

Last Updated

തൊഴില്‍ വൈദഗ്ധ്യവികസനത്തില്‍ ഗുജറാത്തിന്റെ മാതൃക കേരളത്തില്‍ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി നടത്തിയ ചര്‍ച്ചയുടെ ചൂടാറും മുമ്പ്തന്നെ കേരള തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്തിനെയാകെ തള്ളിപ്പറഞ്ഞിരിക്കുന്നു. “ഗുജറാത്തില്‍ കൊട്ടിഘോഷിക്കുന്ന വികസനമൊന്നും കാണാനായില്ല. കുടിവെള്ളമില്ലാത്ത ഗ്രാമങ്ങളാണ് കണ്ടത്”. രാജ്യത്തിന് വികസന മാതൃകയായി മാധ്യമങ്ങളും സംഘ്പരിവാര്‍ സംഘടനകളും ചൂണ്ടിക്കാട്ടുന്ന ഗുജറാത്തില്‍ കുടിവെള്ളമില്ലാത്ത ഗ്രാമങ്ങള്‍ ഉണ്ടെന്നത് തീര്‍ച്ചയായും വികസന പൊലിമക്ക് കളങ്കം ചാര്‍ത്തുന്നതാണ്. ഇത്തരുണത്തില്‍ തന്നെ കേരളത്തില്‍ എത്ര ഗ്രാമങ്ങളില്‍ ആവശ്യത്തിന് കുടിവെള്ളം കിട്ടുന്നു എന്ന വസ്തുതയും പഠനവിധേയമാക്കുന്നത് നന്ന്. ഏതായാലും കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവും ഏതാണ്ട് മുഴുവന്‍ മതനിരപേക്ഷ വിശ്വാസികളും മോഡിയെ “റോള്‍ മോഡലാ”യി അംഗീകരിക്കുന്നില്ല. ഗുജറാത്ത് കലാപ കാലത്ത് മതന്യൂനപക്ഷങ്ങളെ കൂട്ടക്കുരുതി നടത്തിയ ഭീകരര്‍ക്ക് താങ്ങും തണലുമായി വര്‍ത്തിച്ച മോഡിയുടെ സര്‍ക്കാര്‍ ലോകമെങ്ങും അപലപിക്കപ്പെട്ടതാണ്. ഹിന്ദുത്വ തീവ്രവാദികള്‍ ഇങ്ങനെയൊരു നേതാവിനെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ അത്ഭുതമില്ല. ബി ജെ പിയില്‍ തീവ്രവാദികളും മിതവാദികളുമായി റൗണ്ട് വിഭാഗങ്ങള്‍ ഉണ്ടെന്ന വിശ്വാസം പോലും അടിസ്ഥാനമില്ലാത്തതാണ്. ആര്‍ എസ് എസിന്റെയും സമാന സംഘ്പരിവാര്‍ സംഘടനകളുടെയും ആജ്ഞയനുസരിക്കാന്‍ മാത്രമേ ബി ജെ പിക്കാകൂ. ഗുജറാത്ത് കലാപവേളയില്‍ അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ ഒത്താശ ചെയ്ത മുഖ്യമന്ത്രി മോഡിയോ, ഭാരതത്തിന്റെ പൈതൃകമായ ബാബരി മസ്ജിദ് ഇടിച്ചുനിരത്താന്‍ കര്‍സേവകര്‍ക്ക് നേതൃത്വം നല്‍കിയ എല്‍ കെ അഡ്വാനിയോ ഈ അധമപ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും പശ്ചാത്തപിക്കുന്നില്ല. മാത്രമല്ല ഇത്തരം ചെയ്തികളിലെല്ലാം അവര്‍ അഭിമാനം കൊള്ളുകയുമാണ്. ഇത് ഭാരത ജനത മനസ്സിലാക്കിക്കഴിഞ്ഞതാണ്.
ഈ പശ്ചാത്തലത്തിലാണ് മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത് വന്‍ വിവാദമായത്. തന്റെ അനുമതി കൂടാതെ മോഡിയുമായി കൂടിക്കാഴ്ച നടത്തിയതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രി ഷിബുവിനോട് വിശദീകരണം തേടിയിരിക്കുകയാണ്. കേന്ദ്രമന്ത്രിമാര്‍ മുതല്‍ യു ഡി എഫ് ചീഫ് വിപ്പ് വരെ ഷിബുവിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തു വന്നു. മന്ത്രിമാരെ മുഖ്യമന്ത്രി ഇടപെട്ട് നിയന്ത്രിക്കണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. മോഡിയുമായുള്ള ഷിബുവിന്റെ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയല്ലെങ്കില്‍ തെറ്റാണെന്ന് കേന്ദ്രമന്ത്രി കെ വി തോമസും അഭിപ്രായപ്പെട്ടു. യു ഡി എഫ് നേതാക്കളില്‍ പലരും കോണ്‍ഗ്രസിനേയും കടത്തിവെട്ടിയാണ് ഷിബുവിനെതിരെ പ്രതികരിച്ചത്. ഷിബു- മോഡി കൂടിക്കാഴ്ച ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണെങ്കില്‍ ഷിബുവിന്റെ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്നത് അവിശ്വസനീയമാണെന്ന അഭിപ്രായക്കാരനാണ്. കൂടിക്കാഴ്ചക്കു പിന്നില്‍ എന്തെങ്കിലും സ്വകാര്യ താത്പര്യമുണ്ടോയെന്ന് അന്വേഷിക്കണമെന്നും വി എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു മന്ത്രി ഏതെങ്കിലും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയാല്‍ സാധാരണ നിലയില്‍ അത് വിവാദമാക്കേണ്ട കാര്യമില്ല. പക്ഷെ, മതന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുകയും വര്‍ഗീയത ഇളക്കിവിടുകയും ചെയ്യുന്ന മോഡിയുമായാണ് കൂടിക്കാഴ്ചയെന്നതാണ് പ്രശ്‌നം. ഗുജറാത്ത് കലാപത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ക്കും നേതാക്കള്‍ക്കുമുള്ള പങ്ക് വിവിധ കോടതിവിധികളിലൂടെത്തന്നെ വ്യക്തമായതുമാണ്. എന്നിട്ടും മന്ത്രി ഷിബു ബേബി ജോണിന് എങ്ങനെ ഈ അക്കിടി പറ്റി?. കേരളം കണ്ട ഏറ്റവും മികച്ച നയതന്ത്രചാതുരിക്ക് ഉടമയായിരുന്ന ആര്‍ എസ് പി നേതാവും മുന്‍ മന്ത്രിയുമായിരുന്ന ബേബി ജോണിന്റെ മകനാണ് ഷിബുവെന്നത് വീഴ്ചയുടെ ആഘാതം വര്‍ധിപ്പിക്കുന്നു.
“സംസ്ഥാനത്തിന്റെ നന്മ മാത്രം ഉദ്ദേശിച്ച് നടത്തിയ കൂടിക്കാഴ്ചയായിരുന്നു തന്റെതെ”ന്നും, വിവാദമായതോടെ “അത് തെറ്റായിപ്പോയി എന്ന് വീണ്ടുവിചാരമുണ്ടായെ”ന്നും ഷിബു പ്രതികരിച്ചു കേട്ടപ്പോള്‍ രാഷ്ട്രീയ വിവേകത്തിന്റെ പാളിച്ചയാണ് പുറത്തു വന്നത്. ഇത് യു ഡി എഫിന് പിഴവുകളുടെ കാലമാണ്. മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമെല്ലാം നിരന്തരം പിഴക്കുന്നു. പലരും മാപ്പ് പറഞ്ഞ കൂട്ടത്തില്‍ ഷിബു ബേബി ജോണിന്റെ വകയും ഒന്നെന്ന് കരുതി ആശ്വസിക്കാം. പാവം ജനതക്ക് അത്രയല്ലേ പറ്റൂ? ഏതായാലും അതിനിടയില്‍ വീര്‍പ്പ് മുട്ടുന്ന ഒരാളുണ്ട്!. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്തെല്ലാം വേഷങ്ങളാണ് അദ്ദേഹം കെട്ടിയാടുന്നത്?. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ഷിബു സമ്മാനിച്ച കേരളപൈതൃകത്തിന്റെ പ്രതീകമായ ആറന്മുള കണ്ണാടി ഇവിടെ യു ഡി എഫ് നേതാക്കള്‍ സ്വന്തം മുഖത്തിന് നേരെ പിടിച്ചെങ്കില്‍ എത്ര നന്നായിരുന്നു?.