Connect with us

Kerala

കേരളം വെള്ളത്തിന് വലയുന്നത് വിരോധാഭാസം: രാജേന്ദ്ര സിംഗ

Published

|

Last Updated

കണ്ണൂര്‍: നാല്‍പ്പത്തിനാല് നദികളൊഴുകുന്ന കേരളത്തില്‍ സമഗ്ര നദീ സംരക്ഷണ നയമോ നടപടികളോ ഇല്ലാത്തത് അത്ഭുതകരമാണെന്ന് മാഗ്‌സാസെ പുരസ്‌കാര ജേതാവും ലോക പ്രശസ്ത ജല സംരക്ഷകനുമായ രാജേന്ദ്ര സിംഗ്. കണ്ണൂരില്‍ ദേശീയ ജല സംരക്ഷണ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രകൃതി കനിഞ്ഞരുളിയ നാടാണ് കേരളം. വര്‍ഷത്തില്‍ രണ്ട് തവണയായി 3300 മില്ലീ മീറ്റര്‍ മഴ ലഭിക്കുന്നു. എന്നിട്ടും ഇവിടെ കുടിവെള്ളത്തിനായി ജനങ്ങള്‍ വലയുന്നുവെന്നത് വിരോധാഭാസമാണ്. മഴ മേഘങ്ങള്‍ കാണാന്‍ ജനങ്ങള്‍ മാസങ്ങളോളം കാത്തിരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. ഇവിടെ മഴ അറിയാനും അനുഭവിക്കാനും സാധിക്കുന്നു. സമ്പന്ന കുടുംബത്തിലെ ലാളിക്കപ്പെട്ട കുട്ടിയുടെ അവസ്ഥയിലാണ് കേരളത്തിലെ ജനങ്ങള്‍. ധാരാളമുണ്ടാകുമ്പോള്‍ ഇതിന്റെ മൂല്യം അറിയില്ല. എന്നാല്‍, മലയാളി ഇന്ന് വെള്ളത്തിന്റെ മൂല്യം അറിഞ്ഞു തുടങ്ങി. പ്രകൃതിവിഭവം ദുരുപയോഗം ചെയ്തതിന്റെ പ്രതികാരമാണിതെന്ന് രാജേന്ദ്ര സിംഗ് പറഞ്ഞു.
മഴ വെള്ളം സംഭരിക്കുകയും സമൃദ്ധമായ നദികള്‍ സംരക്ഷിക്കുകയും മാത്രമാണ് കേരളത്തിലെ ജല ദൗര്‍ലഭ്യം നേരിടുന്നതിനുള്ള ഏക പോംവഴി. രണ്ട് സമയങ്ങളിലായി ലഭിക്കുന്ന മഴയില്‍ ഭൂരിഭാഗവും ഒഴുകി കടലിലെത്തുകയാണ്. വെള്ളം ഭൂമിയിലേക്കിറങ്ങാനുള്ള അവസരം ഒരുക്കണം. ഭൂഗര്‍ഭ ജലനിരപ്പ് ഭീതിതമാംവിധം താഴുന്നുവെന്നത് കേരളത്തില്‍ വരാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ മുന്നറിയിപ്പാണ്.
നദിയുടെ അന്തര്‍ഭാഗത്തെ ഒഴുക്കറിഞ്ഞുവേണം ഉപരിതലത്തില്‍ തടയണ നിര്‍മിക്കാന്‍. ഏറ്റവും കൂടുതല്‍ ജലം മോഷ്ടിക്കുന്നത് സൂര്യനാണ്. ഇത് തടയാന്‍ നടപടിയുണ്ടാകണം. ജലാശയങ്ങള്‍ക്കു ചുറ്റും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് ഇതിനു പരിഹാരമുണ്ടാക്കാം. നദീതടങ്ങളില്‍ ഖനനമോ നിര്‍മാണ പ്രവര്‍ത്തനങ്ങളോ അനുവദിക്കരുത്. കിണറുകളും കുളങ്ങളും വലിയ ജലാശയങ്ങളും സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും രാജേന്ദ്ര സിംഗ് പറഞ്ഞു.
രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയായ രാജേന്ദ്ര സിംഗ് താര്‍ മരുഭൂമി പ്രദേശത്തെ പതിമൂന്ന് ജില്ലകളെ സ്വന്തം പ്രയത്‌നത്താല്‍ ജലത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തമാക്കി. ഈ സേവനത്തിനാണ് ഇദ്ദേഹത്തെ ലോകം ആദരിച്ചത്.്‌

---- facebook comment plugin here -----

Latest