Connect with us

Kerala

മൂന്ന് വര്‍ഷത്തിന് ശേഷം ടൂറിസ്റ്റുകളുമായി റഷ്യയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനമെത്തുന്നു

Published

|

Last Updated

തിരുവനന്തപുരം: മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം വിനോദ സഞ്ചാരികളുമായി റഷ്യയില്‍ നിന്ന് ഇക്കുറി ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സംസ്ഥാനത്തെത്തും. സംസ്ഥാന ടൂറിസം മേഖലക്ക് ഏറെ പ്രതീക്ഷ നല്‍കാവുന്നതാണിത്. ഈ വര്‍ഷം ഒക്‌ടോബറിലായിരിക്കും റഷ്യയില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം തലസ്ഥാനത്തെത്തുക. 
ഒക്‌ടോബര്‍ മുതല്‍ അടുത്ത ഏപ്രില്‍ വരെയായി 17 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് ചാര്‍ട്ട് ചെയ്തിട്ടുള്ളത്. ഒക്‌ടോബര്‍ 22ന് ആദ്യ ് വിമാനം റഷ്യയില്‍ നിന്ന് പുറപ്പെടും. ഏപ്രില്‍ 22ന് അവസാനത്തെ ചാര്‍ട്ടേര്‍ഡ് വിമാനം തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നു പുറപ്പെടും. റഷ്യ ആസ്ഥാനമായ പേജസ് ടൂറിസ്റ്റിക് ചാര്‍ട്ടേര്‍ഡ് വിമാനത്തിനായി എഗ്രിമെന്റ് ഒപ്പ് വെച്ചിട്ടുണ്ട്. ഓറന്‍ബര്‍ഗ് എയര്‍ലൈനും നോര്‍വൈന്‍ഡ് എയര്‍ലൈനുമാണ് നേരിട്ടുള്ള ഫ്‌ളൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത്.
2009 നു ശേഷം വിദേശ രാജ്യങ്ങളില്‍ നിന്ന് ടൂറിസ്റ്റുകളുമായി ചാര്‍ട്ടേര്‍ഡ് വിമാനങ്ങളൊന്നും തന്നെ സംസ്ഥാനത്ത് എത്തിയിരുന്നില്ല. യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യമായിരുന്നു മുഖ്യ കാരണം. പല വിമാനങ്ങളും നേരത്തെ ബുക്ക് ചെയ്തിരുന്നെങ്കിലും പിന്നീട് ഇവ റദ്ദാക്കുകയായിരുന്നു. തോമസ് കുക്ക്, ഫസ്റ്റ് ചോയ്‌സ്, ഓറിയന്റല്‍ റൂട്ട്‌സ്, ലേ പാസേജ് ടു ഇന്ത്യ എന്നിവയാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രമുഖ വിമാന കമ്പനികള്‍.
എന്നാല്‍ സാമ്പത്തിക മാന്ദ്യം ഉണ്ടായതിനുശേഷം ഇവയൊന്നും കേരളത്തിലേക്ക് സര്‍വീസ് നടത്തിയിട്ടില്ല.
മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ വരവിനെ സംസ്ഥാന ടൂറിസം മേഖല ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. കോവളമാണ് തലസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷക കേന്ദ്രം. ബീച്ച് ടൂറിസമാണ് ഇവിടേക്ക് വിദേശികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
പൊന്മുടി, തേക്കടി, മൂന്നാര്‍, കന്യാകുമാരി, മധുര എന്നിവിടങ്ങളാണ് കേരളത്തിലേക്കുള്ള യാത്രക്കിടെ ടൂറിസ്റ്റുകള്‍ പോകാന്‍ സാധ്യതയുള്ള മറ്റ് സ്ഥലങ്ങള്‍. ടൂറിസത്തിനായി ബ്രിട്ടീഷ് ടൂറിസ്റ്റുകളേക്കാള്‍ കൂടുതല്‍ തുക വിനിയോഗിക്കുന്നത് റഷ്യന്‍ വിനോദ സഞ്ചാരികളാണ് എന്നതിനാല്‍ തന്നെ ഇവരുടെ വരവ് ടൂറിസം മേഖലക്ക് ഏറെ ഗുണകരമാകും.
ബീച്ച് റിസോര്‍ട്ടുകളും ഹോട്ടലുകളും റഷ്യന്‍ ടൂറിസ്റ്റുകള്‍ എത്തുന്ന ആറ് മാസകാലയളവില്‍ പൂര്‍ണമായും ബുക്ക് ചെയ്യപ്പെടാനാണ് സാധ്യത.
കേരളത്തില്‍ കോവളത്തിനും പൂവാറിനുമാണ് വിനോദ സഞ്ചാരികള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്ന വിദേശികള്‍ സ്ഥിരമായി തിരഞ്ഞെടുക്കുന്ന ചില ഹോട്ടലുകളും നഗരത്തിലുണ്ട്. വിദേശികള്‍ കൂടുതലായി കേരളത്തിലെത്തുന്ന ഡിസംബര്‍ മാസത്തില്‍ കോവളത്തെ ഹോട്ടലുകളില്‍ നിരവധി മുറികള്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥിതിയായിരുന്നു.