Connect with us

Gulf

ദുബൈ സഫാരി ഒന്നാം ഘട്ടം പൂര്‍ത്തിയായി

Published

|

Last Updated

ദുബൈ:മൃഗശാലയിലെ അന്തേവാസികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാന്‍ ലക്ഷ്യമിട്ട് പണിയുന്ന ദുബൈ സഫാരിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായതായി ദുബൈ നഗരസഭ ഡയരക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു. നിലവിലെ മൃഗശാലയില്‍ അന്തേവാസികളുടെ എണ്ണം ക്രമാതീതമാവുകയും മതിയായ സൗകര്യം ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം ദുബൈ സഫാരിയെന്ന പേരില്‍ വിശാലമായ മൃഗശാലക്കുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. 

അല്‍ ഐന്‍ റോഡില്‍ അല്‍ വര്‍ക്ക മേഖലയില്‍ ഡ്രാഗണ്‍ മാര്‍ട്ടിന് എതിര്‍വശത്തായാണ് 15കോടി ദിര്‍ഹം മുടക്കി 400 ഹെക്ടര്‍ സ്ഥലത്ത് പുതിയ മൃഗശാല നിര്‍മിക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ട ഒന്നാം ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ഭൂമി നിരപ്പാക്കാനും വൃത്തിയാക്കാനുമാണ് ഒന്നാം ഘട്ടത്തില്‍ കൂടുതല്‍ സമയം ആവശ്യമായി വന്നതെന്ന് നായര്‍ ലൂത്ത വിശദീകരിച്ചു. മൃഗശാലയോട് ചേര്‍ന്ന 60 ഹെക്ടറില്‍ പൂമ്പാറ്റകള്‍ക്കുള്ള ഉദ്യാനം, ബോട്ടാണിക്കല്‍ ഗാര്‍ഡണ്‍, ഗോള്‍ഫ് കോഴ്‌സ് എന്നിവക്കൊപ്പം വിനോദത്തിനും ഉല്ലാസത്തിനുമായുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഓന്നാം ഘട്ടം പൂര്‍ത്തിയാവുന്നതോടെ പുതിയ അന്തേവാസികളും പാര്‍ക്കിലെത്തുമെന്ന് നേരെത്തെ നഗരസഭ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കിയിരുന്നു.
ലോകത്ത് ഏറ്റവും മികച്ച സംവിധാനങ്ങളോടെ തുറക്കപ്പെടുന്ന സഫാരി പാര്‍ക്ക് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ സന്ദര്‍ശകരായി എത്തുവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാവും നല്‍കുകയെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്.
ഓരോ അന്തേവാസിക്കും യോജിച്ച അന്തരീക്ഷമാവും ഒരുക്കുക. സഫാരിയെ ആഫ്രിക്കന്‍, ഏഷ്യന്‍, അറേബ്യന്‍ എന്നിങ്ങിനെ ജീവികളുടെ നാടുകളെ അടിസ്ഥാനമാക്കി വിവിധ ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അറബ് മേഖലയിലെ ഏറ്റവും പഴക്കമുള്ള മൃഗശാലയാണിത്.
1970ലാണ് നഗരസഭയുടെ നിയന്ത്രണത്തിലേക്ക് എത്തിയത്. അന്ന് അപൂര്‍വ്വമായ ജീവികള്‍ ഉള്‍പ്പെടെ 200 ഓളം അന്തേവാസികളായിരുന്നു ഉണ്ടായിരുന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അനുമതി നല്‍കിയതോടെയാണ് പദ്ധതിക്ക് തുടക്കമായത്. സ്ഥല പരിമിതി മൂലം പ്രയാസം അനുഭവിക്കുന്ന നിലവിലെ മൃഗശാലയിലെ മുഴുവന്‍ മൃഗങ്ങളെയും പണിപൂര്‍ത്തിയാക്കിയാല്‍ ഇവിടേക്കു മാറ്റും. അടുത്ത വര്‍ഷം അവസാനത്തോടെ സഫാരി പാര്‍ക്ക് പൂര്‍ണ്ണ സജ്ജമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്ഥലപരിമിതി മൂലം ദുബൈ മൃഗശാലയില്‍ പുതിയ അന്തേവാസികളെ പ്രവേശിപ്പിക്കുത് 2012 ഫെബ്രവരി മധ്യത്തോടെ അധികൃതര്‍ നിര്‍ത്തിയിരുന്നു. ഇതോടെ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ കൈയ്യില്‍ എത്തിപ്പെടുന്ന ജീവികളെ കൊണ്ടുവിടാന്‍ ഇടം ലഭ്യമല്ലാത്ത അവസ്ഥയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ പുതിയ അന്തേവാസികളെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നു മൃഗശാല അധികൃതര്‍ അന്ന് പുറത്ത് ബോര്‍ഡും തൂക്കിയിരുന്നു. ഇത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
വര്‍ഷങ്ങളായി സ്ഥലപരിമിതിയാല്‍ ദുരിതം അനുഭവിക്കുന്ന മൃഗശലയില്‍ വന്‍ മൃഗങ്ങളായ ജിറാഫുകളും കൂറ്റന്‍ പൂച്ചകളും ഉള്‍പ്പെടെ 1,400 മൃഗങ്ങളുള്ളതായി അധികൃതര്‍ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. പുതുതായി അന്തേവാസികള്‍ എത്തുന്നതോടെ സംഖ്യ ഇനിയും ഒരുപാട് വര്‍ധിക്കും. ഇതോടെ മേഖലയിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമായി ഇത് മാറും. രണ്ടായി തിരിച്ച് ഇവിടെ 1,600 വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ലഭ്യമാക്കും. ഇത് പിന്നീട് 3,600 ആയി ഉയര്‍ത്താനും നഗരസഭ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

Latest