Connect with us

Sports

മിലാനെ വീഴ്ത്തി ജുവെന്റസ്

Published

|

Last Updated

മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ എ സി മിലാനെ ഏക ഗോളിന് കീഴടക്കി ജുവെന്റസ് കിരീടത്തോട് ഒരുപടികൂടി അടുത്തു. 33 മത്സരങ്ങളില്‍ 77 പോയിന്റോടെ ജുവെ ഒന്നാം സ്ഥാനത്താണ്. നാപോളി (66) രണ്ടാമതും മിലാന്‍ (59) മൂന്നാമതും.
പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ആര്‍തുറോ വിദാലാണ് ജുവെന്റസിന്റെ വിജയഗോള്‍ നേടിയത്. ടുറിനിലെ ജുവെന്റസ് തട്ടകത്തില്‍ കളിക്കാനിറങ്ങിയ മിലാന്‍ ഞെട്ടിക്കുന്ന പ്രകടനമാണ് തുടക്കത്തില്‍ കാഴ്ചവെച്ചത്. ആദ്യ അഞ്ച് മിനുട്ടിനുള്ളില്‍ രണ്ട് തവണ മിലാന്‍ താരങ്ങളായ റൊബീഞ്ഞോയും എല്‍ ഷരാവിയും ജുവെന്റസ് ഗോളി ബുഫണിനെ പരീക്ഷിച്ചു.
അധികം താമസിയാതെ ആന്ദ്രെ പിര്‍ലോയുടെ ഫ്രീകിക്ക് മിലാന്‍ ഗോളി ക്രിസ്റ്റ്യന്‍ അബിയാറ്റിയെ പരീക്ഷിച്ചു. ഡിഫന്‍സില്‍ തട്ടി ദിശമാറിയെത്തിയ പന്ത് അബിയാറ്റി കണ്ണഞ്ചിപ്പിക്കുന്ന മെയ്‌വഴക്കത്തോടെ തട്ടിമാറ്റി. മത്സരം പതിനഞ്ച് മിനുട്ടിലെത്തിയപ്പോള്‍ അബിയാറ്റി പരിക്കേറ്റ് കളം വിട്ടു. പകരമെത്തിയത് അമേലിയ. ആദ്യ ദൗത്യം പിര്‍ലോയുടെ ഫ്രീകിക്ക് തടുക്കുക എന്നതായിരുന്നു. അത് ഭംഗിയാക്കി. മാസിമിലിയാനോ അലെഗ്രിയുടെ മിലാന്‍ നിരയായിരുന്നു കൂടുതല്‍ ഒത്തിണക്കം കാണിച്ചത്. രണ്ടാം പകുതിയിലാണ് ജുവെന്റസ് താളം കണ്ടെത്തിയത്. ഫിനിഷിംഗിലെ പോരായ്മ മിലാനെ വലച്ചപ്പോള്‍ പെനാല്‍റ്റി ഗോളില്‍ ജുവെ മൂന്ന് പോയിന്റ് കരസ്ഥമാക്കി.
സീരി എ യിലെ മറ്റ് മത്സരങ്ങളില്‍ എ എസ് റോമ 1-1 പെസ്‌കാര, ബൊളോഗ്ന 1-1 സാംഡോറിയ, കറ്റാനിയ 1-1 പാലെര്‍മോ, ഫിയോറന്റീന 4-3 ടോറിനോ, ഇന്റര്‍മിലാന്‍ 1-0 പാര്‍മ, നാപോളി 3-2 കാഗ്‌ലിയാരി, സിയന 0-1 ചീവൊ വെറൊന.