Connect with us

Gulf

താമസ കെട്ടിടത്തില്‍ വന്‍ തീപിടുത്തം

Published

|

Last Updated

ഷാര്‍ജ: അല്‍ തവൂന്‍ റോഡിലെ ഹഫീത്ത് ടവര്‍ രണ്ടില്‍ വന്‍ തീപിടുത്തം. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. 20 നിലകളുള്ള കെട്ടിടത്തിന്റെ ഏഴാം നിലയിലെ 701-ാം നമ്പര്‍ ഫഌറ്റില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. 80 കുടുംബങ്ങള്‍ വഴിയാധാരമായതായി റിപ്പോര്‍ട്ടുണ്ട്. 10 ഫഌറ്റുകള്‍ തീപിടുത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് വിവരം. മൊത്തം എത്ര ഫഌറ്റുകള്‍ക്ക് കേടുപാട് സംഭവിച്ചുവെന്ന് അറിയാനായിട്ടില്ല.
ഇവിടെ എത്യോപ്യക്കാരായ സ്ത്രീകള്‍ ബാച്ചിലറായി താമസിച്ചുവരികയായിരുന്നുവെന്നും ഇവരുടെ അടുക്കളയാവാം തീപിടുത്തത്തിന്റെ ഉത്ഭവ കേന്ദ്രമെന്നും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. രണ്ട് ബ്ലോക്കുകളുള്ള കെട്ടിടത്തിന്റെ രണ്ടാമത്തെ ബ്ലോക്കിലാണ് തീപ്പിടുത്തമുണ്ടായത്. സുരക്ഷാ കാരണങ്ങളാല്‍ ഒന്നാം ബ്ലോക്കിലെ താമസക്കാരെ ഒഴിപ്പിച്ചു. ഫഌറ്റിലെ സ്ത്രീകള്‍ ഇറങ്ങി ഓടുകയും അധികം വൈകാതെ തീ മുകള്‍ നിലയിലേക്ക് പടരുകയുമായിരുന്നുവെന്ന് സംഭവത്തിന് ദൃസാക്ഷിയായവരില്‍ ചിലര്‍ വ്യക്തമാക്കി. തീപിടിച്ചതായി വിവരം അറിഞ്ഞ ഉടന്‍ ഷാര്‍ജ പോലീസും സിവില്‍ ഡിഫന്‍സും തീ അണക്കാനുള്ള ശ്രമവുമായി കര്‍മ്മനിരതരായി.
ദുബൈ, അജ്മാന്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും സംഭവസ്ഥലത്ത് കുതിച്ചെത്തിയിരുന്നു. പോലീസ് എത്തി ഉടന്‍ താമസക്കാരെ മുഴുവന്‍ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പ്രദേശത്ത് കെട്ടിടങ്ങള്‍ ഒന്നിനോട് ഒന്ന് ചേര്‍ന്ന നിലയില്‍ സ്ഥിതിചെയ്യുന്നത് തീ അണക്കാനുള്ള ശ്രമത്തിന് തടസമായി. രണ്ടു മണിക്കൂറിനകം തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായാണ് വിവരം.
പുക ശ്വസിച്ച് ഗുരുതരവസ്ഥയിലായ 55 കാരിയെ രക്ഷാപ്രവര്‍ത്തകര്‍ അല്‍ കുവൈത്തി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. നാല് വയസുകാരന് പുക ശ്വസിച്ച് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായെങ്കിലും ആവശ്യമായ ചികിത്സ നല്‍കിയതായി മുതിര്‍ന്ന സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ ഖാലിദ് ഉബൈദ് അല്‍ ശംസി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നിരവധി കുടുംബങ്ങളെ പെരുവഴിയിലാക്കിയ അല്‍ ബക്കര്‍ ടവര്‍ തീപിടുത്ത സ്ഥലത്തിന് സമീപത്താണ് വീണ്ടും തീ പിടുത്തം സംഭവിച്ചിരിക്കുന്നത്. അധികൃതര്‍ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കയാണ്. തീ പിടുത്തത്തില്‍ സര്‍വതും നശിച്ചവര്‍ എന്ത് ചെയ്യണമെന്നറിയാതെ ഭയവിഹ്വലരായി രാത്രി ഏറെ വൈകിയും കെട്ടിടത്തിന് സമീപം നിലയുറപ്പിച്ചിരുന്നു. പെട്ടെന്ന് ഒരു താമസസ്ഥലം തരപ്പെടില്ലെന്നത് ഇവരെ ദുരിതത്തിലാഴ്ത്തിയിരിക്കയാണ്. കെട്ടിടത്തില്‍ നിന്നും എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ സുവൈദി വ്യക്തമാക്കി.

Latest