Connect with us

Gulf

പ്രവാസി യുവജന സമ്മേളനം ശ്രദ്ധേയമായി

Published

|

Last Updated

അബുദാബി: സമര ശബ്ദം മുഴങ്ങേണ്ടത് ഹിതകരമല്ലാത്ത ദേഹേച്ഛകളോടാണെന്ന് എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അഭിപ്രായപ്പെട്ടു. എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് അബുദാബിയില്‍ സംഘടിപ്പിച്ച പ്രവാസി യുവജന സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന പരിപാടി ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.വര്‍ത്തമാനകാലത്ത് കേള്‍ക്കുന്ന വാര്‍ത്തകള്‍ ഭീതിതമാണ്. രാജ്യത്തിന് അപമാനകരമായ ഡല്‍ഹി സംഭവം ആവര്‍ത്തിക്കപ്പെടുന്നു. മദ്യമാണ് സര്‍വ നാശത്തിന്റെയും സര്‍വ വിപത്തിന്റെയും അടിസ്ഥാന കാരണം. മദ്യം നിരോധിക്കാന്‍ സര്‍ക്കാറുകള്‍ തയാറാവുന്നില്ല എന്നു മാത്രമല്ല, കൂടുതല്‍ സുഖമമായ ലഭ്യത ഉറപ്പുവരുത്തുന്ന രീതിയില്‍ പുതിയ മദ്യശാലകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടിരിക്കുകയുമാണ്. എങ്ങും അക്രമവും അരാജകത്വവും വ്യാപിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. ഇങ്ങനെ തുടങ്ങി നമ്മുടെ നാടും നഗരവും വഷളാവുന്ന അവസരത്തില്‍ നേരിന്റെയും നെറിവിന്റെയും വഴിതെളിച്ചവര്‍ നിസ്സഹായരാവുകയോ അപരാധികളുടെ ഭാഗമാകുകയോ ചെയ്യുന്ന അവസരത്തിലാണ് നമ്മുടെ നല്ല സംസ്‌കാരത്തിന്റെയും സമീപനത്തിന്റെയും വീണ്ടെടുക്കലിനായി ഒരു വിളക്കുമാടമായി എസ് എസ് എഫ് സമരമാണ് ജീവിതം എന്ന പ്രമേയവുമായി സമൂഹത്തിലേക്ക് ഇറങ്ങുന്നത്. സമരം എന്നത് കൊണ്ട് നശീകരണ സ്വഭാവമുള്ളതല്ലെന്ന് എസ് എസ് എഫിന്റെ കഴിഞ്ഞ നാല് പതിറ്റാണ്ടു കാല പ്രവര്‍ത്തനങ്ങള്‍ തെളിയിക്കപ്പെട്ടതാണ്. ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും എസ് എസ് എഫ് വിജയിച്ചിട്ടുണ്ട്. തികച്ചും നിര്‍മാണാത്മകമായ പ്രവര്‍ത്തന രീതി കൈമുതലാക്കിയ ഏക വിദ്യാര്‍ഥി യുവജന പ്രസ്ഥാനമാണ് എസ് എസ് എഫ് എന്ന് കാലം തെളിയിച്ച വസ്തുതയാണ്-അദ്ദേഹം പറഞ്ഞു.ഉസ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി ഉദ്ഘാടനം ചെയ്തു. മുസ്ഥഫ ദാരിമി, പി വി അബൂബക്കര്‍ മൗലവി, പി കെ ഉമര്‍ മുസ്‌ലിയാര്‍, സിദ്ദീഖ് അന്‍വരി, ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് ടി പി ഗംഗാധരന്‍, താഹിര്‍, സഫറുല്ല പാലപ്പെട്ടി, പി എം അബ്ദുര്‍റഹ്മാന്‍, എം പി എം റശീദ്, സമദ് സഖാഫി സംബന്ധിച്ചു.അബുദാബിയിലെ വിവിധ മേഖലകളില്‍ പ്രവാസി സമൂഹത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മനിരതരും സേവന സന്നദ്ധരുമായ 433 അംഗ ഐ ടീമിനെ ഹമീദ് ഈശ്വരമംഗലം സമ്മേളനത്തില്‍ സമൂഹത്തിന് സമര്‍പ്പിച്ചു. ഹമീദ് പരപ്പ, അബ്ദുല്‍ ബാരി പട്ടുവം സംസാരിച്ചു.

Latest