Connect with us

Articles

കാന്തപുരത്തിന്റെ സഊദി സന്ദര്‍ശനത്തിലെ രാഷ്ട്രീയം

Published

|

Last Updated

ഇന്ത്യയും വിദേശ രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിലും കാലികമായി ഉത്ഭവിക്കുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിനു മുമ്പ് ചില വ്യക്തിത്വങ്ങള്‍ പരിഹാരശ്രമവുമായി മുന്നോട്ടുവരാറുണ്ട്. ഗള്‍ഫ് മേഖലയിലെ നിരവധി വിഷയങ്ങളില്‍ ഇത്തരം ഇടപെടലുകള്‍ സമീപകാലത്തായി നമുക്ക് കാണാനാകും.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍, വാണിജ്യ പ്രമുഖന്‍ പത്മശ്രീ എം എ യൂസുഫലി തുടങ്ങിയവര്‍ ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നവരില്‍ മുന്‍പന്തിയിലാണ്. സര്‍ക്കാര്‍ തലത്തില്‍ ആഴ്ചകള്‍ ചര്‍ച്ച ചെയ്യുകയും പരിഹാരത്തിന് പിന്നെയും കാത്തിരിക്കുകയും ചെയ്യുന്ന വിഷയങ്ങളാണ് വിദേശ ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് ലളിതമായി പരിഹരിക്കാന്‍ ഈ രീതിയിലുള്ള ശ്രമങ്ങളിലൂടെ സാധിക്കുന്നത്.
ഈ ശ്രമങ്ങളിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ജിദ്ദയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ മക്ക ഗവര്‍ണര്‍ ഖാലിദ് ബിന്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനുമായി നടത്തിയ ചര്‍ച്ച.
സഊദിയിലെ സ്വദേശിവത്കരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ പ്രവാസി സമൂഹം അനുഭവിച്ച ആശങ്ക ഒരു മാസത്തോളമായി കേരളത്തെ നെരിപ്പോടിലാക്കിയിരിക്കുകയായിരുന്നു. കേരളത്തിലെ ചില മാധ്യമങ്ങള്‍ വിഷയത്തെ പര്‍വതീകരിക്കുക കൂടി ചെയ്തപ്പോള്‍ കേരളത്തിലെ വീടുകളില്‍ തികഞ്ഞ മൂകത അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ ഈ സ്ഥിതിവിശേഷത്തിലും ഗൗരവതരമായ ഏതെങ്കിലും ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാറിന് സാധിച്ചില്ല എന്നതാണ് ലക്ഷക്കണക്കായ ഗള്‍ഫ് മലയാളികളെ ആശ്രയിച്ചു ജീവിക്കുന്ന കേരളത്തിലെ വീടുകളെ തികച്ചും അസ്വസ്ഥമാക്കിയത്. ഏതാനും ചില പ്രസ്താവനകളും ജിദ്ദ കോണ്‍സുലേറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ട് തേടലും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നുള്ള പ്രസ്താവനയും കൊണ്ടാണ് സര്‍ക്കാര്‍ ഈ വിഷയത്തെയും പതിവുപോലെ കൈകാര്യം ചെയ്തത്. കേരള സര്‍ക്കാര്‍ മന്ത്രിതല ഉപ സമിതിയെ പ്രഖ്യാപിക്കുകയും ആശങ്കയറിയിച്ച് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ കേരള മുഖ്യമന്ത്രി കാണുകയും ചെയ്തുവെങ്കിലും ഡല്‍ഹിയില്‍ വിശേഷിച്ച് മാറ്റങ്ങളൊന്നുമുണ്ടായില്ല. അടുത്തു തന്നെ മന്ത്രിതല സംഘം സഊദിയിലെത്തുമെന്ന പ്രഖ്യാപനം മാത്രം ബാക്കിയായി നില്‍ക്കുകയാണിപ്പോള്‍. അതിനിടെ, സഊദി രാജാവ് രാജ്യത്ത് പ്രകടമായി വന്ന ആശങ്ക മനസ്സിലാക്കി മൂന്ന് മാസത്തെ സാവകാശം പ്രഖ്യാപിച്ചു. ഇന്ത്യാ ഗവണ്‍മെന്റിനു കിട്ടിയ ഏക പിടിവള്ളിയായിരുന്നു ഇത്. ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളുടെ വിജയമാണെന്നു വരെ ചില മന്ത്രിമാര്‍ അവകാശപ്പെടുകയുണ്ടായി.
സ്വദേശിവത്കരണത്തിനും രാജ്യത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കാനുമുള്ള ശ്രമങ്ങള്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അത് മാറ്റിമറിക്കാന്‍ പരുവത്തിലുള്ള ഒരു തരത്തിലുള്ള നയതന്ത്ര ശ്രമം നടത്താനും വിദേശ സര്‍ക്കാറുകള്‍ക്ക് ധാര്‍മിക അവകാശമില്ലതാനും. സഊദിയിലാണെങ്കില്‍ ആഭ്യന്തര സുരക്ഷയടക്കം നിരവധി കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തൊഴില്‍ മേഖലയിലെ ശുദ്ധീകരണത്തിന് മുന്നോട്ട് വന്നിരിക്കുന്നത്. ഇതുവരെ അനുഭവിച്ചു വന്ന ചില സ്വാതന്ത്ര്യങ്ങള്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഹനിക്കപ്പെടുമെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ നിയമവിധേയമായ രീതിയില്‍ തൊഴിലെടുക്കുന്നതിനോ ബിസിനസ് സംരംഭങ്ങള്‍ നടത്തുന്നതിനോ അധികാരികള്‍ ഒരു തരത്തിലും വിലക്കേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നില്ല എന്നത് വ്യക്തമാണ്. തങ്ങളുടെ രാജ്യത്തെ പൗരന്മാര്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നത്തില്‍ പ്രസക്തമായൊരു ഇടപെടലിനും ശ്രമിക്കാത്ത നിലപാടാണ് പ്രവാസികളിലും നാട്ടിലും പ്രതിഷേധത്തിനിടയാക്കിയത്. ഈ അവസരത്തിലാണ് കാന്തപുരത്തിന്റെ ഖാലിദ് രാജകുമാരനുമായുള്ള ചര്‍ച്ച ശ്രദ്ധേയമാകുന്നതും പ്രവാസികള്‍ക്കിടയില്‍ പ്രതീക്ഷയാകുന്നതും.
ഹുറൂബ് പ്രശ്‌നമാണ് സഊദിയിലെ വിദേശികള്‍ അനുഭവിക്കുന്ന മുഖ്യ പ്രശ്‌നം. അറിഞ്ഞോ അറിയാതെയോ ഇതിന്റെ ഇരയായ ആയിരങ്ങള്‍ തീ തിന്നുന്ന മനസ്സുമായാണ് സഊദിയുടെ നിരവധി പ്രവിശ്യകളില്‍ കഴിയുന്നത്. കുടുംബത്തിന്റെ സംരക്ഷണത്തിനായി കടല്‍ കടന്നെത്തി, അപ്രതീക്ഷിതമായി ദുരിതമനുഭവിക്കുന്ന ഇവരുടെ രോദനം കേള്‍ക്കാതിരിക്കാന്‍ മനുഷ്യസ്‌നേഹികള്‍ക്കാകില്ല. നീതി കിട്ടുമെന്ന പ്രതീക്ഷയില്‍ എംബസിയിലെത്തുന്ന ഇവരെ ശ്രവിക്കാന്‍ പോലും ആളില്ലാത്ത ദുരവസ്ഥ. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നാട്ടില്‍ പോകാനാകാതെ വിഷമിക്കുന്ന മലയാളികളടക്കമുള്ളവരുടെ കഥകള്‍ വിവരണാതീതമാണ്.
ഇവരെ ശിക്ഷ കൂടാതെ നാട്ടിലേക്കയക്കണമെന്നും സഊദിയടക്കം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് നിയമ തടസ്സമില്ലാതെ തിരിച്ചുവരാനുള്ള സാഹചര്യമൊരുക്കണമെന്നുമാണ് കാന്തപുരം ഖാലിദ് രാജകുമാരനെ കണ്ട് അഭ്യര്‍ഥിച്ചത്. കാന്തപുരം ഉന്നയിച്ച വിഷയം ശ്രദ്ധാപൂര്‍വം ശ്രവിച്ച രാജകുമാരന്‍ വിഷയത്തില്‍ അനുഭാവപൂര്‍ണമായ സമീപനം കൈക്കൊള്ളുമെന്ന് ഉറപ്പ് നല്‍കിയത് പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യക്കാരോട് പ്രത്യേകം മമതയും സഹാനുഭൂതിയും കാണിക്കാറുള്ള അദ്ദേഹവുമായി ജിദ്ദ കൊട്ടാരത്തില്‍ വെച്ചായിരുന്നു കാന്തപുരം കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ഇരുകൂട്ടരും വാചാലരായത് ഈ സമീപനത്തിന്റെ ഉദാഹരണമാണ്.
സഊദി രാജകുടുംബത്തില്‍പ്പെട്ട ഒരു ഉന്നത വ്യക്തിത്വവുമായി ഹുറൂബ് വിഷയത്തില്‍ ഇടപെടാന്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഭരണാധികാരിക്കും രാഷ്ട്രീയ നേതാവിനും സാധിക്കാതിരുന്ന വേളയിലാണ് കാന്തപുരം ഇക്കാര്യത്തില്‍ വാതില്‍ തുറന്നിരിക്കുന്നത്. ഇതിന്റെ തുടര്‍നടപടികളിലേക്ക് കടക്കേണ്ടത് ഭരണകൂടമാണ്. അതെങ്കിലും പ്രതീക്ഷിക്കാമോയെന്ന് സഊദിയിലെ പ്രവാസികള്‍ ചോദിക്കുന്നുവെങ്കില്‍ അതിനുത്തരം പറയേണ്ടത് വേഗത്തിലുള്ള നീക്കത്തിലൂടെ അധികാരികളാണ്.

 

 

Latest