Connect with us

Sports

സൂപ്പര്‍ യുനൈറ്റഡ്

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചാമ്പ്യന്‍മാരായി. ആസ്റ്റന്‍വില്ലയെ ഡച്ച് ്‌സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍ പഴ്‌സിയുടെ ഹാട്രിക്ക് മികവില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് യുനൈറ്റഡ് ഇംഗ്ലണ്ടില്‍ ഇരുപതാം തവണയും ചാമ്പ്യന്‍മാരായത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവരുടെ പതിമൂന്നാം കിരീടം. അലക്‌സ് ഫെര്‍ഗൂസന് കരിയറിലെ നാല്‍പത്തൊമ്പത്തെ കിരീടനേട്ടം. കഴിഞ്ഞ സീസണില്‍ ഗോള്‍ശരാശരിയുടെ മാത്രം ബലത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി പിടിച്ചെടുത്ത കിരീടം ഇത്തവണ യുനൈറ്റഡ് തിരിച്ചുപിടിച്ചത് ലീഗില്‍ നാല് മത്സരങ്ങല്‍ ശേഷിക്കെയാണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ പതിനാറ് പോയിന്റ് മുന്നില്‍ നിന്നു കൊണ്ടാണ് അവര്‍ ചാമ്പ്യന്‍മാരുടെ ആഹ്ലാദം പ്രകടിപ്പിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി 1-3ന് ടോട്ടനം ഹോസ്പറിനോട് പരാജയപ്പെട്ടതോടെ മാഞ്ചസ്റ്ററിന് കിരീടമുറപ്പിക്കാന്‍ ആസ്റ്റന്‍വില്ലക്കെതിരെ ജയം മതിയെന്നായി. കിരീടധാരണം നീട്ടിക്കൊണ്ടു പോകുവാന്‍ ഒട്ടും ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രണ്ടാം മിനുട്ടില്‍ തന്നെ വാന്‍ പഴ്‌സി ഗോളില്‍ യുനൈറ്റഡ് മുന്നിലെത്തി. പതിമൂന്നാം മിനുട്ടില്‍ വീണ്ടും ഗോള്‍. മുപ്പത്തിമൂന്നാം മിനുട്ടില്‍ ഹാട്രിക്ക്. മുപ്പത്തിനാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ യുനൈറ്റഡിന് 84 പോയിന്റായി. ശേഷിക്കുന്ന നാല് മത്സരങ്ങളും ജയിച്ചാല്‍ അവര്‍ക്ക് ചെല്‍സിയുടെ 95 പോയിന്റുകളുടെ റെക്കോര്‍ഡ് തകര്‍ക്കാം. 2004-05 സീസണിലാണ് ചെല്‍സി പോയിന്റ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ആഴ്‌സണലില്‍ നിന്ന് ഡച്ച് സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍ പഴ്‌സിയെ ടീമിലെത്തിച്ചതാണ് കിരീടം തിരിച്ചുപിടിക്കാന്‍ യുനൈറ്റഡിനെ സഹായിച്ചത്. ആസ്റ്റന്‍വില്ലക്കെതിരെ ഹാട്രിക്ക് നേടിയതോടെ 24 ഗോളുകളുമായി വാന്‍ പഴ്‌സി ടോപ്‌സ്‌കോറര്‍ സ്ഥാനത്തേക്കുയര്‍ന്നു. ഇംഗ്ലണ്ടില്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ സാധ്യതാ പട്ടികയില്‍ ഫേവറിറ്റായി വാന്‍ പഴ്‌സി ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ആഴ്‌സണലിന് കളിച്ച വാന്‍ പഴ്‌സി തന്നെയായിരുന്നു ടോപ് സ്‌കോറര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. 30 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ ഡച്ച് താരം നേടിയത്. 24 ദശലക്ഷം പൗണ്ടിനാണ് ആഴ്‌സണല്‍ സൂപ്പര്‍ സ്‌ട്രൈക്കറെ വിട്ടുനല്‍കിയത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് നല്‍കാതെ യുനൈറ്റഡ് കോച്ച് ഫെര്‍ഗൂസന്റെ താത്പര്യത്തിനാണ് ട്രാന്‍സ്ഫറില്‍ ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗര്‍ മുന്‍തൂക്കം നല്‍കിയത്. ചാമ്പ്യന്‍മാരായ ശേഷം ഫെര്‍ഗൂസന്‍ ഇക്കാര്യം സ്മരിക്കുകയും ചെയ്തു. താങ്കള്‍ പ്രതീക്ഷിക്കുന്നതിലും ഏറെ മിടുക്കനാണ് വാന്‍ പഴ്‌സിയെന്ന് വെംഗര്‍ പറഞ്ഞിരുന്നുവെന്ന് ഫെര്‍ഗൂസന്‍ പറഞ്ഞു. ആഴ്‌സണല്‍ കോച്ചിന്റെ വാക്കുകള്‍ അക്ഷരംപ്രതി ശരിവെക്കുന്നതായിരുന്നു യുനൈറ്റഡില്‍ വാന്‍ പഴ്‌സിയുടെ പ്രകടനം. ഓള്‍ഡ്ട്രഫോര്‍ഡിലെ കാണികള്‍ ചാമ്പ്യന്‍സ്..ചാമ്പ്യന്‍സ്…എന്നാര്‍പ്പുവിളിച്ച് ക്ലബ്ബ് വിജയം ആഘോഷിക്കുമ്പോള്‍ യുനൈറ്റഡ് ഡിഫന്‍ഡര്‍ റിയോ ഫെര്‍ഡിനാന്‍ഡ് നമ്പര്‍ 20! നമ്പര്‍ 20!…എന്ന വിസ്മയം ഏവര്‍ക്കും ചുണ്ടിക്കാണിച്ചു കൊടുത്തു- വാന്‍ പഴ്‌സിയിലേക്ക് ശ്രദ്ധ ക്ഷണിച്ചൊകൊണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇംഗ്ലണ്ടില്‍ ഇരുപതാം തവണ ചാമ്പ്യന്‍ പട്ടം നേടുമ്പോള്‍ ടീമിന്റെ നെടുംതൂണായ റോബിന്‍ വാന്‍ പഴ്‌സി ധരിച്ച ജഴ്‌സി നമ്പര്‍ 20 ആയിരുന്നു. വെയിന്‍ റൂണി ഫോം വീണ്ടെടുത്താണ് യുനൈറ്റഡിന്റെ വിജയത്തിന് മാറ്റ് കൂട്ടിയത്. വാന്‍ പഴ്‌സിയുടെ ലോകോത്തരമെന്ന് വിശേഷിപ്പിക്കപ്പെട്ട രണ്ടാം ഗോള്‍ റൂണി ഗണിച്ചു നല്‍കിയ പാസിലായിരുന്നു. സ്വന്തം ഹാഫില്‍ നിന്ന് റൂണി നല്‍കിയ ലോംഗ് പാസ് ബോക്‌സിന് പുറത്ത് വെച്ച് സ്വീകരിക്കാന്‍ നില്‍ക്കാതെ ഫസ്റ്റ് ടൈം ഷോട്ടില്‍ വല കുലുക്കി വാന്‍ പഴ്‌സി തന്റെ ക്ലാസ് അറിയിച്ചു. പ്രീമിയര്‍ ലീഗ് സീസണിലെ തന്നെ മികച്ച ഗോള്‍ എന്നാണ് കോച്ച് അലക്‌സ് ഫെര്‍ഗൂസന്‍ ഇതിനെ വിശേഷിപ്പിച്ചത്. വാന്‍ പഴ്‌സിയുടെ ഒന്നാമത്തെയും മൂന്നാമത്തെയും ഗോള്‍ റിയാന്‍ ഗിഗ്‌സിന്റെ ടച്ചിലായിരുന്നു. ഹാട്രിക് തികച്ചത് ആസ്റ്റന്‍ വില്ലയുടെ അമേരിക്കന്‍ ഗോളി ബ്രാഡ് ഗുസാനെയും കീഴടക്കിയിട്ടായിരുന്നു. കരിയറിലെ കന്നി പ്രീമിയര്‍ ലീഗ് കിരീടം നേടാനായതില്‍ വാന്‍ പഴ്‌സി സന്തുഷ്ടനാണ്. മൂന്ന് വര്‍,ഷം ഫെയനൂര്‍ദിലും എട്ട് വര്‍ഷം ആഴ്‌സണലിനും കളിച്ചപ്പോള്‍ ലഭിക്കാത്ത താരപരിവേഷമാണ് ഒരു സീസണ്‍ കൊണ്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് ഡച്ച് താരത്തിന് ലഭിച്ചിരിക്കുന്നത്. എന്റെ ആദ്യ കിരീടത്തിന് ഏറെ കാത്തിരിക്കേണ്ടി വന്നു – വാന്‍ പഴ്‌സി പറഞ്ഞു.
21 പ്രീമിയര്‍ ലീഗ് കിരീടങ്ങളില്‍ പതിമൂന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മേല്‍വിലാസത്തിലാക്കിയത് അലക്‌സ് ഫെര്‍ഗൂസന്‍ എന്ന പരിശീലകന്റെ പ്രതിഭാവിലാസമാണ്. വാന്‍ പഴ്‌സിയെ സ്‌ട്രൈക്കര്‍ പൊസിഷനില്‍ പ്രതിഷ്ഠിച്ച ഫെര്‍ഗൂസന്റെ തന്ത്രമാണ് ഇത്തവണ കിരീട ജയം സാധ്യമാക്കിയത്. ക്ലബ്ബ് ചരിത്രത്തിലെ ഇതിഹാസമായ എറിക് കന്റോണയോടാണ് ഫെര്‍ഗൂസന്‍ റോബന്‍ വാന്‍ പഴ്‌സിയെ ഉപമിക്കുന്നത്. 1986 ലാണ് ഫെര്‍ഗൂസന്‍ യുനൈറ്റഡിന്റെ പരിശീലകനാകുന്നത്. ആദ്യ സീസണില്‍ പതിനൊന്നാം സ്ഥാനം. അടുത്ത സീസണില്‍ ലിവര്‍പൂളിന് കീഴില്‍ റണ്ണേഴ്‌സപ്പ്. 1992-93 സീസണിലാണ് ആദ്യ പ്രീമിയര്‍ ലീഗ് കിരീടം യുനൈറ്റഡ് ജയിക്കുന്നത്. 1993-94, 1995-96, 1996-97, 1998-99, 1999-2000. 2000-01, 2002-03, 2006-07, 2007-08, 2008-09,2010-11, 2012-13 എന്നിങ്ങനെയാണ് യുനൈറ്റഡിന്റെ പതിമൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍.
ഫെര്‍ഗൂസന് കീഴില്‍ യുനൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍(1998-99, 2007-08), യൂറോപ്യന്‍ കപ് വിന്നേഴ്‌സ് കപ് (1990-91), ഇന്റര്‍കോന്റിനെന്റല്‍ (1999), ഫിഫ ക്ലബ്ബ് ലോകകപ്പ് (2008) സ്വന്തമാക്കി. അഞ്ച് എഫ് കപ്പുകള്‍, നാല് ലീഗ് കപ്പുകള്‍, പത്ത് കമ്മ്യൂണിറ്റി ഷീല്‍ഡുകള്‍ എന്നിവയും ഫെര്‍ഗൂസന്‍ യൂഗത്തില്‍ യുനൈറ്റഡ് സ്വന്തമാക്കി. ഇത്തവണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റയല്‍മാഡ്രിഡിനോട് പരാജയപ്പെടുകയായിരുന്നു.

Latest