Connect with us

National

ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ കൂടുതല്‍ സൈന്യത്തെ നിയോഗിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ 1500 വ്യോമ സൈനികരെക്കൂടി നിയോഗിക്കുന്നു. ചൈനീസ് സേന ഇന്ത്യന്‍ അതിര്‍ത്തി കടന്നുവന്ന് തമ്പടിക്കുന്നതിന്റെയും അതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം ശക്തമാക്കുന്നതിന്റെയും പശ്ചാത്തലത്തിലാണിത്. 12-ാം പ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വ്യോമ പരിശീലനം സിദ്ധിച്ച രണ്ട് പുതിയ ബറ്റാലിയന്‍ സൈനികരെ നിയോഗിക്കാനാണ് തീരുമാനം. കരസേനയുടെ പാരച്ച്യൂട്ട് റെജിമെന്റിന്റെ ഭാഗമായി വടക്കുകിഴക്കന്‍ അതിര്‍ത്തിയിലാണ് 1500 സൈനികരെ പ്രത്യേകം നിയോഗിക്കുന്നത്. ആകാശച്ചാട്ടം വഴി ചൈന നടത്തുന്ന നുഴഞ്ഞുകയറ്റങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും ഈ പുതിയ ബറ്റാലിയന് സാധിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ, മൂന്ന് ദിവസം മുമ്പ് ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമ അതിര്‍ത്തി ലംഘിച്ച് പറന്നുവെന്ന വെളിപ്പെടുത്തലുമായി സൈനിക നേതൃത്വം രംഗത്തെത്തി. ലേ മേഖലക്ക് തെക്ക് കിഴക്ക് ചുമാറിലാണ് ചൈനീസ് ഹെലികോപ്റ്ററുകള്‍ അതിക്രമിച്ച് കടന്നത്. കോപ്റ്റര്‍ ഭക്ഷണ പൊതികളും മറ്റും താഴേക്കിട്ടതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, ലഡാക്ക് മേഖലയില്‍ ചൈനീസ് സേന നിയന്ത്രണ രേഖ ലംഘിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ചൈന വ്യക്തമാക്കി. “ചൈനീസ് അതിര്‍ത്തി സേനകള്‍ ഉഭയകക്ഷി കരാറുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. നിയന്ത്രണ രേഖയിലെ ചൈനയുടെ ഭാഗത്താണ് സൈന്യം സാധാരണ നിലയിലുള്ള റോന്ത് ചുറ്റല്‍ നടത്തുന്നത്. അവര്‍ നിയന്ത്രണരേഖ മറികടന്നിട്ടില്ല” -ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ഹ്വ ഛുന്‍യിംഗ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ചൊവ്വാഴ്ച നടന്ന ഇരു രാജ്യങ്ങളുടേയും സൈനിക ഓഫീസര്‍മാരുടെ ഫഌഗ് മീറ്റിംഗിന് ശേഷം മുന്‍ സ്ഥിതി പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ചൈനീസ് സേന കടന്നുകയറി നിലയുറപ്പിച്ചിടത്ത് നിന്ന് പിന്‍വാങ്ങില്ലെന്ന സൂചന നല്‍ കുന്നതാണ് വിദേശ കാര്യ വക്താവിന്റെ പ്രസ്താവന.