Connect with us

National

ബംഗാളിലെ ചിട്ടിക്കമ്പനി തകര്‍ച്ച: ശാരദാ ഗ്രൂപ്പിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Published

|

Last Updated

കൊല്‍ക്കത്ത: ശാരദാ ഗ്രൂപ്പിന്റെ ചിട്ടിക്കമ്പനി തകര്‍ന്നതിനെ തുടര്‍ന്ന് കനത്ത പ്രതിഷേധം അലയടിക്കുന്നതിനിടെ, കമ്പനിയുടെ 35 ബേങ്ക് അക്കൗണ്ടുകള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. ശാരദാ ഗ്രൂപ്പ് ചെയര്‍മാനും എം ഡിയുമായ സുദീപ്ത സെന്നിന്റെയടക്കം കമ്പനിയുടെ 36 കാറുകള്‍ പിടിച്ചെടുത്തു. നാല് ഓഫീസ് കെട്ടിടങ്ങള്‍ കണ്ടുകെട്ടിയിട്ടുണ്ട്.
സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ തിങ്കളാഴ്ച മുതല്‍ നിക്ഷേപകരില്‍ നിന്ന് പരാതികള്‍ സ്വീകരിക്കും. അതേസമയം, സുദീപ്ത സെന്നിനെയും മറ്റ് രണ്ട് പേരെയും ജമ്മു കാശ്മീര്‍ കോടതി നാല് ദിവസത്തെ ട്രാന്‍സിറ്റ് റിമാന്‍ഡില്‍ ബംഗാള്‍ പോലീസിന് വിട്ടുകൊടുത്തു. കഴിഞ്ഞ ദിവസമാണ് സെന്നും കൂട്ടാളികളും കാശ്മീരില്‍ അറസ്റ്റിലായത്. അതിനിടെ, മൂന്ന് മാസത്തിനകം നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ ശാരദാ റിയാല്‍റ്റി ഇന്ത്യ ലിമിറ്റഡ്, സുദീപ്ത സെന്‍ എന്നിവര്‍ക്ക് സെബി നിര്‍ദേശം നല്‍കി. തങ്ങളുടെ അനുമതി കൂടാതെ ശാരദാ ഗ്രൂപ്പ് കൂടുതല്‍ ഓഫര്‍ പദ്ധതികള്‍ തുടങ്ങിയതായും സെബി അധികൃതര്‍ അറിയിച്ചു.

Latest