Connect with us

Gulf

ജെറ്റ് എയറിന്റെ 32 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ഇത്തിഹാദ് ഒരുങ്ങുന്നു

Published

|

Last Updated

ദുബൈ: യു എ ഇ സര്‍ക്കാരിന്റെ കീഴില്‍ അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമാനകമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സ് ഇന്ത്യന്‍ വിമാനകമ്പനിയായ ജെറ്റ് എയര്‍വെയ്‌സിന്റെ 32 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. 37.5 കോടി യു എസ് ഡോളര്‍ മുടക്കിയാണ് ഇത്തിഹാദ് ജെറ്റിന്റെ ഓഹരി സ്വന്തമാക്കുക.
ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചി(ബി എസ് ഇ)ല്‍ ജെറ്റ് എയര്‍വെയ്‌സ് അപേക്ഷ നല്‍കിയതായി കമ്പനി വൃത്തങ്ങള്‍ വെളിപ്പെടുത്തി. 754.74 ഇന്ത്യന്‍ രൂപ മൂല്യമുള്ള 2.73 കോടി ഇക്വിറ്റി ഷെയറുകള്‍ വില്‍പ്പന നടത്താനാണ് കമ്പനി ബി എസ് ഇയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഷെയര്‍ ഉടമകളുടെ അനുമതി കൂടി ലഭിച്ചാല്‍ ജെറ്റിന്റെ ഓഹരി ഏറ്റെടുക്കാനുള്ള ഇത്തിഹാദിന്റെ ശ്രമം വിജയിക്കും. ഷെയര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് ജെറ്റ് എയര്‍ ഒഹരി ഉടമകളുടെ അസാധാരണമായ യോഗം ചേരും.
ജെറ്റ് എയര്‍വെയ്‌സിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഷെയര്‍ വില്‍പ്പനക്ക് പച്ചക്കൊടി കാണിച്ച സ്ഥിതിക്കാണ് ഓഹരി ഉടമകളുടെ യോഗം വിളിക്കാന്‍ കമ്പനി ഒരുങ്ങുന്നത്. ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ഉള്‍പ്പെടെയുള്ളവ നേടേണ്ടതുണ്ടെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
ഇന്ത്യന്‍ വിമാന കമ്പനികളില്‍ 49 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കുമെന്ന കഴിഞ്ഞ വര്‍ഷം സെപ്തംബറിലെ ഇന്ത്യാ ഗവണ്‍മെന്റിന്റെ തീരുമാനമാണ് ജെറ്റ് എയര്‍വെയ്‌സ് പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നത്.

Latest